പാവം പൂവൻ കോഴി ……
വെളുപ്പാന്‍ കാലം മുതലുള്ള ‘എഴുനേല്‍ക്കടാ..’ എന്ന മമ്മി യുടെ വിളിയില്‍ ഞാന്‍ താളം കണ്ടെത്തി കിടക്കും, അടി കിട്ടുന്നതുവരെ….
ദീപ ചേച്ചിയെ പരിചയപ്പെടാം… എണ്റ്റെ അഛണ്റ്റെയും അമ്മയുടെയും മൂത്ത മകള്‍.. ഇളയത് ദിലീപ് ചേട്ടായിയും …
തെറ്റിദ്ധരിക്കേണ്ട .. ചെറുപ്പം മുതല്‍ അവര്‍ ‘അച്ഛൻ ’,‘അമ്മ’ എന്നു വിളിക്കുന്നതു കേട്ടുവളര്‍ന്നതിനാല്‍ ഞാനും അവരെ അങ്ങനെ തന്നെ വിളിച്ചു….
പപ്പയും മമ്മിയും കൂടാതെ എനിക്കുള്ള അച്ഛനും അമ്മയും….
അവര്‍തന്നെയാണു എണ്റ്റെ ഏറ്റവും അടുത്ത അയല്പക്കവും…. ഒരു ‘വിളിപ്പാടകലെ’ എന്നു പറയുംപോലെ …
ആ അമ്മയോടോപ്പം ഉത്സവങ്ങള്‍ക്കും വഴിപാടുകള്ക്കുമെല്ലാം അമ്പലങ്ങളില്‍ പോകാറുണ്ട്…
ചോറ്റാനിക്കര അമ്പലത്തില്‍ ഉത്സവത്തിനു പോയപ്പോള്‍ അമ്മ ഒരു ‘പ്രിസം’ (വളപ്പോട്ടുകള്‍ നിറച്ച് അകാശത്തില്‍ നക്ഷത്രങ്ങളെ കാണുന്ന പോലെ രസിപ്പിക്കുന്ന ഒരു സാധനം , പേരു ഞാന്‍ മറന്നു) വാങ്ങിത്തന്നു.
തൊഴുത് കഴിഞ്ഞിറങ്ങിയപ്പോള്‍ ഓഡിറ്റോറിയത്തിലെ ശബ്ദം കേട്ട് അവിടേക്ക് പോകാം എന്നു ഞാന്‍ നിര്‍ബന്ധിച്ചു.
‘ചാക്യാര്‍ കൂത്താണു,ഒന്നിനും കൊള്ളില്ല, നമുക്ക് വീട്ടിലേക്ക് പോകാം’എന്ന് അമ്മ പറഞ്ഞിട്ടും ഞാന്‍ അവിടേക്ക് തന്നെ നടന്നു… പുറകെ അമ്മയും.
പുറകില്‍ ഇരുന്ന അമ്മയൊടു ചോദിച്ച് ഞാന്‍ മുന്‍ നിരയിലേക്ക് നടന്നു ചെന്നപ്പോള്‍ ചാക്യാര്‍
‘ദേ, ഒരു കോശവന്‍ നടന്നുവരുന്നു, വഴി മാറിക്കേ.. ‘
എന്നു പറഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി ഈ ചാക്യാര്‍കൂത്ത് ഒന്നിനും കൊള്ളില്ല എന്ന്.
പിറ്റേദിവസം സ്കൂളില്‍ ‘പ്രിസം’ കാണിച്ച് ഗമ കാണിച്ചപ്പോഴും ചാക്യാര്‍കൂത്തിണ്റ്റെ കാര്യം ഞാന്‍ മിണ്ടിയില്ല.
എന്നെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതും തിരിച്ച് കോണ്ടുവരുന്നതും ദീപചേച്ചിയായിരുന്നു.
പ്രായത്തില്‍ ആറുവയസ്സിനു മൂത്തതാണെങ്കിലും എണ്റ്റെ കയ്യിലിരുപ്പുകോണ്ടും ചേച്ചിയുടെ കയ്യില്‍ ഞാന്‍ ഇരിക്കാത്തതുകൊണ്ടും വഴക്കിടാത്ത ദിവസങ്ങള്‍ കുറവായിരുന്നു.
എന്തൊക്കെയാണെങ്കിലും ചേച്ചിക്ക് ഞാനും എനിക്ക് ചേച്ചിയും പ്രീയപ്പെട്ടവരായിരുന്നു
ദീപ ചേച്ചിക്ക് കുറെ കോഴികള്‍ ഉണ്ട്, പൂവനായിട്ടും പിടയായിട്ടും…
ചേച്ചിയേക്കാള്‍ ജീവനായി അതിനെ വളര്‍ത്തുന്നു.
എന്നാല്‍ എണ്റ്റെ ഏറുകിട്ടാത്ത ഒരു കോഴിയും അതിലില്ല ..
ഞങ്ങളുടെ വീടുകള്‍ ക്കിടയിലെ ‘തോണ്ട്’ (ഇടവഴി) ചാടികിടക്കുന്ന കോഴിയെ, നിലത്ത് തൊടുന്നതിനു മുന്‍പെ കല്ലെറിഞ്ഞ് തിരികെ അയക്കുക എന്നത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള ‘പരിപാടി’ ആയിരുന്നു.
അങ്ങനെ ഇന്നലെ വൈകുന്നേരം ഞാന്‍ ഒരു പൂവനെ എറിഞ്ഞിരുന്നു. ആ പൂവന് രാവിലെ തൊണ്ടില്‍ ‘ഇഹലോകവാസം’ വെടിഞ്ഞ് കിടക്കുന്നത് കണ്ടതിണ്റ്റെ അലര്‍ച്ചയായിരുന്നു ഇന്നെന്നെ ഉണര്‍ത്തിയത്.
ഉറക്കത്തില്‍ നിന്ന് മോചിതനായിട്ടില്ലെങ്ങിലും ഞാന്‍ അപ്പുറത്തെ പറമ്പും കഴിഞ്ഞിരുന്നു…..
സംരക്ഷിക്കേണ്ടവർ തന്നെ സംഹാരകര്‍ ആയപ്പോള്‍ കുറെ നല്ല ഓര്‍മ്മകള്‍ ബാക്കിയാക്കി ആ ചേച്ചിയും യാത്രയായി….
Thank you for reading malayalam blogs Kalappadan