വെളുക്കാന്‍ തേച്ചത്

ഞാന്‍ ലെജി , വയസ്സ് 29 ഉം ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും… കല്യാണം കഴിച്ചിട്ടില്ല….. ഇത്‌ എന്ത് പറ്റി ഇവന് എന്ന് ആലോചിച്ച് തല പുകയണ്ട…

ഞാന്‍ പറയുന്ന അനുഭവവും എന്റെ പ്രായവും തമ്മില്‍ ചക്കരയും ഈച്ചയും പോലെ ഒരുബന്ധം ഉണ്ട്‌ …
അങ്ങനെ ചേട്ടായിയുടെ കല്യാണം വന്നെത്തി…..
എന്റെ Annual leave ഒരു മാസം നേരത്തേ ആക്കി ഞാനും നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തില്‍ ….
വളരെ ആകാംഷയോടെയാണ് നിശ്ചയവും കല്യാണ ദിവസവും സ്വപ്നം കണ്ടത്‌…
ആകെ ഉള്ള അനിയന്‍ അല്ലേ.. ശരിക്കും ആഘോഷിക്കണം ദിവസങ്ങള്‍….അത് തന്നെയും അല്ല…. അടുത്ത ഊഴം എന്റെ ആണല്ലോ…
വിവാഹ മാര്‍ക്കറ്റിലേക്ക് വലതുകാല്‍ എടുത്ത് വെക്കാനായി ഇരിക്കുന്ന ഒരു യുവാവ്…. എന്താ യുവാവ് എന്ന് പറഞ്ഞപ്പോ ഒരു ഓക്കാനം വരുന്നേ….
നാട്ടില്‍ കേന്ദ്രം ആ വിശേഷണത്തിനുള്ള പ്രായപരിധി പുതുക്കി എന്ന് കരുതി ഇവിടെ അറബികള്‍ ഇപ്പോഴും അളക്കുന്നത് പഴയ സ്കായിലില്‍ തന്നാണ്…
നിങ്ങള്‍ അതും ഇതും ചോദിച്ചു വിഷയത്തില്‍ നിന്ന് ശ്രദ്ധ തെറ്റിക്കാതെ…
അതെ… കല്യാണത്തിന് ചേട്ടന്‍ കഴിഞാന്ല്‍ അടുത്ത ശ്രദ്ധാകേന്ദ്രം അനിയന്‍ ആണല്ലോ…..
അത് തന്നെയും അല്ല പ്രശ്നം .. ചേട്ടായിയുടെ പെണ്ണുകാണല്‍ മുതല്‍.. ഈ അനിയന്റെ പേരും പ്രസിദ്ധമാണ് …
അനിയന്റെ ലീവ് നോക്കിയെ കല്യാണം വെക്കാന്‍ പറ്റൂ… ഡ്രസ്സ്‌ എടുക്കന്ന്ത്‌ അനിയന്‍ വന്നിട്ട് മതി …
അങ്ങനെ…. അങ്ങനെ …. നാട്ടില്‍ അനിയനെ ഒരു സംഭവം ആക്കി വെച്ചിരിക്കുക ആണല്ലോ…
.2 കിലോ എന്തെങ്കിലും പോക്കറ്റില്‍ ഇട്ടു ത്രാസ്സില്‍ നിന്നാലേ ഞാന്‍ 60 കിലോ തികയത്തുള്ളൂ….ആ … ഞാന്‍… എങ്ങനെ ഒരു സംഭവം ആക്കും എന്നതായിരുന്നു എന്റെ ചിന്തകള്‍….

പൊക്കം.. അതുപിന്നെ ശരാശരി ഇന്ത്യാക്കാരന്റെ ഉള്ളതിനാല്‍ അത് പേടിക്കണ്ട…
കുറച്ചു വണ്ണം കൂട്ടാം എന്ന് വിചാരിച്ചാല്‍.. പത്ത്‌ .. മുപ്പത്‌… അല്ല, കുറെ വര്‍ഷങ്ങള്‍ അയി പറ്റാത്തത്‌ എങ്ങനെ 2..3 ആഴ്ച കൊണ്ട പറ്റും… എങ്ങിലും ആത്മ സംതൃപ്തിക്ക് വേണ്ടി ഒരു ശ്രമം നടത്താമെന്നുവെച്ചാലും … കഴിഞ്ഞ ഒരു ആഴ്ചയായി മാറാത്ത പനി എന്നെക്കൊണ്ട് പോക്കറ്റില്‍ ഇനിയും ഭാരം ഇടീക്കും എന്നാണു തോന്നുന്നേ….
