20 മിനിറ്റില്‍ നമ്മള്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും എന്ന എയര്‍ ഹോസ്റെസ്സിന്റെ മെസ്സേജ് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്…

തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ നാട്ടിലേക്കുള്ള യാത്ര, ഇന്നലെ ഒറ്റ ദിവസം കൊണ്ട് പ്ലാന്‍ ചെയ്തത് …

ഓരോ ജോലി മാറ്റത്തിലും ഞാന്‍ ആഗ്രഹിച്ച ഒന്നാണ് എല്ലാ വാരാന്ത്യവും നാട്ടില്‍ പോയി വരാന്‍ പറ്റുന്ന ഒരു ഓഫര്‍ …

കിട്ടുന്നതിലോ വര്‍ഷത്തില്‍ ഒരിക്കല്‍ തന്നെ ലീവ് കിട്ടിയാല്‍ കിട്ടി…

പക്ഷെ ഈ യാത്ര ഒരു വീക്ക്‌ എന്ടിലുള്ള പോയിവരവാണ് …

രണ്ട് പകലും ഒരു രാത്രിയും ഉണ്ട് നാട്ടില്‍…..

ഇതില്‍ 2 പെണ്ണ് കാണലും ഒരു മാമോദീസയും നേരത്തെ തന്നെ ഷെഡ്യൂള്‍ഡ് ആണ്..

ബാക്കി സമയം മൂന്നാറിലേക്ക് അല്ലെങ്കില്‍ ഗവിയിലേക്ക് ഒരു ട്രിപ്പ്‌ എന്നൊക്കെ ചിന്തിച്ചിരിക്കെ ഫ്ലൈറ്റില്‍ ആകെ ഒരു കുലുക്കം…


എയര്‍ പോക്കറ്റില്‍ വീണതാണോ എന്ന് അറിയില്ല…

എന്തോ സംഭവിച്ചിട്ടുണ്ട്…

ഈശോയെ.. ഇനി 20 മിനുറ്റ് ഒന്നും വേണ്ടി വരില്ല താഴെ എത്താന്‍…….

പൈലറ്റ്  ‘എന്‍റെ മുത്തശ്ശിയെ… ‘ എന്ന് വിളിച്ചെന്ന് തോന്നുന്നു..

ഒന്നു രണ്ട് മിനിറ്റ് കൊണ്ട ഫ്ലൈറ്റ് പഴയപടിയായി…. ഹോ സമാധാനം ……

ശരിക്കും കൈ വിട്ട ഒരു കളി ആണല്ലേ ഈ ആകാശയാത്ര … സേഫ്ടി ബെല്‍റ്റ്‌, ലൈഫ്‌ ജാക്കറ്റ്‌ , കുന്തം, കൊടച്ചക്രം … എത്തിയാല്‍ എത്തി എന്ന് പറയുന്നതാകും ശരി….

താഴെ അവിടവിടെയായി ചെറു വെളിച്ചങ്ങള്‍ കണ്ടു തുടങ്ങി…

ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ കണ്ട ആര്ഭാടങ്ങളെക്കാള്‍ എനിക്ക് ഇഷ്ടമായത് എന്റെ ഈ നാടിന്റെ നുറുങ്ങുവെട്ടങ്ങള്‍ തന്നെയാണ് …

വെളുപ്പിനെ ആയതിനാല്‍ ആണെന്ന് തോന്നുന്നു വലിയ തിരക്കൊന്നും കൂടാതെ പുറത്തെത്തി….

എന്നെ കാത്ത് ചേട്ടനും ചേച്ചിയും പപ്പയും മമ്മിയും ഉണ്ട്…

നാളുകള്‍ക്ക്‌ ശേഷം പ്രീയപ്പെട്ടവരെ കണ്ടുമുട്ടുമ്പോള്‍ ഉള്ള സന്തോഷം.. അത് .. അതൊന്നു വേറെ തന്നെയാണ്…

വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഞങ്ങള്‍ സാവധാനം ആണ് യാത്ര….

