അങ്കം… അല്ല …ഒന്നൊന്നര അങ്കം
യു. എ.ഇ യില്‍ ഡ്രൈവിംഗ് ലൈസെന്‍സ് എടുക്കുക എന്നത് ഒരു ഡിഗ്രി സ്വന്തമാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലാക്കി തന്നെയാണ് ഞാനും ഈ അങ്കത്തിന് പുറപ്പെടുന്നത് .. എങ്കിലും ഇത് ഒരു ഒന്നോന്നര അങ്കം ആയി പോയി…
ഡ്രൈവിംഗ് ലൈസെന്‍സ് കിട്ടിയകൊണ്ട് എന്നെ കമ്പനിയുടെ മാനേജര്‍ ആക്കുമെന്ന വ്യാമോഹം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല…
ഭാവി ജീവിതം ഭാസുരമാക്കാന്‍ ഒരു ലൈസെന്‍സ് നല്ലതാണെന്ന ഒരു തോന്നല്‍ .. അത് .. അതുമാത്രമാണ് എന്നെ ഈ വഴിയിലേക്ക് നടത്തിയത്…
പക്ഷെ ഇതൊരു കുരിശിന്റെ വഴി ആയിരിക്കുമെന്ന് ഞാന്‍ കരുതിയതേയില്ല..
മനുഷ്യ കുലത്തിന്റെ പാപ പരിഹാരതിനുവേണ്ടിയാണ് ദൈവപുത്രന് പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താ വരെ കുരിശ് ചുമന്നതെങ്കില് … പാപിയായ ഞാന്‍ ആരുടെ നന്മക്ക് വേണ്ടിയാണോ ഈ കുരിശ് ചുമക്കെണ്ടിവന്നത് ??
ഡ്രൈവിംഗ് ക്ലാസ്സുകള്‍ക്ക്, വീട്ടില്‍ വന്നു വിളിച്ചോണ്ട് പോയി, ക്ലാസ്സ് എടുത്ത് തിരിച്ചു കൊണ്ട് വിടുന്ന പ്രൈവറ്റ് സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും ഗവണ്മെന്റ് സ്ഥാപനം ആയതുകൊണ്ട് ഒരു ദിവസം നേരത്തെ കിട്ടിയാല്‍ അത്രയും ചെലവ് കുറയുമല്ലോ എന്നോര്‍ത്താണ് ഞാന്‍ അവിടെ ചേര്‍ന്നത്…
പക്ഷെ അറിയുന്ന പോലീസ് രണ്ടടി കൂടുതല്‍ എന്ന് പറഞ്ഞപോലെ ആയിരുന്നു എന്റേത്…
അപേക്ഷിച്ച് ആറു മാസങ്ങള്‍ക്ക് ശേഷമാണ് തിയറി ക്ലാസ്സിനു വിളിച്ചത്…
തിയറി ക്ലാസ് അഞ്ചു ദിവസമാണ് … ഒരു ദിവസം മുടങ്ങിയാല്‍, മുടങ്ങുന്ന അതെ ദിവസം തന്നെ അടുത്ത ആഴ്ചയില്‍ അറ്റന്‍ഡ് ചെയ്താലേ പരീക്ഷക്ക് ഇരുത്തു എന്നാണ് നിയമം…
പണ്ടേ ഞാന്‍ കൃത്യമായി ക്ലാസ്സില്‍ കയറാര് ഉണ്ടല്ലോ… ഓരോരോ നിയമങ്ങളെ..
ആ.. ഞാനും കിട്ടിയ പുസ്തകവും ആയി ക്ലാസിനു പോയി.. ക്ലാസിനു പോയപ്പോള്‍ ആണ് ഇത് അത്ര എളുപ്പമുള്ള പരുപാടി അല്ല എന്ന് മനസ്സിലായത് … നാട്ടില്‍ മഷി ഇട്ട് നോക്കിയാ ഒരു സിഗ്നല്‍ ബോര്‍ഡ് കാണാന്‍ സാധിക്കില്ല.. അവിടെ ഓടിച്ചു ശീലിച്ച ഞാന്‍ ഇതിനുമാത്രം സിഗ്നല്‍ ഒക്കെ നോക്കി വണ്ടി ഓടിക്കണോ ?
ഏതായാലും രജി. ഫീസും തിയറി ക്ലാസ്സ് ഫീയും എല്ലാം കൂടി 750 Dhs. ഇപ്പോഴേ കൊടുത്ത് കഴിഞ്ഞു.. വേറെ എന്തുചെയ്യാന്‍….
ഇതൊക്കെ പഠിക്കണോ അതോ നാട്ടിലെ പോലെ ചോദ്യ പേപ്പറില്‍ തന്നെ ഉത്തരങ്ങള്‍ മാര്‍ക്ക് ചെയ്തിട്ടുണ്ടാകുമോ എന്ന് അന്യോഷിച്ചു …
ഇല്ല …25 ല്‍ 19 എണ്ണം ശരിയാകാതെ പാസ്സ് ആകില്ലെന്നും ആകുന്നത് വരെ ഓരോ പരീക്ഷക്കും 100 Dhs വീതം കെട്ടണമെന്നും കേട്ടപ്പോള്‍ പഠിച്ചു പരീക്ഷ എഴുതി ശീലമില്ലാത്ത ഞാന്‍ ഒന്ന് ഞെട്ടി…
പഠിക്കാന്‍ തന്നെ തീരുമാനിച്ചു… അല്ലാതെ എന്ത് ചെയ്യാന്‍ നനഞ്ഞു ഇറങ്ങിയില്ലേ .. ഇനി കുളിച്ചു കയറാം..മൈക്രോ പ്രോസ്സസര്‍ ക്ലാസില്‍ പോലും ഇത്രക്ക് ശ്രദ്ധിച്ചിരുന്നിട്ടുണ്ടാകില്ല …അതുകൊണ്ട്തന്നെ ജീവിതത്തില്‍ ആദ്യമായി കോപ്പിയടിക്കാതെ ഒരു പരീക്ഷ ഞാന്‍ പാസ്സ് ആയി …റാങ്ക് ഉണ്ടായിക്കാണാനും സാധ്യത ഉണ്ട് ..