പനി ഒരു വിധം ശമിച്ചു…. ജലദോഷം മാറിയിട്ടില്ല…. പോകുന്നതിനു മുന്‍പേ മാറ്റിയെടുക്കാനായി.. ഒന്നുവീതം അഞ്ചും- ആറും നേരം മുടങ്ങാതെ ആവിപിടിക്കുന്നു….
രക്ഷയില്ല…ഒടുവില്‍ മരുന്ന് വാങ്ങി… മരുന്നും ഫലം ചെയ്യുന്നില്ല… ഒരു tissue box വേണം ഒരു ദിവസം….
അപ്പോഴാണ്‌ മനസിലേക്ക് ആ ചിന്ത കടന്നുവന്നത്…
പണ്ട് മുള്ളന്‍ പന്നിയുടെ മുടി പോലെ ഇരുന്ന എന്റെ മുടി… നല്ല നീളത്തില്‍ നിര്‍ത്തുന്നത്‌ കൊണ്ട് ഒരു വിധം ….ഒരു വിധം അല്ല… നന്നായി തന്നെ ഒതുങ്ങി നില്‍ക്കും..
ബാര്‍ബര്‍ ഷോപ്പില്‍ ചെല്ലുമ്പോള്‍ ഓരോരുത്തര്‍ മുടി straight ആക്കാന്‍ വരുന്നത് കാണുമ്പോള്‍ എനിക്ക് ചിരി വരും … straight ആയതിന്റെ വിഷമം ഞാന്‍ അനുഭവിക്കുന്നതോര്ത്…
പിന്നെ.. ആ മുടിയുടെ തൂക്കം നിങ്ങള്‍ മുന്നേ തൂക്കിയതില്‍ നിന്ന് കുറക്കാനോന്നും നിക്കണ്ട….
ഈ മുടി ഇങ്ങനെ നില്‍ക്കുന്നത്‌ കൊണ്ട് ആണോ ജലദോഷം മാറാത്തത് എന്നോര്‍ത്ത് അലപം നീളം കുറച്ച കളയാം എന്ന് തീരുമാനിച്ചു ….
ആസ്ഥാന ബാര്‍ബര്‍ …ഫൈസല്‍… നാട്ടിലായതിലാല്‍ .. കിട്ടുന്ന ആളെ കൊണ്ട് മുടി വെട്ടിക്കാം എന്ന് തീരുമാനിച്ചു… ഒരുത്തനെ കിട്ടി… അവനോടു അല്പം നീളം കുറച്ചേക്കാന്‍ പറഞ്ഞു… മുടി വെട്ടി ഇറങ്ങിയ എനിക്ക് തലക്കു മുകളില്‍ ഒരു ബ്രേഷ്‌ ഇരിക്കുന്ന പോലെ ആണ് തോന്നിയത്‌….
ഇതോടെ ‘സംഭവ’ ത്തിന്‍റെ കാര്യത്തില്‍ ഒരു തീരുമാനം ആയി ….
അങ്ങനെ നാട്ടില്‍ എത്തി… കല്യാണത്തിന്റെ തിരക്കുകള്‍….ഒടുവില്‍ കല്യാണ നിശ്ചയത്തിന്റെ തലേ ദിവസം …..
ചേട്ടായിയുടെ മുഖം Facial ചെയ്യാനായി ..വീടിനടുത്തുള്ള ഏലിയാസ് എത്തി… അവന്‍ ഏറണാകുളത്ത് ആണ് ജോലി ചെയ്യുന്നത്… സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് ഒക്കെ ആണ് ഇപ്പൊ Facial ചെയ്തു കൊടുക്കുന്നത് എന്നൊക്കെ ആണ് … അവന്‍ .. പറഞ്ഞത്…
ഇത് കേട്ടതും… എന്‍റെ മുടിയില്‍ പോയ കുറവ്‌ മുഖത്ത് ശരിയാക്കാം എന്ന് മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി…..
എന്നാല്‍ ചേട്ടായിയുടെ കഴിയുമ്പോള്‍ നീ എന്‍റെ കൂടി ഒന്ന് ചെയ്തോളു…. എന്ന് ഞാനും പറഞ്ഞു….