ചേട്ടന് വഴി നല്ല നിശ്ചയം ഉള്ളതിലാല്‍ വഴി നീളെയുള്ള ഹമ്പുകള്‍ പതിയെയാണ് കയറ്റി ഇറക്കുന്നത്…

കാലടി പാലം കഴിഞ്ഞുള്ള ഒരു ഹമ്പ് അങ്ങനെ ഇറക്കിയതും പുറകില്‍ അതാ ആര്‍ക്കോ വായുഗുളിക വാങ്ങിക്കാന്‍ പോകുന്ന ഒരുത്തന്‍ കൊണ്ടുവന്ന് ഇടിചിരിക്കുന്നു…

വണ്ടിക്ക് വന്ന കേടുപാടുകള്‍ അയാള്‍ ശരിയാക്കി തരാം എന്ന് ഏറ്റതിനാല്‍ മണിക്കൂറുകള്‍ക്ക് വേണ്ടി നാട്ടില്‍ വന്നിരിക്കുന്ന എന്റെ ഒരു മണിക്കൂറേ അവിടെ പോയുള്ളൂ…

എന്താണെങ്കിലും വരവ് നല്ല ഉഗ്രനായി വരുന്നുണ്ട്…

നല്ല സുന്ദരമായ പ്രഭാതം …

കൈയില്‍ ഒരു ടോര്‍ച്ചും കുറുവടിയും ആയി നടക്കാനിറങ്ങുന്നവര്‍ ..

പത്ര കെട്ടുകള്‍ അടുക്കി വെക്കുന്നവര്‍.. പാലുമായി പോകുന്നവര്‍.. …

അങ്ങനെ അങ്ങനെ….

സുന്ദരമായ ഒരു ദിവസത്തെ ആവേശപൂര്‍വം തുടക്കം കുറിക്കുകയാനവര്‍..

പോകുന്ന വഴി തന്നെ തട്ടുകടയില്‍ നിന്ന് ഒരു ചൂടന്‍ ഉഴുന്ന് വടയും ചായും കുടിച്ച് വീട്ടിലെത്തി…

2 മണിക്കാണ് ആദ്യ പെണ്ണുകാണല്‍ … അതിനാല്‍ വീട്ടിലെത്തി അധികം താമസിയാതെ ഉറക്കത്തിലേക്ക് ….

കുറച്ചു സമയത്തേക്ക് നാട്ടില്‍ വന്നിട്ട് അത് കിടന്നു ഉറങ്ങി തീര്‍ക്കണ്ട കാര്യമില്ലല്ലോ.. ഞാന്‍ 12 മണിയോടെ ഉണര്‍ന്നു..

അല്ലാപിന്നെ..

ചേച്ചിയുടെ അച്ഛയും അമ്മയും വന്നിട്ടുണ്ടായിരുന്നു…

പപ്പയും അച്ഛയും ഞാനും കൂടി പെണ്ണ് കാണാന്‍ പോകാമെന്ന് തീരുമാനിച്ചു..

ചേട്ടായി ഓഫീസില്‍ പോയത്‌ നന്നായി.. അല്ലെങ്ങിലും തന്നെക്കാള്‍ സുന്ദരന്‍ മാരോടൊപ്പം പെണ്ണുകാണാന്‍ പോകരുതന്നല്ലേ ശാസ്ത്രം..

2 മണിയോടെ ഞങ്ങള്‍ അവിടെയെത്തി.. ബ്രോക്കര്‍ വര്‍ഗീസ്സുചേട്ടന്‍ വഴിയില്‍ തന്നെ കാത്തുനില്‍പ്പുണ്ടായിരുന്നു…

അപരിചിതമായ ഒരു വീട്ടിലേക്ക്‌ …

അതും ഞാനാണ്‌ അവിടുത്തെ ശ്രദ്ധാകേന്ദ്രം…

ചോദ്യങ്ങള്‍ എല്ലാം തികച്ചും വ്യക്തിപരവും… ജോലിയും കൂലിയും മുതല്‍ ഇഷ്ട വിഭവങ്ങള്‍ വരെ…

പെണ്ണിനെ കെട്ടിച്ചു കൊടുക്കനുള്ളതല്ലേ, അവര്‍ക്ക്‌ എന്തും ചോദിക്കാമല്ലോ..

ഇതിനിടയില്‍ പലരും വന്നു എത്തി നോക്കി പോയി..

ഞാന്‍ ഇപ്പോള്‍ പെണ്‍കുട്ടി ചായയുമായി വരുന്നതും കാത്തിരുന്നു… ഒരു പത്ത് മിന്റ്റ്റ്‌ നീണ്ട ചോദ്യ ശരങ്ങള്‍…
ഒരല്പം പരിഭ്രമത്തോടെ പെണ്‍കുട്ടി വന്നു..