പിറ്റേദിവസം പ്രാക്ടിക്കല്‍ ക്ലാസ്സ് തുടങ്ങും എന്ന് കരുതി ചെന്ന എന്നോടുപറഞ്ഞു .. നല്ല തിരക്കുകള്‍ ഉള്ളതിനാല്‍ 2 മാസം കഴിയും നിങ്ങളെ വിളിക്കാന്‍ … വിളിചിട്ട് വന്നാല്‍ മതി എന്ന്…
വീണ്ടും കാത്തിരിപ്പ് … പ്രാക്ടിക്കല്‍ ക്ലാസ്സുകള്ക്കായ് …
ഓഫീസില്‍ ഞങ്ങള്‍ ഒന്നുരണ്ട് പേര് ഈ യജ്ഞത്തില്‍ ആണ്..
എനിക്ക് ശേഷം പ്രൈവറ്റ് സ്കൂളില്‍ ചേര്‍ന്ന ബിന്‍സ് ..അവന് തിയറിയും പാസ്സ് ആയി പ്രാക്ടിക്കല്‍ ക്ലാസ്സിനു പോയിത്തുടങ്ങി… അവനോടു ഞാന്‍ അന്നെ പറഞ്ഞതാ പ്രൈവറ്റ് വേണ്ട ഗവ. മതി എന്ന്… അനുഭവിക്ക് നീ.. അല്ല ഞാന്‍…..
2 മാസം കഴിഞ്ഞു.. 3 മാസം കഴിഞ്ഞു… ഒരു വിളിയും ഇല്ല… എനിക്ക് എന്തെങ്കിലും ഒക്കെ വിളിക്കാനാ തോന്നിയത്….
അവര്‍ വിളിച്ചിട്ട് ക്ലാസ്സിനു പോയി എനിക്ക് ലൈസെന്‍സ് കിട്ടില്ല എന്ന് മനസ്സിലായതുകൊണ്ട് ഞാന്‍ തന്നെ ഒന്നിറങ്ങി അന്യോഷിക്കാമെന്നു കരുതി …
അവിടെ ചെന്ന് കാര്യം പറഞ്ഞു.. 3500 Dhs അടച്ചാല്‍ നാളെ മുതല്‍ ക്ലാസുകള്‍ തുടങ്ങാം എന്ന് അവര്‍ അറിയിച്ചു ..
എന്നാ പിന്നെ ഇത് നേരത്തെ ചെയ്യാമായിരുന്നല്ലോ … പോയ ബുദ്ധി ആന പിടിച്ചാ കിട്ടില്ലല്ലോ…. പിന്നാ ഞാന്‍ …
അര മണിക്കൂര്‍ വീതമുള്ള 50 ക്ലാസ്സുകള്‍ക്കാണ് ഈ പറഞ്ഞ കാശ് …. ഇതിനുള്ളില്‍ പാര്‍കിംഗ് , പ്രീ. ടെസ്റ്റ് , ഫൈനല്‍ ടെസ്റ്റ് എന്നീ കടമ്പകള്‍ കടക്കണം.. ഇല്ലെങ്ങില്‍ പിന്നീടുള്ള ഓരോ 10 ക്ലാസ്സിനും 600 Dhs വീതം…
നാട്ടില്‍ വണ്ടി ഓടിക്കാന്‍ അറിയാവുന്നതുകൊണ്ട് എനിക്ക് 10 ക്ലാസ്സുപോലും വേണ്ടല്ലോ… പിന്നെ എന്തിനാ എക്സ്ട്രാ ക്ലാസ്സിനെ കുറിച്ചൊക്കെ ചിന്തിക്കുന്നേ…
ആജ്ഞ പോലെ ഫീസ് അടച്ചു …. ക്ലാസും തുടങ്ങി..ഓഫീസു വിട്ട് നേരെ ഡ്രൈവിംഗ് ഇന്സ്ടിട്ടുട്ടിലെക്ക് … ഓഫീസില്‍ നിന്ന് ടാക്സിയില്‍ ആണ് അവിടേക്ക പോകുന്നത്… ദൂരം കുറച്ചൊന്നുമല്ല… 24 dhs വേണം… ഒരു വശത്തേക്ക് … പോകുന്ന വഴിയില്‍ ആണ് കൂടെ ജോലി ചെയ്യുന്ന ഐശ്വര്യ താമസിക്കുന്നത് ..അവളെയും കൂടെ കൂട്ടി… ചേതമില്ലാത്ത ഒരു ഉപകാരം… അതുമല്ല പേരിന്റെ എങ്ങിലും ഐശ്വര്യം ടെസ്ടിനു ഉപകരിച്ചാലോ ?
