പതിവുപോലെ അന്നും അലാറം കൃത്യസമയത്ത് തന്നെ വിളിച്ചുണര്‍ത്തി ..
A .C യുടെ തണുപ്പില്‍ പുതച്ച് മൂടി കുറച്ചുകൂടി കിടന്നുറങ്ങണമെന്നുണ്ട്..
പക്ഷെ ഓഫീസില്‍ പോകണമല്ലോ … ഇനിയും എഴുന്നേല്ക്കാന് വൈകിയാല്‍ പരേഷിന്റെ ഫ്ലാറ്റ് വരെയും ഓടേണ്ടിവരും..
മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു ….
പരേഷിന്റെ കൂടെ കാറിലാണ് ഓഫീസിലേക്കുള്ള യാത്ര… കുളിച്ചൊരുങ്ങി അവിടേക്ക് നടന്നു..
എന്നും കണ്ടു മുട്ടാറുള്ള മുഖങ്ങള്‍ ..
ബാങ്കില്‍ ജോലിചെയ്യുന്ന കുടവയറന്‍ അങ്കിള്‍ …
സുന്ദരിയായ നോര്‍ത്ത് ഇന്ത്യന്‍ ചേച്ചി…
ഒരു കൈക്കുഞ്ഞുമായി എന്നും ഉന്തുവണ്ടിയില്‍ എനിക്ക് മുന്‍പേ പോകുന്ന മറ്റൊരു ചേച്ചി…
അങ്ങനെ അങ്ങനെ …
ചൂട് പതിവിലും കൂടുതലാണെന്നു തോന്നുന്നു . 2 മിനിറ്റ് നടന്നപ്പോഴേ വിയര്‍ത്തു തുടങ്ങി…5 മിനിറ്റ് കൂടി നടക്കണം പരേഷിന്റെ ഫ്ലാറ്റ്നു താഴെയെത്താന്‍… ആകെ കൊള്ളുന്ന വെയില് ഈ 7 മിനിറ്റ് യാത്രയിലാണ് ..
എങ്കിലും അത് തന്നെ അസഹനീയമാണ്.. അപ്പോള്‍ പകലന്തിയോളം ഈ പൊരി വെയിലില്‍ ജോലി ചെയ്യുന്നവരെ ഓര്‍ത്താല്‍ ??
മറ്റുള്ളവര്‍ക്കായ് ജീവിച്ച് തീരുന്ന ഇവരെയൊക്കെ ആരെങ്ങിലും ഓര്‍ക്കുന്നുണ്ടാകുമോ ? ..
വഴിയരികില്‍ അന്ന് മറ്റൊരു പുതുമുഖത്തെ കൂടി കണ്ടു മുട്ടി…
ഒരു സൂര്യകാന്തി പൂവ്…
ഒരു ഫ്ലാറ്റ്നു താഴെ ആരോ നട്ടു വളര്‍ത്തിയ ചെടിയില്‍ വലിയൊരു സൂര്യകാന്തി പൂവ് വിരിഞ്ഞിരിക്കുന്നു…
അല്പം അതിശയത്തോടെ തന്നെ ഞാന്‍ അതിനെ നോക്കി ..
ഈ കൊടും ചൂടില്‍ എങ്ങനെ ഈ പൂവിരിഞ്ഞു ??
മനസ്സില്‍ ശരിക്കും ഒരു കുളിര്‍മ്മ .. അതിശയം അപ്പോഴും ബാക്കി…
അത്രയും സുന്ദരിയാണ് ആ പൂവ് …
ഇനിയും നോക്കി നിന്നാല്‍ ഓഫീസില്‍ എത്താന്‍ വൈകും… എങ്കിലും ഒരു ഫോട്ടോ എടുക്കണം എന്നുണ്ടായിരുന്നു…
പക്ഷെ നാളത്തേക്ക് മാറ്റി ഞാന്‍ വീണ്ടും നടന്നു…
യാത്രയില്‍ എന്റെ ചിന്ത ഇപ്പോഴും ആ പൂവിനെ ചുറ്റി പറ്റി ആയിരുന്നു …
ആരാണ് അത് നാട്ടു വളര്‍ത്തിയത്… ?
ഈ മരുഭൂമിയില്‍ അതിനു ആരാണ് വെള്ളം ഒഴിച്ചത് … ?
അദ്ദേഹം അറിഞ്ഞിരുന്നോ, ചുട്ടു പൊള്ളുന്ന മണലിലും ആ ചെടിയില്‍ പൂ വിടരുമെന്ന് ?
അതോ അദ്ദേഹം ആ പൂവിനു പറ്റിയ രീതിയില്‍ ആ മണ്ണിനെ മാറ്റിയെടുക്കുകയായിരുന്നോ ?
ഏറെ പ്രതീക്ഷകളുമായി ഒരു ലക്ഷ്യത്തിലേക്ക് ഇറങ്ങിതിരിക്കുന്ന ഏതൊരുവനും ഒരു വലിയ പാഠമായിരുന്നു ആ സൂര്യകാന്തിപ്പൂവും അദ്ദേഹവും …എനിക്കും …
ഒരു ഉറപ്പുമില്ലാതെ … സാഹചര്യങ്ങള്‍ അനുകൂലമല്ലാതെ …
ഒരു ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന യാത്ര …അതുപോലെ തന്നെ ആയിരിക്കുമല്ലോ അദ്ദേഹവും ആ ചെടിനട്ടത്…
ഒരു പുല്‍നാമ്പുപോലും ഇല്ലാത്ത ഒരിടം..
വെള്ളം ഒഴിച്ചു… തളിര്‍ക്കും എന്ന പ്രതീക്ഷയോടെ …
ചുട്ടുപൊള്ളുന്ന വെയിലില്‍ എത്രയോ തവണ ആ കുഞ്ഞു ചെടിയും വാടി ഉണങ്ങിയിട്ടുണ്ടാകാം ..
എങ്കിലും അയാള്‍ വെള്ളമൊഴിച്ചു…
ചെടി തളിര്‍ത്തു ..
വലുതായി ..
നീണ്ട കാത്തിരുപ്പിനോടുവില്‍ ഒരു സുന്ദരിയായ പൂവ്..
പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ പലപ്പോഴും നമ്മുടെ ലക്ഷ്യം തന്നെ മറന്നേക്കാം… യാത്ര പാതി വഴിയില്‍ ഉപേക്ഷിച്ചേക്കാം … അയാള്‍ ആ പരിശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നെങ്ങില് ?
പല ദിവസവും എന്റെ യാത്രയില്‍ ഊര്‍ജ്ജം പകരാന്‍ ആ സൂര്യകാന്തി പൂവില്ലതാകുമായിരുന്നു ..
മറ്റൊരു ദിവസത്തെ പരേഷിന്റെ ഫ്ലാറ്റ് നു താഴേക്കുള്ള യാത്രയില്‍ കണ്ടത്..
ആരോ.. ചെടിയോടെ അതിനെ പിഴുതു കളഞ്ഞിരിക്കുന്നു …
അങ്ങനെ ഒരു ചെടി അവിടെ നിന്നിരുന്നു എന്ന് പോലും തിരിച്ചറിയാത്തവണ്ണം …
അതും എനിക്ക് മറ്റൊരു പാഠമായിരുന്നു….
©Lajeev Kalappattil
Thank you for reading malayalam blogs Kalappadan