കയ്യില്‍ ചായ ഇല്ല… കാലുകൊണ്ട് കളവും വരച്ചില്ല..

വെളുത്ത നിറം..നല്ല മുഖം …നീണ്ട മുടി.. എന്നേക്കാള്‍ നല്ല തടി എന്നത് അല്ലാതെ ഒരു കുറ്റവും ഞാന്‍ ആ കുട്ടിയില്‍ കണ്ടില്ല…..

പക്ഷെ അത് എനിക്ക് പ്രധാനമായതിനാല്‍ അപ്പോഴെ ഞാന്‍ എന്റെ തീരുമാനം ഉറപ്പിച്ചു…

ചടങ്ങുകള്‍ തുടര്‍ന്നല്ലേ പറ്റൂ.. ഞാനും ചോദിച്ചു കുറെ .. ഇടയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍, വാ ഇനി ചായ കുടിച്ചാകാം സംസാരങ്ങള്‍ എന്ന്…

ഫ്ലൈറ്റ് ടിക്കറ്റ്‌ വെള്ളത്തിലാകുന്ന ലക്ഷണം ആണ് കാണുന്നത്.. കാപ്പി കുടി എങ്കിലും നടക്കട്ടെ…

വളരെ താല്പര്യത്തോടെയാണ് അവരുടെ ഓരോ ചോദ്യങ്ങളും.. ഇനി എന്നാണു ലീവ് കിട്ടുക.. എത്രനാള്‍ കിട്ടും എന്നൊക്കെ…

അവര്‍ക്ക്‌ വല്ലതും ചോദിക്കാനുണ്ടാകും ..അവര്‍ സംസാരിക്കട്ടെ എന്ന് പറഞ്ഞു ബാക്കി എല്ലാവരും അവിടെ നിന്നൊഴിഞ്ഞു…

മനസ്സില്‍ ഞാന്‍ ഇതല്ല എന്റെ വാരിയെല്ല് എന്ന് ഉറപ്പിച്ചിരുന്നു ..

എന്നിട്ടും ഈ പ്രഹസനം നടത്തുന്നതില്‍ എനിക്കെന്തോ താല്പര്യം ഇല്ലാത്തതിനാല്‍ ഞാന്‍ ആ കുട്ടിയോട് ചോദിച്ചു..

എന്നോട് വല്ലതും ചോദിക്കനുണ്ടെങ്കില്‍ ചോദിച്ചോളൂ എന്ന്… എന്തൊക്കെയോ ചോദിച്ചോപ്പിച്ചു..

വൈകാതെ തന്നെ മംഗളം പാടി അവിടെനിന്നിറങ്ങി…

വഴിയില്‍ വെച്ച് തന്നെ ഞാന്‍ എന്റെ അഭിപ്രായം ബ്രോക്കറെ അറിയിച്ചു..

ആ ഇത് താല്പര്യം ഇല്ലെങ്ങില്‍ വേണ്ട .. വേറെയും ഉണ്ടെന്നു പറഞ്ഞു ആരെയോ ഫോണില്‍ വിളിച്ചു…

എന്നിട്ട് അവര്‍ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട് ..നമുക്ക്‌ വണ്ടി നേരെ പാലായിലേക്ക് വിടാം എന്ന്..

ഇതെന്താ കാള കച്ചവടമോ..

ആ ..പാലയിലേക്കെങ്കില്‍ പാലായിലേക്ക് …

അവിടെ തടി അല്ലായിരുന്നു വില്ലന്‍.. …………..

ആ കുട്ടിയും ഐ.ടി എഞ്ചിനീയര്‍ .. വീട്ടില്‍ എന്തിനാ രണ്ടു വട്ടന്മാര്‍.. …

ഇതൊന്നും ചോദിച്ചറിയാന്‍ ടൈം കിട്ടിയില്ലല്ലോ…വണ്ടിയില്‍ വെച്ച് പ്ലാന്‍ ചെയ്തതല്ലേ … നാട്ടില്‍ വന്നിട്ട് പാലാ കാണാതെ പോകരുതെന്നുണ്ടാകും…

വൈകിട്ട് 7 മണിയോടെ വീട്ടില്‍ തിരിച്ചെത്തി ..