ഒരു കാസര്ഗോഡ്കാരന് മുനീര്‍ ആണ് ഇന്‍സ്ട്രക്ടര്‍ … ഞാന്‍ ആണെങ്കില്‍ ആദ്യമായി ഷാര്‍ജ തെരുവീഥികളിലൂടെ വണ്ടി ഓടിക്കാമെന്ന തൃല്ലിലും.. പാര്‍ക്കിഗ് ടെസ്റ്റ് പാസ്സാകുന്നതുവരെ യാര്‍ഡി ലാണ് പഠനം… അതുകഴിഞ്ഞേ സാധാരണ റോഡിലേക്ക് ഇറക്കൂ.. എന്ന് ഉസ്താദ് മുനീര്‍ പറഞ്ഞപ്പോഴേ പകുതി ത്രില്‍ പോയി…
വണ്ടി ഓടിക്കാന്‍ അറിയാവുന്ന ഞാന്‍ സ്ടിയരിംഗ് പിടിക്കുന്നത് പോലും തെറ്റാണെന്നും … പിന്നെ കാറിന്റെ ഉള്ളിലും രണ്ടു സൈഡിലും ഉള്ള കണ്ണാടി വണ്ടി ഓടിക്കുമ്പോള്‍ നോക്കനുള്ളതാനെന്നും … അങ്ങനെ അങ്ങനെ പുതിയ അറിവുകളുടെയും തെറ്റുകളുടെയും നീണ്ട നിര കൂടി കേട്ടപ്പോള്‍ ഉള്ള ത്രില്ലും പോയി… ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഡ്രൈവിംഗ് ക്ലാസുകള്‍… ഓരോ ദിവസവും ഓരോ തരത്തിലുള്ള പാര്‍കിംഗ് പഠനം… ഉസ്താദ് പറഞ്ഞിരിക്കുന്ന കര്‍വ് സ്റ്റോണ്‍ -ല്‍ നോക്കാതെ ചെയ്താല്‍ കൃത്യമായി വണ്ടി പാര്‍ക്ക് ചെയ്യും.. നോക്കി പോയാലും വണ്ടി പാര്‍ക്ക് ചെയ്യും പാര്‍ക്കിംഗ് ലൈന്‍ ന്റെ മുകളില്‍ ആണെന്നുമാത്രം. തെറ്റുകൂടാതെ പാര്‍ക്ക് ചെയ്യാന്‍ അധിക ദിവസങ്ങള്‍ ഒന്നും വേണ്ടി വന്നില്ല…എങ്ങിലും ഉസ്താദ് എന്നും എടുത്ത ക്ലാസുകള്‍ തന്നെ ആവര്തിപ്പിക്കുന്നു ..
വണ്ടി ഓടിക്കുന്നത് ഇഷ്ടം അല്ലാഞ്ഞിട്ടല്ല.. ഓരോ ക്ലാസ്സിനും 60 Dhs ഉം പിന്നെ പോക്ക് വരവ് കൂടി ആകുമ്പോള്‍ 100 Dhs ഇത് എനിക്ക് അത്ര ഇഷ്ടമുള്ള പരുപാടിയല്ല … ഞാന്‍ പാര്‍ക്കിംഗ് ടെസ്റ്റ് നെ കുറിച്ച് തിരക്കിയപ്പോള്‍, ഉസ്താദ് ആണ് നമ്മള് ടെസ്ടിനു യോഗ്യരെന്നു കണ്ടാല്‍ പേര് എഴുതി ഇടുന്നതെന്നും പിന്നെ ഓര്‍ഡര്‍ അനുസരിച്ച് ടെസ്റ്റ് നു വിളിക്കുന്നതും.. അന്ന് ക്ലാസ്സിനു ചെന്നപ്പോള്‍ ഞാന്‍ മുനീരിനോട് തിരക്കി റെസ്ടിനു പേര് എഴുതി ഇടാനുള്ളതൊക്കെ ആയില്ലേ എന്ന്… രണ്ടു ദിവസം കൂടി കഴിയട്ടെ എന്ന് ഉസ്താതും…
ഓ.. രാഹുകാലം നോക്കി ഇടാനായിരിക്കും എന്ന് കരുതി….
പിറ്റേദിവസം രാവിലെ ഓഫീസില്‍ ഇരിക്കുമ്പോള്‍ ഉസ്താദിന്റെ ഫോണ്‍ വന്നു.. ലെജി എനിക്ക് ഒരു 3000 Dhs വേണം … എന്റെ ക്രെഡിറ്റ് കാര്‍ഡിന്റെ പെയ്മെന്റ്റ് ദിവസം ആണ് നാളെ , ഞാന്‍ നാട്ടില്‍ പോകാനുള്ള ഒരുക്കത്തില്‍ ആയതിനാല്‍ അല്പം ഞെരുക്കത്തില്‍ ആണ്.. ഒന്ന് സഹായിക്കണം എന്ന്….
അപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ മനസ്സിലാത് എന്നെ ടെസ്റ്റ് നു വിളിക്കാത്തത് രാഹുവും ഗുളികനും ഒന്നും അല്ലാ പ്രശ്നം ഈ ക്രെഡിറ്റ് കാര്‍ഡ് ആണെന്ന്….
എന്താണെങ്കിലും ഞാന്‍ കൊടുത്തിട്ട് ഉസ്താദിന്റെ ക്രെഡിറ്റ് കാര്‍ഡ് പേ ചെയ്യില്ലെന്ന് ഉറപ്പിച്ചു.. അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു .. എന്റെ കയ്യില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല .. സാരമില്ല, ലെജി ഒന്ന് ശ്രമിക്ക് മുഴുവന്‍ ഇല്ലെങ്കിലും ഉള്ളത വൈകിട്ട വരുമ്പോള്‍ കൊണ്ടുവരാന്‍ എന്ന്….
മുനീര്‍ എന്റെ അളിയന് അല്ലെ … ഞാന്‍ കാശുകൊടുക്കാന്‍……. … അല്ലാപിന്നെ…
പതിവ് പോലെ വൈകിട്ട് ക്ലാസ്സിനു ചെന്നു ..വണ്ടി കൃത്യമായി പാര്‍ക്ക് ചെയ്താലും ശരിയല്ല എന്ന് ഉസ്താദ്…….;
ഞാന്‍ പാര്‍ക്ക് ചെയ്യുന്നത് ശരി ആകണമെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ക്ലീന്‍ ആകണമല്ലോ..
