ആശാനും പാപ്പനും

ഈ അക്ഷരങ്ങള്‍ എന്നെ പഠിപ്പിച്ച ആശാനാണു കുഞ്ചു ആശാന്‍…

ശരീരംകൊണ്ട് കുറിയതാണെങ്കിലും അടിക്കോന്നും ഒരു കുറവുമില്ലാ…

‘കളരിയില്‍’ ആരെ അടിച്ചില്ലെങ്കിലും എനിക്ക്‌ ഒരെണ്ണം തന്നില്ലെങ്കില്‍ ആശാനൊരു സമാധാനവും ഇല്ലാത്ത പോലാണു അടിയുടെ വരവ്‌.

അതെങ്ങനാ പഠിപ്പിച്ച്‌ വിടുന്നത്‌ വള്ളി പുള്ളി തെറ്റാതെ പഠിച്ചോണ്ടുവരുവല്ലേ  റോബിനും റെബിനും.

‘ഓലപിടുത്തം ‘ കഴിഞ്ഞപ്പോള്‍ ഏറ്റവും സന്തോഷിച്ചത്‌ ഞാനാകും….

ഇനി ആശാണ്റ്റെ അടി കൊള്ളേണ്ടതില്ലല്ലോ??

വീടിനടുത്തൂടെ പോകുബോള്‍ വീട്ടില്‍കയറി വിശേഷങ്ങൾ  തിരക്കുക ആശാനൊരു പതിവായിരുന്നു.

ആശാനെ പ്രത്യേകം ബഹുമാനിക്കണം എന്നാണു മമ്മി പറഞ്ഞുതന്നിരിക്കുന്നത്‌.

ആയതിനാല്‍ ആദരവോടെ തന്നായിരുന്നു എണ്റ്റെയും പെരുമാറ്റം.

അടി കിട്ടിയാലെന്താ വേറെ ഏത്‌ വിഷയത്തിനു ഞാന്‍ തോറ്റാലും ‘മലയാളം’ ജയിക്കുമായിരുന്നു.

പപ്പക്ക്‌ ഏറെ ഇഷ്ടപ്പെട്ടതായിരുന്നു ‘കാജാ ബീഡി’;

കളിച്ചുകോണ്ടിരിക്കുബോള്‍ ബീഡി വാങ്ങിക്കാന്‍ പറഞ്ഞു വിടുബോള്‍ ബീഡി കണ്ടുപിടിച്ചവനെ ‘വെടി വെച്ച്‌’ കൊല്ലണമെന്ന്‌ തോന്നിയിട്ടുണ്ട്‌.

പിന്നെ ചില്ലറക്ക്‌ മിഠായി വാങ്ങിക്കാമല്ലൊ എന്നൊര്‍ത്ത്‌ ‘കൊല്ലാതെ’ വിടും.

അങ്ങനെ ഒരിക്കല്‍ ബീഡി വാങ്ങിക്കാന്‍ പോയ ഞാന്‍, കടയില്‍ വെച്ച്‌ ആശാനേയും കണ്ടുമുട്ടി.

ആശാനും കൂറ്റാലി പാപ്പനും എന്തോ ‘വലിയ വലിയ’ കാര്യങ്ങള്‍ ചര്‍ച്ചയിലാണു.

ആശാന്‍ പറഞ്ഞതെന്തോ തെറ്റാണെന്ന്‌ പറഞ്ഞ്‌ ചിരിച്ച കൂറ്റാലിപാപ്പനെ നോക്കി ഞാന്‍ കുഞ്ഞമ്മണി സാര്‍ ഈണത്തില്‍ ചൊല്ലി പഠിപ്പിച്ച ‘ ആശാനക്ഷരം ഒന്നു പിഴച്ചാല്‍ അന്‍പതൊന്നു പിഴക്കും ശിക്ഷ്യനു’ എന്ന രണ്ടു വരി അങ്ങു ചൊല്ലി. 

ഇവനെ ഞാന്‍ പഠിപ്പിച്ചതാ, മിഠുക്കനാ…” എന്നു ആശാന്‍ പറഞ്ഞപ്പോള്‍ വലിയ ഗമക്ക്‌ തന്നെ ബീഡിയും മിഠായിയും വാങ്ങിച്ച്‌ പോന്നു.

കൂറ്റാലി പാപ്പന്‍ വീട്ടിലേക്കുള്ള യാത്രയില്‍ മമ്മിയോട്‌ ഈ കാര്യം പറയാനും മറന്നില്ല.

മമ്മിയുടെ വിളികേട്ടപ്പൊഴെ എന്തൊ പന്തിയല്ലെന്നു മനസ്സിലായി…

എങ്കിലും ഓടിച്ചെന്ന എന്നെകാത്ത്‌ ആശാണ്റ്റെ വീടുവരെയുള്ള അടിയുടെ ഒരു ‘ഘോഷയാത്ര’ തന്നായിരുന്നു.

വാല്‍ക്കഷ്ണം : കുഞ്ചന്‍ നബ്യാര്‍ക്കൊക്കെ എന്തും പറയാം.. ഞാന്‍ അതൊന്നു ആശാനോടു പറഞ്ഞതാ പ്രശ്നമായെ…. പഠി ച്ചതോന്നും അങ്ങനെ വിളിച്ച്‌ പറയാന്‍ പാടില്ലെന്നേ……

©Lajeev Kalappattil