നാട്ടിലേക്ക്‌ വരുന്നത് പറയാതിരുന്നതിന്റെ പരിഭവം ചാച്ചന്മാര്‍ക്കും ആന്റിമാര്‍ക്ക് ഉണ്ടാകും..

അടുത്തുള്ള വീടുകള്‍ സന്ദര്‍ശിച്ചേക്കാം എന്ന് തീരുമാനിച് കുളി കഴിഞ്ഞു നേരെ ബിജു ചാച്ചന്റെ അടുത്തേക്ക്‌…… ..

വരവും സാഹചര്യങ്ങളും പറഞ്ഞപ്പോള്‍ പരിഭവം മാറി…

വീട്ടിലേക്ക്‌ പോകാന്‍ ഇറങ്ങിയപ്പോള്‍ നല്ല മഴ…

കുറെ നാളുകള്‍ക്ക്‌ ശേഷം ഒരു മഴ കണ്ടതാ.. നനഞ്ഞു തന്നെ പോയേക്കാം..

നനഞ്ഞു വന്നതിന്റെ ചീത്ത മമ്മിയുടെ വക കിട്ടിയപ്പോള്‍ ഒരു സമാധാനം ആയി ..

നാട്ടില്‍ പോയാല്‍ മഴ നനയുക എന്നത് ഒരു പ്രവാസിയുടെ ജന്മാവകാശം ആണെന്ന് ഈ വെറും മലയാളികള്‍ക്ക്‌ അറിയില്ലല്ലോ …

എല്ലാവരെയും ഒന്ന് വിളിച്ചേക്കാം എന്ന് കരുതി ഒരു ആന്റിയെ വിളിച്ചു ..

ആന്റി, ഞാന്‍ ലെജിയാ നാട്ടില്‍ എത്തി .. ഒന്നുരണ്ട് പെണ്ണുകാണാന്‍ എത്തിയതാ എന്ന് പറഞ്ഞതും ..

വേറെ വിശേഷം ഒന്നും ഇല്ലല്ലോ എന്ന് തിരിച്ച് ചോദിച്ച് ഫോണ്‍ കട്ട് ചെയ്തു… പ്രതികരണം കേട്ടാല്‍ തോന്നും ഞാന്‍ ഏതോ അറബി പെണ്ണിനെയും കൊണ്ടാ വന്നതെന്ന്.. ന്റമ്മോ…ആന്റിമാരായാല്‍ ഇങ്ങനെ വേണം…
അതോടെ ഞാന്‍ വിളിയും നിര്‍ത്തി….

നാളെ വൈകിട്ട് കോലഞ്ചേരിയിലാണ് നിശ്ചയിച്ച പെണ്ണുകാണല്‍ ഉള്ളത്..

ഉച്ചക്ക് ജിനുവിന്റെ വാവയുടെ മാമ്മോദീസയും കൂടണം…

എനിക്ക് നാട്ടില്‍ നിന്ന് തിരിച്ച് പോയാലും ഒരുപാട് നല്ല ഓര്‍മ്മകള്‍ തരുന്ന കൂട്ടുകാര്‍.. …

ഒരുത്തനെയും കാണാന്‍ ടൈം കിട്ടിയിട്ടില്ല…

നാളെ മാമോദീസ വീട്ടില്‍ കണ്ടുമുട്ടാം എന്നോര്‍ത്ത് കിടക്കാന്‍ തീരുമാനിച്ചു …

യാത്രയുടെ ക്ഷീണവും.. നല്ല തണുപ്പും.. ഉറങ്ങി പോയതറിഞ്ഞില്ല….

ഡാ മോനെ .. ആലീസ്‌ ആന്റി ഒരു പെണ്‍കുട്ടിയുടെ കാര്യം പറഞ്ഞിട്ടുണ്ട് ..നീ അതുകൂടെ ഒന്ന് പോയി കാണാമോ ..ഇങ്ങനെ തുടങ്ങി, ഒരു പെണ്‍കുട്ടിയെ മമ്മി വര്‍ണ്ണിക്കുന്നത് കേട്ട് കൊണ്ടാണ് എന്റെ ഇന്നത്തെ ദിവസം ആരംഭിച്ചത്..