ഒന്ന് രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ മുനീര്‍ ലീവിന് നാട്ടില്‍ പോകും ..പുതിയ ആള് വരും അയാള്‍ ടെസ്റ്റ് നു പേര് കൊടുത്തോളും എന്ന് കരുതി ഞാന്‍ കാര്യമാക്കിയില്ല…
മുനീര്‍ പോയി ..ഒരു പാക്കിസ്ഥാന്കാരന് ഹുസൈന് ആണ് പുതിയ ഇന്‍സ്ട്രക്ടര്‍ … അയാള്‍ എന്നോട് മുനീര്‍ പഠിപ്പിച്ചിട്ടുണ്ടല്ലോ നീ ഓടിച്ചോളൂ എന്ന് പറയും..
ഓടിക്കാന്‍ അറിയാന്‍ പാടില്ലാത്ത കൊണ്ടല്ലല്ലോ ഞാന്‍ ക്ലാസിനു വന്നിരിക്കുന്നെ ? ഞാന്‍ വണ്ടി ഓടിച്ചുകൊണ്ടേ ഇരുന്നു .. ദിവസങ്ങളും … ഇവര്‍ ഒറ്റക്കെട്ടാണെന്നും മുനീര്‍ ചോദിച്ച പൈസ ഞാന്‍ കൊടുത്തില്ല എന്നുള്ളത് ഇയാളോട് പറഞ്ഞിട്ടുണ്ട് എന്നുള്ളതും അയാളുടെ പെരുമാറ്റത്തില്‍ നിന്ന് തന്നെ വ്യക്തം.. പിടിച്ചതിനെക്കാള്‍ വലുതാണ് അണയില്‍ ഉള്ളത് എന്നുപരഞ്ഞപോലെ ആയി എന്റെ അവസ്ഥ..
20 ക്ലാസ്സില്‍ എല്ലാം തീര്‍ത്തു പോകാനിരുന്ന ഞാന്‍ 22 ക്ലാസ്സുകള്‍ കഴിഞ്ഞു.. ഇതുവരെ പാര്‍ക്കിംഗ് ടെസ്റ്റ് നുള്ള ഡേറ്റ് കിട്ടിയിട്ടില്ല..ഇന്ന് എന്താണെങ്കിലും ചോദിച്ചിട്ടുതന്നെ ..
ക്ലാസ് തുടങ്ങി..തെറ്റ് കൂടാതെ പാര്‍ക്ക് ചെയ്തിരുന്ന ഞാന്‍ ഒരു തവണ തെറ്റായി പാര്‍ക്ക് ചെയ്തു.. ഞാന്‍ എവിടെ ആണ് തെറ്റിയതെന്നു ആലോചിക്കുന്നതിനു മുന്നേ ഹുസ്സൈന്‍ , ഇങ്ങനെ ആണോ പാര്‍ക്ക് ചെയ്യുന്നത് .. ഇങ്ങനെ ആണെങ്കില്‍ എങ്ങനെ ഞാന്‍ ടെസ്റ്റ് നു പേര് കൊടുക്കും എന്ന്..
ഇത്രയും നാള് പിടിച്ചിരുന്ന എന്റെ മുഴുവന്‍ കണ്ട്രോളും പോയി..
ഞാന്‍ ചോദിച്ചു ഇത്രയും ദിവസം ഞാന്‍ കൃത്യമായി പാര്‍ക്ക് ചെയ്തതൊന്നും നിങ്ങള്‍ കണ്ടില്ലല്ലോ ? ഞാന്‍ ഒരെണ്ണം തെറ്റിച്ചത് കൃത്യമായി കണ്ടല്ലോ …
പിന്നെ മറുപടി ഒന്നും ഉണ്ടായില്ല… അന്ന് കൂടുതല്‍ സംസാരങ്ങള്‍ ഒന്നും ഇല്ലാതെ ക്ലാസ്സ് അവസാനിച്ചു..
ഞാന്‍ നേരെ ഓഫീസില്‍ പോയി ഇന്‍സ്ട്രക്ടര്‍ നെ മാറ്റുവാനുള്ള അപേക്ഷ കൊടുത്തു.. വൈകുന്നേരങ്ങളില്‍ ഒഴിവില്ല അതുകൊണ്ട് രാവിലെ ബാച്ചില്‍ ആണെങ്ങില്‍ അടുത്ത ആഴ്ച മുതല്‍ തുടര്‍ന്നോളൂ എന്ന്…
നനഞ്ഞിറങ്ങി പോയില്ലേ… കുളിച്ചു കയറുക തന്നെ…
രാവിലെ എങ്കില്‍ രാവിലെ… 8 നു ഓഫീസില്‍ പോകേണ്ട ഞാന്‍ 7.20 നു തന്നെ എഴുന്നേല്‍ക്കുന്നത് നൂറു പ്രാക്ക് മുതലാളിയെ പ്രാകിക്കൊണ്ടാ… ആ ഞാന്‍ നാളെ മുതല്‍ 5.50 നു ഉണരണം 6.20 നു ആണ് പുതിയ ഡ്രൈവിംഗ് പഠനം…
അങ്ങനെ എന്റെ മൂനാമത്തെ ഇന്‍സ്ട്രക്ടര്‍ ..ഒരു പാക്കിസ്ഥാനി തന്നെ… റഫീക്ക്……..
ആളു തൊഴിലിനോട് അല്പം ആത്മാര്‍ഥത ഉള്ള ആളാണെന്ന് തോന്നി… ആദ്യ ദിവസം തന്നെ പല ചെറിയ ചെറിയ കുഴപ്പങ്ങള്‍ കണ്ടെത്തുകയും അത് തിരുത്താനുള്ള കാര്യങ്ങള്‍ പറഞ്ഞു തരുകയും ചെയ്തു…
പിറ്റേന്ന് തന്നെ ഉസ്താദ് ടെസ്റ്റ് നു രജിസ്ടര്‍ ചെയ്തു … അങ്ങനെ ആദ്യ പാര്‍കിംഗ് ടെസ്റ്റ്…. …
ടെസ്റ്റ് നുള്ള ഊഴവും കാത്തിരിക്കുന്നു… തെറ്റുകൂടാതെ പാര്‍കിംഗ് ചെയ്യാറുള്ളതിനാല്‍ അത്ര ഭയം ഉണ്ടായില്ല..
