ഞാന്‍ എന്തു പിഴച്ചു….

വേനല്‍ക്കാലമായാല്‍ വീട്ടിലെ കിണര്‍ പണിമുടക്കിലാണു.

യൂണിയന്‍ ഒന്നും ഇല്ലെങ്കിലും പണിമുടക്കില്‍ തൊട്ടടുത്ത കിണറുകളും പങ്കുചേരും.

മണിയണ്റ്റെ കിണര്‍ ആയിരുന്നു അവിടങ്ങളിലെ ഏക പ്രതിപക്ഷം.

കുടിവെള്ളത്തിനായി അപ്പോള്‍ ആ കിണറായിരുന്നു ആശ്രയം. ഇതര ആവശ്യങ്ങള്‍ക്ക്‌ സര്‍ക്കാര്‍ വക പൊതു പൈപ്പും (ഇടക്കിടെ ‘കാറ്റ്‌’ മാത്രം ആണെങ്കിലും).

വീട്ടില്‍ മമ്മിയെ സഹായിക്കാന്‍ പെണ്‍ മക്കള്‍ ഇല്ലാത്തതിനാല്‍ (ഇക്കാലത്തെ പെണ്‍ കുട്ടികളുടെ കാര്യം എന്തോ എനിക്കറിയില്ല :P ) ആ സഹായം ചെയ്തിരുന്നത്‌ ഇളയ മകനായ ഞാന്‍ ആയിരുന്നു.

ഇടക്കിടെ പോയി പലഹാരങ്ങള്‍ എടുത്താല്‍ വഴക്കും അടിയും കിട്ടും, എന്നാല്‍ മമ്മിയെ സഹായിക്കുന്നതിനിടയിലാകുബൊള്‍ മമ്മി കണ്ണടക്കുമെന്നുള്ള ദുരുദ്ദേശം അല്ലായിരുന്നോ എന്ന്‌ ചോദിക്കരുത്‌ (എന്താണെങ്കിലെന്താ ഇന്ന്‌ അതുകൊണ്ട്‌ ചാണ്ടി ഒക്കെ വായ്ക്ക്‌ രുചിയുള്ള ഭക്ഷണം കഴിക്കുന്നില്ലെ??)

അങ്ങനെ ഒരു വേനല്‍ക്കാലം ആഗതമായി…

പതിവുപോലെ കിണറുകളുടെ പണിമുടക്കും.

വൈകുന്നേരങ്ങളില്‍ മമ്മിക്കും ദീപചേച്ചിക്കും ഒപ്പം ഞാനും കുഞ്ഞിക്കുടവുമായി (മൂനാം ക്ളാസ്സില്‍ പഠിക്കുന്ന ചെക്കന്‍ കുഞ്ഞി കുടമൊക്കെ എടുത്താമതി..ഹോ..) മണിയണ്റ്റെ വീട്ടിലേക്ക്‌ വെള്ളം കോരാന്‍ പോകും.

ആ കിണറിനോട്‌ ചേര്‍ന്ന്‌ ഒരു ചെങ്കല്ല്‌ വെട്ടുന്ന മട ഉണ്ടായിരുന്നു. മണിയണ്റ്റെ അച്ഛന്‍ രാഘവേട്ടനും നാരായണേട്ടനും ഒക്കെ കല്ലു വെട്ടുന്നത്‌ അവിടെയാണു.

വെട്ടിയ കല്ലിനെ ചെത്തി മിനുസ്സപ്പെടുത്തുന്നത്‌ കാണാന്‍ നല്ല രസമാണു.

അവര്‍ വെള്ളം കോരുന്ന സമയത്ത്‌ ഞാന്‍ ഇത്‌ മടയുടെ മുകളില്‍ ഇരുന്ന്‌ കാണും.

വെള്ളം നിറച്ചുകഴിഞ്ഞാല്‍ കുഞ്ഞിക്കുടവുമായി ഞാന്‍ വീട്ടിലേക്ക്‌ ഓടും.

വീട്ടില്‍ എത്തുബോഴേക്കും വെള്ളം പകുതി തീര്‍ന്നിരിക്കും. വീണ്ടും ഓടിവരും, കല്ലുവെട്ടുന്നത്‌ കാണാന്‍. 

ഒരിക്കല്‍, അങ്ങനെ കല്ലുവെട്ട്‌ മടയുടെ മുകളില്‍ നിന്ന്‌ ആസ്വദിച്ച്‌ കണ്ടുകൊണ്ടിരുന്ന എന്നോട്‌ ഞാന്‍ താഴെക്ക്‌ വീഴുമെന്ന പേടിയില്‍ നാരായണേട്ടന്‍ മാറി നില്‍ക്കാന്‍ പറഞ്ഞു.
 
അത്‌ കേട്ട ഭാവം നടിക്കാതെ മുഴുവന്‍ ശ്രദ്ധയും ചെത്തുന്ന കല്ലില്‍ നല്‍കി ഞാന്‍ നിന്നു.
 

 

അങ്ങനെ ആസ്വദിച്ച്‌ കണ്ടുകൊണ്ടിരിക്കെ ഞാന്‍ ചവിട്ടി നിന്ന ഒരു സോപ്പ്‌ പെട്ടിയോളം വലുപ്പമുള്ള കല്ല്‌ അടര്‍ന്ന്‌ നാരായണേട്ടണ്റ്റെ തലയില്‍ വീണു.

 

 
തല പൊട്ടി ചോര വരുന്നത്‌ കണ്ടപ്പോഴെ കുടം നിറയാനൊന്നും നില്‍ക്കതെ ഞാന്‍ വീട്ടിലേക്ക്‌ ഓടി.
 
എണ്റ്റെ ഓട്ടം കണ്ട മറ്റുള്ളവരുടെ ധാരണ ‘മാറി നില്‍ക്കാന്‍’ പറഞ്ഞ നാരായണേട്ടനോടുള്ള ദേഷ്യത്തിനു തലയിലേക്ക്‌ കല്ലെറിഞ്ഞ്‌ ഓടിയതാണെന്നാണു.
 

 

പുറകെ വന്ന മമ്മി എണ്റ്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം പോലും തരാതെ അച്ചാലും മുച്ചാലും അടി തുടങ്ങിയിരുന്നു.

കാലം ഏറെ കഴിഞ്ഞും നാരായണേട്ടന്‍ എന്നെ കാണുബോള്‍ തലയിലെ ആ പാടില്‍ കൈ വെക്കുമായിരുന്നു….

ഒരു പുഞ്ചിരിയോടെ……

©Lajeev Kalappattil

 Thank you for reading malayalam blogs Kalappadan