വര്‍ണ്ണനയില്‍ എവിടോ ഐ.ടി എന്ന് പറയുന്ന കേട്ടപ്പോള്‍ തന്നെ.. ഞാന്‍ എങ്ങും പോകുന്നില്ല.. മമ്മി പോക്കെ….
ഞാന്‍ വീണ്ടും പുതപ്പിനിടയിലെക്ക് നൂണ്ടു കയറി… ഐ.ടി പോലും ഐ.ടി …

ദേ വീണ്ടും വന്നേക്കുന്നു..

ഈ തവണ ഫോണിന്റെ അങ്ങേത്തലക്കല്‍ ആലീസാന്റിയാണ്…

ഡാ.. ഞാന്‍ അറിയുന്ന കിട്ടിയാ..നീ ഒന്ന് പോയി കണ്ടു നോക്ക്.. ഐ.ടി ആയാല്‍ നിനക്കെന്താ ..നീ ജോലിക്ക്‌ വിടാതിരുന്നാല്‍ മതിയല്ലോ എന്ന് …

ഞാന്‍ എഴുനേറ്റ് മുഖം കഴുകാന്‍ ബാത്ത് റൂമിലേക്ക്‌ കയറി കണ്ണാടി നോക്കിയപ്പോ ചുണ്ടില്‍ തേനീച്ച കടിച്ച പോലെ മേല്‍ച്ചുണ്ട് നീര് വന്നിരിക്കുന്നു…

ബെസ്റ്റ്‌ ..ഇന്ന് രണ്ടു പെണ്ണ് കാണല്‍ ഉള്ളതാ… … പണ്ടേ ദുര്‍ബലന്‍ ഇപ്പൊ ഗര്ഭണന്‍ …

ഞാന്‍ ആന്റിയെ തിരിച്ച് വിളിച് ആലുവക്ക്ക് ഞാന്‍ ഇല്ല എന്നറിയിച്ചു..

നിന്നെ അറിയാവുന്നതാ നീ പെണ്ണുകാണാന്‍ ആയിട്ടോന്നും പോകണ്ട.. ആലുവ വരെ ഒന്ന് പോയി വാ…
കുടുങ്ങി.. ഉച്ചവരെ വീട്ടില്‍ ചിലവഴിക്കാം എന്ന് കരുതി ഇരുന്നതാ..
അത് ഗോവിന്ദാ…

ആലുവ യു.സി കോളേജിന്റെ പുറകില്‍ ആയിരുന്നു വീട്…

ഒരു പെണ്ണുകാണല്‍ ആയി ആ കൂടി കാഴ്ച തോന്നിയില്ല..

ഏതോ ബന്ധുവീട്ടില്‍ പോയപോലെ.. പറഞ്ഞു വന്നപ്പോള്‍ … ആ കുട്ടിയും ഡോട്ട് നെറ്റ് തന്നെ…
നല്ല ബീഫ്‌ കട്ട്‌ലറ്റ് ഉം പിന്നെ കുറെ പലഹാരങ്ങളും കഴിച്ചു ഞങ്ങള്‍ ഇറങ്ങി…

ജോലിക്ക് വിടാതെ ഭര്‍ത്താവിനെയും നോക്കി കുഞ്ഞുകുട്ടി പരാദീനങ്ങളുമായി അടുക്കളയില്‍ ഒതുങ്ങേണ്ടവള്‍ അല്ല ഭാര്യ…

അവളെ ജോലിക്ക്‌ വിട്ടിട്ട് വേണം എനിക്ക് വെറുതെ വീട്ടില്‍ ഇരിക്കാന്‍ …

അതുകൊണ്ട് അതും ഗോപി….

നാലു മണിക്കാണ് കോലഞ്ചേരിയിലെ പെണ്ണുകാണല്‍…

ഇനി വീട്ടില്‍ ചെന്നിട്റ്റ്‌ പിന്നീട് അവിടേക്ക് പോകുന്നതിലും നല്ലത് നേരെ അവിടെ പോയി ആ അങ്കം കൂടി കഴിഞ്ഞ് വരവിന്റെ ഉദ്ദേശം പൂര്ത്തിയാക്കുന്നതല്ലേ ….

അയ്യോ മാമോദീസ… … രാത്രിയില്‍ അവിടെ നിന്ന് ആകാം.. അത് കഴിഞ്ഞു നേരെ എയര്‍ പോര്ടിലെക്കും വിടാം….