ആദ്യ തവണ തന്നെ പ്രൈവറ്റ് സ്ക്കൂളില്‍ പഠിക്കുന്ന ബീന്‍സ് നു കിട്ടിയ കൊണ്ട് ഇത് തോറ്റു ചെന്നാല്‍ ഓഫീസില്‍ ഉള്ളവരുടെ കളിയാക്കലുകളെ അല്പം പേടിയില്ലാതില്ല… എന്റെ തൊട്ടരികില്‍ ഒരു രാജേഷ് … 3 തവണ പരാജയം സമ്മതിച്ച് അടുത്തതിനായി കാത്തിരിക്കുന്നു…അങ്ങനെ എന്റെ പേര് വിളിച്ചു.. ടെസ്റ്റി നുള്ള നാല് പേരും ടെസ്റ്റ് നടത്തുന്ന ഒരു പോലീസുകാരനും ആണ് കാറില്‍ …
ആദ്യ ഊഴം എന്റേതാണ് .. ഞാന്‍ വണ്ടി ഓടിച്ച് പാര്‍ക്കിംഗ് ഏരിയ യിലേക്ക് .. അറബിയില്‍ അല്ലാതെ പോലീസ് ഒരു വാക്ക് പറയുന്നില്ല.. അദേഹത്തിന്റെ ആക്ഷനില്‍ നിന്നാണ് ഞാന്‍ ഇടതും വലതും മനസ്സിലാക്കുന്നത്…. എന്നോട് ഇടതു വശത്തുള്ള 90 ഡിഗ്രി പാര്ക്കിംഗ്ചെയ്യാന് പറഞ്ഞു.. ഞാന്‍ വളരെ കൂള്‍ ആയി പാര്‍ക്ക് ചെയ്തു.. ഡോര്‍ തുറന്നു പാര്‍ക്കിംഗ് ശരിയാണോ എന്ന് നോക്കാന്‍ പറഞ്ഞു… വളരെ ശരിയാണ് …പാര്‍ക്കിംഗ് ലൈനിന്റെ കൃത്യം മുകളില്‍… സന്തോഷം..ഇത്രയും നാള് പാര്‍ക്ക് ചെയ്തിട്ട് ആ പാര്‍ക്കിംഗ് എനിക്ക് തെറ്റിയിരുന്നില്ല … ആദ്യ ടെസ്റ്റ് സമ്പൂര്‍ണ്ണ പരാജയം…
പിറ്റേദിവസം ഉസ്താദ് പലതവണ ആ പാര്‍ക്കിംഗ് ചെയ്യിപ്പിച്ചപ്പോള്‍ ഒന്നും തെറ്റിയില്ല … ഉം എന്തുചെയ്യാന്‍ ഇനി ഒരാഴ്ചക്ക് ശേഷമേ അടുത്ത ടെസ്റ്റ് കിട്ടൂ .. കാത്തിരിക്കാം ..
അങ്ങനെ വീണ്ടും ടെസ്റ്റ് ദിവസം വന്നു .. കഴിഞ്ഞ തവനതെതിനെക്കാള് അല്പം ടെന്‍ഷന്‍ കൂടുതല്‍ ആണ് … ടെസ്റ്റ് തോല്ക്കുന്നതില് അല്ല തോല്‍വിയും ആയി ഓഫീസില്‍ ചെല്ലുമ്പോള്‍ കുറെ ചെന്നായകള്‍ ഉണ്ട് ..അവരെ ആണ് പേടിക്കുന്നത് .. ഇത്തവണ എന്റെ ഊഴം നാലുപേരില്‍ അവസാനം ആയിരുന്നു … രണ്ട് പാര്‍ക്കിംഗ് ,വിജയകരമായി പൂര്‍ത്തിയാക്കി .. സമാധാനമായി ..ആ ആവേശത്തില്‍ തിരിച്ച വരുന്നു … സാധാരണ വരാറുള്ള വഴിയില്‍ നിന്ന് വ്യത്യസ്തമായി പെട്ടെന്ന് മറ്റൊരു വഴിയിലൂടെ പോകാന്‍ പറഞ്ഞു … ആ വഴിയില്‍ ആദ്യം തന്നെ ഒരു റൌണ്ട് എബൌട്ട് ആണ് … ഞാന്‍ അതും കഴിഞ്ഞു വണ്ടി പാര്‍ക്ക് ചെയ്ത് ടെസ്റ്റ് റിസള്‍ട്ട് വാങ്ങാനായി കാത്തിരുന്നു ..എന്നെ ഞെട്ടിച്ചുകൊണ്ട് പരീക്ഷണത്തില്‍ വീണ്ടും തോല്‍വി എന്നെഴുതിയ കുറിപ്പ് ..കാരണം round about ലേക്ക് എന്റര്‍ ചെയ്തത് ശരിയായില്ല പോലും ….
ചെന്നായ്ക്കള്‍ക്ക് ഇന്നും ആട്ടിന്‍കുട്ടിയെ കിട്ടി ….
ക്ലാസുകള്‍ തുടര്‍ന്നുകൊണ്ടേ ഇരുന്നു …അങ്ങനെ 20 ക്ലാസ്സില്‍ ലൈസന്‍സ് ഉം ആയി പോകാനിരുന്ന ഞാന്‍ 32 മാതെ ക്ലാസ്സില്‍ ആണ് പാര്‍ക്കിംഗ് പാസ് ആയത് .. മൂനാമത്തെ പരീക്ഷണത്തില്‍ …
നാളെ മുതല്‍ ഷാര്‍ജ തെരുവീധികളിലൂടെ വണ്ടി ഓടിക്കാം … പാര്‍ക്കിംഗ് ടെസ്റ്റ് നു ശേഷം 20 ക്ലാസ്സ് എങ്കിലും കുറഞ്ഞത് കഴിയണം അടുത്ത കടമ്പ ആയ പ്രീ- റോഡ് ടെസ്റ്റ് നു ..