അങ്ങനെ ചേട്ടായിയുടെ മുഖം കഴിഞ്ഞതും എന്നെ ദിവാന്‍ കോട്ടില്‍ നീളത്തില്‍ കിടത്തി… ഒരു ഒന്നൊന്നര മണിക്കൂര്‍……
ഇത്രയും പുട്ടിയിടാനും മാത്രം കുഴിയൊന്നും എന്‍റെ മുഖത്ത് ഇല്ലല്ലോ…അതുമല്ല നാട്ടില്‍ വന്ന ഉടനെ കണ്ടവര്‍ ഒക്കെ … ക്ഷീണിച്ചു പോയിട്ടോ … എങ്ങിലും വെളുത്തിട്ടുണ്ട് ….. എന്ന് പറഞ്ഞതൊക്കെ ഓര്‍മ്മ വന്നു….
ആ… ദിലീപിനും കുഞ്ചാക്കോബോബനും ഒക്കെ ഇടുന്നത് പോലെ ചെയ്യുന്ന കൊണ്ടാകും സമയം എടുക്കുന്നതോര്‍ത്ത്‌ ഞാന്‍ ഒരു ഉറക്കം ഉറങ്ങി……
കഴിഞ്ഞു ചേട്ടായി .. എഴുന്നെറ്റൊളൂ … എന്ന് ഏലിയാസ്‌ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ ഉണര്‍ന്നത്‌…
മുഖം ഒക്കെ കഴുകി…. തരക്കേടില്ല… ഒരു മാറ്റം ഒക്കെ കാണാനുണ്ട്…..
ഇനി കുറച്ച ദിവസത്തേക്ക്‌ വെയില്‍ ഒന്നും കൊള്ളരുത് … ചൂടും അടിക്കെരുതെന്നും… അല്പം കൊള്ളേണ്ട സാഹചര്യം ഉണ്ടായാല്‍ ഈ സണ്‍ ക്രീം പുരട്ടി വേണം ഇറങ്ങാന്‍ എന്നും പറഞ്ഞാണ് ഏലിയാസ്‌ പോയത്‌……
അങ്ങനെ നിശ്ചയദിവസം ആകെ തിരക്കില്‍ ആയിരുന്നു….
വരുന്നരെ ഒക്കെ സ്വീകരിക്കണം… തിരക്കിനിടയില്‍ സണ്‍ ക്രീം തേക്കാനും മറന്നു.. ഒടുക്കത്തെ വെയിലും… …
പിന്നെ തൊടുപുഴ ക്ക് പോകാനായി വന്ന ബസ്സില്‍ നാട്ടുകാരോടും കൂട്ടുകാരോടും ഒപ്പം ഞാനും കയറി…. വഴിയില്‍ ഒന്ന് രണ്ട് പേരെ കൂടി കയറ്റിയത് കൊണ്ട് ഞങ്ങള്‍ വൈകിയാണ് തൊടുപുഴയില്‍ എത്തിയത് …
അതുമല്ല …function നടക്കുന്ന ഹോളിനു അടുത്ത് എത്തിയപ്പോള്‍ ബസ്സും ബ്രേക്ക് ഡൌണ്‍ ആയി… അപ്പോഴേക്കും വിളി വന്നു….നീ വേഗം വാ… നീ വന്നിട്ടേ ഇവിടെ ഹോളിലെക്ക് കയറുന്നുള്ളൂ എന്ന്…
ഈ സമയം കൊണ്ട് …തൊടുപുഴ ടൌണില്‍ തരക്കേടില്ലാത്ത ബ്ലോക്ക്‌ ഉണ്ടാക്കിയിട്ടുണ്ട് ഞങ്ങള്‍…
ഞാനും മനീഷും കൂടി ഹാളിലേക്ക്‌ നടന്നു.. നല്ല നട്ടക്കണ്ടം വെയില്‍ … ഒരു തുള്ളി പോലും വിടാതെ ഞാനും മനീഷും കൊണ്ടു… അവന്‍ Facial ചെയ്തിട്ടില്ലാത്തകൊണ്ട് അവനൊരു മാറ്റവും ഇല്ല…
എനിക്കോ….. വെളുക്കാന്‍ തേച്ചതല്ലേ… നല്ല സൂപ്പര്‍ പാണ്ടായി …. ആരും ഒന്ന് ശ്രദ്ധിക്കും…
അനിയനു ഗള്‍ഫില്‍ ടാറിന്റെ പണി ആണോ എന്ന് വരെ ചോദിപ്പിച്ചു ….. ഇതില്‍ കൂടുതല്‍ എന്ത് സംഭവം ആക്കാന്‍… കല്യാണം കഴിഞ്ഞു തിരച്ചു ദുഫായില്‍ എത്തിയിട്ടും ആ കരിവാളിപ്പ്‌ മാറിയിട്ടില്ല….


Thank you for reading malayalam blogs Kalappadan