കുറച്ചു ഡ്രസ്സ്‌ ഒക്കെ വാങ്ങിക്കാനുണ്ടായിരുന്നു .. അത് കഴിഞ്ഞു ചെല്ലുമ്പോള്‍ ഏകദേശം പെണ്ണുകാണലിനു ടൈം ആകും…

അങ്ങനെ ആലുവ സീമാസില്‍ തന്നെ കയറി ആ പരുപാടിയും തീര്ത്തു… പക്ഷെ ഇതിലും നല്ലത് തിരുവാണിയൂര്‍ ചേനക്കോട് ആയിരുന്നു…

നാലുമണിയോടെ കോലഞ്ചേരിയില്‍ എത്തി..

വഴിയില്‍ നിന്ന് വര്‍ഗീസ് ചേട്ടനും കൂടെ കയറി… പതിവ് പോലെ പെണ്ണിനെയും പെണ്‍ വീട്ടുകാരെയും കുറച്ചുള്ള വര്‍ണ്ണനകള്‍……….. …. ..ഗേറ്റ് കടന്നു ഒരു റബ്ബര്‍ തോട്ടത്തിലൂടെ ആണ് വീട്ടിലേക്കുള്ള വഴി…

വഴി ചെന്നെത്തുന്നത് ദേവാസുരത്തിലെ ലാലേട്ടന്റെ നാലുകെട്ടിനെ ഉപമിക്കാവുന്ന ഒരു കോണ്‍ക്രീറ്റ്‌ നാലുകെട്ട്….

മുറ്റത്ത്‌ നൂന് നാല് കാറുകള്‍ ഉണ്ട്… ഒരു വെള്ള രജി. corolla… അതിനെ നോക്കി ..ഇതാണ് പെണ്‍കുട്ടിക്ക് കൊടുക്കുന്ന കാര്‍…….. ……എന്ന് വര്‍ഗീസ്സു ചേട്ടന്‍…

വീട്ടു മുറ്റത്ത്‌ ഒരു ഘടാഘടിയനായ രൂപം …….,

അച്ഛനാണെന്ന് പരിചയപ്പെടുത്തി…. ഈ അച്ഛന്റെ മകള്‍ ആണെങ്ങില്‍ corolla അല്ല ടിപ്പര്‍ ലോറി തന്നെ വേണ്ടിവരും…

പതിവ് പോലെ സ്ഥിരം ചോദ്യങ്ങള്‍……. …….. …. പെണ്‍കുട്ടി വന്നു… അച്ഛന്റെ മകള്‍ തന്നെ…

ഞാന്‍ വര്‍ഗീസ്‌ ചേട്ടനെ ഒന്ന് നോക്കി…

അധികം വൈകാതെ … ചടങ്ങുകള്‍ പൂര്‍ത്തിയാക്കി … ഇന്ന് തന്നെ തിരിച്ച് പോകേണ്ടതാണ് ..കുറച്ചു തിരക്കുണ്ടെന്നു പറഞ്ഞു ഞങ്ങള്‍ ഇറങ്ങി….

ഞങ്ങളുടെ കൂടെ വര്‍ഗീസ് ചേട്ടന്‍ വരാതിരുന്നത് വര്‍ഗീസു ചേട്ടന്റെ ഭാഗ്യം….

നേരെ ജോര്‍ജ്ജ് ചേട്ടന്റെ വീട്ടിലേക്ക്‌..

ജിനുവിന്റെ വാവയുടെ മാമോദീസ..അവിടെ എന്നെയും കാത്ത് പെണ്ണുകാണല്‍ വിശേഷങ്ങള്‍ വിവരിക്കാന്‍ സുഹൃത്തുക്കള്‍ കാത്തിരിക്കയായിരുന്നു…

വിരസമായ എന്റെ ദിവസത്തിന് ജീവന്‍ പകര്‍ന്നു തന്നു അവര്‍…

രാത്രി പതിനൊന്നു മണിയോടെ എയര്‍ പോര്ട്ടിലെക്ക് …

ഞാന്‍ എന്റെ പുന്നാര ബോസിനോട് ഒരു ദിവസം കൂടി കൂടുതല്‍ ചോദിച്ചതാ… തന്നില്ല… ഇതൊക്കെ കൊണ്ടുതന്നാ…

ഞാന്‍ ഐ.ടി കാരിയെ പരിഗണിക്കാത്തതും….

©Lajeev Kalappattil

Thank you for reading malayalam blog Kalappadan