വണ്ടി ഓടിക്കുമ്പോള്‍ ഉസ്താത് എന്തെങ്ങിലും ഒക്കെ ചോദിച്ചുകൊണ്ടിരിക്കും ..ഞാന്‍ നമ്മുടെ നാടും … റോഡും … M.G റോഡും അവിടത്തെ ട്രാഫിക് ഉം … എല്ലാം വര്‍ണ്ണിക്കും . ..
വണ്ടി ഓടിക്കുമ്പോള്‍ ഞാന്‍ മിറര്‍ നോക്കുന്നില്ല എന്നതാണ് ഉസ്താതിന്റെ പ്രധാന പരാതി … നാട്ടില്‍ മിറര്‍ ഇല്ലെങ്ങില്‍ എന്ത് ഉണ്ടെങ്കില്‍ എന്ത് ..ആ ശീലം ആണ് എന്നെ കുഴപ്പിക്കുന്നത് …
അങ്ങനെ 55 മത്തെ ദിവസം ആദ്യ പ്രി ടെസ്റ്റ് കിട്ടി… ഇത്തവണയും ആദ്യ ഊഴം എന്റേത തന്നെ.. 3 തവണ പോലീസ് അടുത്തിരുന്നു പാര്‍ക്കിംഗ് ടെസ്റ്റ് നടത്തിയതിനാല്‍ അങ്ങനെ ഒരാള്‍ അടുതിരിക്കുന്നെന്ന പേടി ഒന്നും ഇല്ലാതെ ആണ് ഞാന്‍ വണ്ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തേക്ക് ഓടിച്ചത്..പ്രധാന റോഡിലേക്ക് ഇറങ്ങുന്ന വഴിയില്‍ പതിവില്ലാത്ത ട്രാഫിക്.. ..വണ്ടികള്‍ ഒന്നിന് പുറകെ ഒന്നായി കിടക്കുന്നു.. ഞാനും ആ നിരയിലേക്ക് ചേര്‍ന്നു.. വണ്ടികള്‍ സാവധാനം നീങ്ങുന്നു.. ഞാനും അതിനു തൊട്ടുപുറകെ ഉണ്ട്.. എനിക്ക് M.G റോഡിലൂടെ ഉള്ള യാത്രയാണ് ഓര്‍മ്മവന്നത്…ഈ ഓര്‍മ്മകള്‍ക്ക് വിരാമം ഇട്ടുകൊണ്ട് അറബി പോലീസ് എന്തോ പറഞ്ഞു… എനിക്കൊന്നും മനസ്സിലായില്ല… ഞാന്‍ മുന്‍പിലുള്ള വണ്ടി നീങ്ങുന്നതിന് അനുസരിച്ച് മുന്പോട്ട് പോയിക്കൊണ്ടേ ഇരുന്നു.. ഒരു കണക്കിന് പ്രധാന റോഡില്‍ എത്തി… അവിടെന്ന് കുറച്ചു ദൂരം മാറി ഒരു പാര്‍ക്കിംഗ് ഏരിയ യില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ പറഞ്ഞു… ഓ ..ഇത്ര പെട്ടെന്ന് തീര്‍ന്നല്ലോ എന്നു കരുതി പുറത്തിറങ്ങി.. ഇറങ്ങിയ വഴി തന്നെ അറബി .. ഒരു പേപ്പറില്‍ തോറ്റു എന്നും..
വണ്ടികള്‍ തമ്മില്‍ അകലം പാലിച്ചില്ല എന്ന കാരണവും….
വളരെ നിരാശ തോന്നി…
നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടെണ്ടത് തന്നെയാണ്.. എങ്ങിലും ഒരു പ്രി ടെസ്ടിനു, പറഞ്ഞു തന്നാല്‍ തിരുത്താവുന്ന ഒരു തെറ്റിനു ഇത്രയും കര്‍ക്കശം വേണ്ടിയിരുന്നോ എന്നൊരു തോന്നല്‍..
ടെസ്റ്റ് കഴിഞ്ഞു നേരെ ഓഫീസിലേക്ക് ആണ് പോയത്.. .. ഒരു പാക്കിസ്ഥാന് കാരന് ആണ് ടാക്സി ഡ്രൈവര്‍.. എന്റെ നിരാശ അദ്ദേഹം മുഖത്തുനിന്ന് വായിച്ചെടുത്ത മട്ടില്‍ എന്നോട് ചോദിച്ചു.. ടെസ്റ്റ് ആയിരുന്നല്ലേ, പരാജയം കാര്യമാക്കണ്ട ഒരു ലക്ഷ്യത്തിനായി ശ്രമിക്കുന്നവര്‍ക്കെ പരാജയം ഉണ്ടാകൂ… നിങ്ങള്‍ ഒരു ലക്ഷ്യത്തിനു അരികില്‍ ആണ്… ഈ ഓര്‍മ്മപ്പെടുത്തല്‍ എന്നെ നിരാശയില്‍ നിന്ന് അല്പം കരകയറ്റി….
അടുത്ത മാസം ചേട്ടായിയുടെ കല്യാണം ആണ് ..ഞാന്‍ നാട്ടില്‍ പോകും .. അതിനുമുന്നേ ഈ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കണം എന്ന ഉദ്ദേശത്തിലാണ് …
ഞാന്‍ നാട്ടില്‍ പോകുന്നെന്നു പറഞ്ഞ അന്ന് മുതല്‍ ഇടയ്ക്കിടെ ഉസ്താത് അദ്ധേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ശരി അല്ല എന്നും.. അത്യാവശ്യത്തിനു വിളിച്ചാല്‍ കിട്ടില്ല എന്ന് പറയാറുണ്ട്…
എന്നെ ബാധിക്കുന്ന ഒരായിരം കാര്യങ്ങള്‍ വേറെ ഉള്ളപ്പോള്‍ ഞാന്‍ അത് കേട്ട ഭാവം നടിച്ചില്ല…
പിന്നീട് ഇടയ്ക്കിടെ Nokia E5 എങ്ങനെയുണ്ട് നല്ല ഫോണ്‍ ആണോ എന്നൊക്കെ ചോദിക്കുന്നു.. അപ്പോഴേ എനിക്ക് രോഗം മനസ്സിലായി.. ഈ ഉസ്താദും മോശക്കാരന്‍ അല്ലെന്നു…
ഞാന്‍ ഫോണ്‍ വാങ്ങിക്കൊടുത്ത് എനിക്ക് ടെസ്റ്റ് പാസ്സ് ആകേണ്ട.. ഇത്രയൊക്കെ ആയില്ലേ …എത്രത്തോളം പോകും എന്ന് കണ്ടറിയാം എന്നുതന്നെ തീരുമാനിച്ചു…. ഫോണിനെ കുറിച്ച് പറയുമ്പോള്‍ ഞാനും …അത് നല്ലതാണ് ..അതിനേക്കാള്‍ നല്ലത് ഇതാണ് എന്നൊക്കെ പറഞ്ഞു വിടും.. ഞാന്‍ ആരാ മോന്…..
വീണ്ടും ടെസ്റ്റ് ദിവസം സമാഗതമായിരിക്കുന്നു …
ഇത്തവണ എനിക്ക് ഒരു മുന്‍വിധികളും ഉണ്ടായില്ല.. പറഞ്ഞ വഴിയൊക്കെ ഓടിച്ചു.. ഒന്ന് രണ്ടിടത്ത് പാര്‍ക്ക് ചെയ്യാന്‍ പറഞ്ഞു അതും ചെയ്തു.. അവര്‍ കുറ്റം കണ്ടു പിടിക്കാത്തത് കൊണ്ടോ അതോ അറബിയിന്നു രാവിലെ പോന്നപ്പോള്‍ ഭാര്യയും ആയി പിണങ്ങാത്തകൊണ്ടോ എന്നറിയില്ല ഞാന്‍ പാസ്സ് ആയി…
ഇനി ഒരു കടമ്പ കൂടി … ഫൈനല്‍ റോഡ് ടെസ്റ്റ്…
10 ദിവസം കഴിയണം ഇനി ടെസ്റ്റ് കിട്ടാന്‍.. പക്ഷെ അപ്പോഴേക്കും എനിക്ക് നാട്ടില്‍ പോകേണ്ട ദിവസവും ആകും… അടുത്ത ടെസ്റ്റ് പാസ്സ് ആകാന്‍ നാന്നായി ശ്രമിച്ചോളൂ.. അല്ലെങ്ങില്‍ വീണ്ടും പ്രി ടെസ്റ്റ് അറ്റന്റ് ചെയ്യേണ്ടി വരും എന്ന് ഉസ്താത് ഓര്‍മപ്പെടുത്തി…
കൂടുതല്‍ തിരക്കിയപ്പോള്‍ ആണ് ഞാന്‍ അറിയുന്നത് 30 ദിവസത്തില്‍ കൂടുതല്‍ ക്ലാസ്സ് സ്റ്റോപ്പ് ചെയ്താല്‍ ഫൈനല്‍ ടെസ്ടിലുള്ളവര് വീണ്ടും പ്രി ടെസ്റ്റ് അത്റെന്റ്റ് ചെയ്യണം എന്നാണു പോലും…
ഇവിടെ വരെ എങ്ങനെയാണ് എത്തിയതെന്ന് എനിക്കും ദൈവത്തിനും മാത്രേ അറിയൂ..
പാസ്സ് ആയെ മതിയാകൂ എന്നുള്ളകൊണ്ട് ഞാന്‍ കരുതലോടെ ആണ് വണ്ടി ഓടിച്ചത്… വല്യ കുഴപ്പങ്ങള്‍ ഇല്ലാതെ കുറെ ഓടിച്ചു.. പാസ്സ് ആകുമെന്ന് കരുതി തന്നെയാണ് ഞാന്‍ കാര്‍ ഓടിച്ചുകൊണ്ടിരിക്കുന്നത് .. അപ്പോഴാണ് എന്റെ പുറകില്‍ വന്നു ഏതോ കാലമാടന് ഹോണ്‍ മുഴക്കിയത്.. അവന്റെ ആര്‍ക്കോ വായുഗുളിക വാങ്ങിക്കാന്‍ പോകണം പോലും… പോകുന്നതില്‍ എനിക്ക് ഒരു വിരോധവും ഇല്ലാ…അവനു പോകാന്‍ ഞാന്‍ പോകുന്നതിന്റെ ഇടത് വശത്ത് ഫാസ്റ്റ് ട്രാക്കും വലത് വശത്ത് സ്ലോ ട്രാക്കും ഉണ്ടായിരുന്നു.. അതുവഴി അവനു പോയിക്കൂടായിരുന്നോ.. എന്നെ മനപൂര്‍വം തോല്പ്പിക്കനായി തന്നെ ആരോ അയച്ചപോലെ എന്റെ പുറകില്‍ വന്നു ഹോണ്‍ അടിച്ചത്…എന്ത് പറയാന്‍ ഞാന്‍ തോറ്റു..
നാളെ നാട്ടില്‍ പോവുകയാണ്.. ഒരു മാസം കഴിഞ്ഞേ തിരിച്ച് വരൂ.. ഞാന്‍ ക്ലാസ്സുകള്‍ നിര്‍ത്തി വെക്കുവാനുള്ള അപേക്ഷയും കൊടുത്ത് ഞാന്‍ നാട്ടിലേക്ക് പോയി…
ചേട്ടായിയുടെ കല്യാണം ഭംഗിയായി നടന്ന് തിരിച്ചെത്തി…
ഇതിനിടയില്‍ പ്രൈവറ്റ് സ്കൂളില്‍ ചേര്‍ന്ന ബിന്സിന് ലൈസന്‍സ് ഉം കിട്ടി.. U.A.E തെരുവുകളിലൂടെ വണ്ടി ഓടിച്ചുതുടങ്ങി… ഞാന്‍ ഫൈനല്‍ ടെസ്റ്റില്‍ എത്തിയിട്ടും വീണ്ടും പ്രി ടെസ്റ്റ് നു കാത്തിരിക്കുന്നു .. ഇനി എത്രനാള്‍ കാത്തിരിക്കേണ്ടിവരും ഈ ഡ്രൈവിംഗ് ലൈസെന്‍സ് ഒന്ന് കയ്യില്‍ കിട്ടാന്‍……
എന്താണെങ്കിലും ഞാന്‍ ക്ലാസ്സുകള്‍ പുനരാരംഭിക്കാന്‍ കത്തുനല്‍കി…ഒരാഴ്ചക്കുള്ളില്‍ അവര്‍ വിളിച്ചു …പഴയ ഉസ്താതും പഴയ സമയവും തന്നെ…രാവിലെ ഉണര്‍ന്നു ക്ലാസിനു പോകും… ഇതിപ്പോള്‍ ദിനചര്യയുടെ ഭാഗമായിരിക്കുന്നു…
ഒരാഴ്ച കഴിഞ്ഞു പ്രി ടെസ്റ്റി നുള്ള ദിവസം ആയി… പ്രതീക്ഷകള്‍ ഒന്നും ഇല്ലാതെയാണ് പോയത്……; ഒരു ചെറിയ പിഴവ് മതി ടെസ്റ്റ് അവര്‍ക്ക് തോല്‍പ്പിക്കാന്‍ … പിന്നെ രണ്ടാമതും ഈ ടെസ്റ്റ് അറ്റന്‍ഡ് ചെയ്യേണ്ടി വരുന്നതില്‍ ഉള്ള നീരസവും…
വളരെ പ്രതീക്ഷകളോടെ മുന്നേറുമ്പോള്‍ ആണല്ലോ പിഴവുകളും കണക്കുകൂട്ടലുകളും ലക്ഷ്യത്തിനു മുകളില്‍ കരിനിഴല്‍ വീഴ്ത്തുന്നത്… എന്തുകൊണ്ടോ ഞാന്‍ ഈ ശ്രമത്തില്‍ തന്നെ പാസ്സ് ആയി…
അങ്ങനെ ഫൈനല്‍ ടെസ്റ്റില്‍ അല്ല വീണ്ടും ഫൈനല്‍ റെസ്ടിനു യോഗ്യനായി…
ആദ്യ ഫൈനല്‍ ടെസ്റ്റ് ദിവസം.. ടെസ്റ്റ് അറ്റന്‍ഡ് ചെയ്തതിനു ശേഷം ഓഫീസിലേക്ക് പോകാംഎന്നുകരുതി.. ഫൈനല്‍ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നാണ് ഞാന്‍ ഓഫീസില്‍ എത്താന്‍ അല്പം വൈകും എന്ന് വിളിച് മുതലാളിയെ അറിയിച്ചപ്പോള്‍ 10 മണിക്ക ഒരു അത്യാവശ്യ മീറ്റിംഗ് വെച്ചിട്ടുണ്ട് ഒരു കാരണവശാലും വൈകരുതെന്ന്…
പിന്നെ ഞാന്‍ ഇല്ലേ പ്രൊജക്റ്റ് നടക്കില്ലല്ലോ …
10 എന്നുള്ളത് ഒരു 11 ആക്കിയാല്‍ എനിക്ക് ടെസ്റ്റ് അറ്റന്‍ഡ് ചെയ്യാമായിരുന്നു എന്നൊക്കെ പരമാവതി പറഞ്ഞു നോക്കിയിട്ടും അമ്പിനും വില്ലിനും അടുക്കാതെ എനിക്ക് ടെസ്റ്റ് അറ്റന്‍ഡ് ചെയ്യാനാവാതെ ഓഫീസിലേക്ക് തിരിക്കെണ്ടിവന്നു….
ഇതും എനിക്കൊരു അനുഭവം..
പത്തു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഫൈനല്‍ ടെസ്ടിനുള്ള മെസ്സേജ് കിട്ടി..ഈ തവണ മുതലാളി തിരിച്ചു വിളിക്കാതിരിക്കാന്‍ ഞാന്‍ മുന്‍പേ തന്നെ പകുതി ദിവസം ലീവ് എടുത്തിട്ടാണ് ടെസ്ടിനു പോയത് .. നഷ്ടങ്ങള്‍ മാത്രമുള്ള ഈ ഡ്രൈവിംഗ് പഠനത്തില്‍ നാട്ടില്‍ നില്‍ക്കേണ്ട ഒരു അര ദിവസം കൂടി … ഈതവണ രണ്ടാം ഊഴമായിരുന്നു എന്റെത് …ഓടിച്ചു … തെറ്റുകുറ്റങ്ങള്‍ ഇല്ലാതെ…
അങ്ങനെ ആകെ 92 .ക്ലാസ്സുകള്‍ക്കും 9 ടെസ്റ്റ് കള്‍ക്കും ശേഷം എനിക്ക് യു എ ഇ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടി…
ചെലവായത് 11,200 Dhs അതായത് 168000 ഇന്ത്യന്‍ രൂപ…
അഭിമാനമുണ്ട് .. നീണ്ട പ്രയത്നത്തിലൂടെ കിട്ടിയ ലൈസെന്സ്സുമായി ഈ തെരുവുകളിലൂടെ വണ്ടി ഓടിക്കുന്നതില്‍……..
Thank you for reading malayalam blogs Kalappadan