ക്ഷണക്കത്ത്‌

ഈ പള്ളി ഇടവകയില്‍പ്പെട്ട പാലാല്‍ കളപ്പാട്ടില്‍ രാജന്റെയും ലീലാമ്മയുടെയും മകന്‍ ലെജീവ്‌ എന്ന് വിളിക്കുന്ന ദേവസ്യയും കോതമംഗലം പള്ളി ഇടവകയില്‍ പെട്ട ജോര്‍ജ്ജിന്റെയും സൂസന്റെയും മകള്‍ ആന്‍സി എന്ന് വിളിക്കുന്ന സാറയും തമ്മിലുള്ള വിവാഹം ഏപ്രില്‍ മാസം 8 -)൦ തീയതി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു…

അതെ .. അവസാനം ആ വാരിയെല്ലുകണ്ടുകിട്ടി … വടക്ക്‌ കിടന്നതിനെ തെക്കോട്ട് പോയി അന്യോഷിച്ചാ കിട്ടുമോ ? അതുതന്നെയുമല്ല പെണ്ണുകാണാന്‍ വാരാന്ത്യം ടിക്കറ്റ്‌ എടുത്തും പോകുവല്ലേ…

ഇവള്‍ എന്നെനേരില്‍ കണ്ടിട്ടില്ലാത്തകൊണ്ട് അവള്‍ക്ക് എന്നെയും ഇഷ്ടപ്പെട്ടു…

കല്യാണ ദിവസമേ ഇനി തിരുമുഖം ദര്‍ശനത്തിനു കൊടുക്കാവൂ എന്നും അവളുടെ ബോധം പോകുന്നതിനു മുന്നേ കേട്ടിയേക്കണം എന്ന വിധക്ത ഉപദേശവും കിട്ടിയിട്ടുണ്ട്…

അവളുടെ ‘കാലക്കേട്’ എന്ന് അസൂയക്കാര്‍ പറയുമെങ്കിലും ഇപ്പോള്‍ അവള്‍ ഒരു ലോട്ടറി എടുത്താല്‍ ഒരു കോടിയും മാരുതിക്കാറും പിന്നെ … ആ അങ്ങനെ എന്തൊക്കെയോ അവളുടെ വീട്ടില്‍ ഇരിക്കും എന്നതാണ് സത്യം …

ഇനി അവളെ പരിചയപ്പെടുത്താം …

അവള്‍ ഒരു മാലാഖയാണ് … കൈയില്‍ മെഴുകുതിരി നാളങ്ങളുമായി … എന്റെ ജീവിതത്തിലേക്ക്‌ വെളിച്ചം വീശുവാന്‍ അവള്‍ വരികയായ് ….

സുന്ദരി, സുശീല ….

വാ പോയ കോടാലി പോലെ നാക്കിനു എല്ലില്ലാത്ത എനിക്ക് മിതഭാഷിയായ സഹധര്‍മ്മിണി !!

ഐ ടിക്കാരി വേണ്ട എന്ന് വാശിപിടിച്ച എനിക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ പോലും ഇല്ലാത്ത പെണ്‍കുട്ടിയെ തന്നെ കിട്ടി…

എങ്കിലും …… വെള്ളവസ്ത്രം ധരിച്ച് എന്ത് പറഞ്ഞാലും ഒന്നും മിണ്ടാതെ കിട്ടുന്നതും വാങ്ങി പോയിരുന്ന ആ നഴ്സ്സ് വിഭാഗം അല്ല ഇന്ന്…

ഇപ്പൊള്‍ സമരച്ചാലുകളില്‍ നീന്തി തുടിക്കുന്നവരാണ് മാലഖമാര്‍ … അതും സമരം കൊടുംപിരി കൊണ്ട കോതമംഗലത്ത് നിന്നുതന്നെ ആകുമ്പോള്‍ പറയുകയേ വേണ്ടല്ലോ….

പിന്നെ സുന്ദരി, സുശീല.. ഇവര്‍ ഒക്കെ അവളുടെ ഉറ്റ സുഹൃത്തുക്കളാകാനും വഴിയുണ്ട് ….

ചാണ്ടി മുതല്‍ പ്രജി വരെ ഉള്ളവരുമോത്തുള്ള സഹവാസം കൊണ്ട് അടുക്കള ബഹിഷ്കരിച്ചുകൊണ്ട് അവള്‍ നടത്തിയേക്കാവുന്ന സമര മുറകളെ ഞാന്‍ ധീരമായി നേരിടും…

ന്യു ജനറേഷന്‍ ആയകൊണ്ട് ചായ ഉണ്ടാക്കാന്‍ അറിഞ്ഞാല്‍ തന്നെ ഭാഗ്യം…

കെട്ടിടത്തിനു മുകളിലെ ആത്മഹത്യാ ഭീഷണി ..

ആകാരഭംഗിയില്‍ എന്നെപ്പോലെ തന്നെ ഇരിക്കുന്ന കൊണ്ട് കെട്ടിടത്തിനു മുകളില്‍ നിന്നാല്‍ മതി കാറ്റടിച്ചു താഴെ പൊക്കോളും… അതുകൊണ്ട് അവള്‍ ആ കടുംകൈക്ക് മുതിരില്ലെന്നുതന്നെ പ്രതീക്ഷിക്കാം….

ഏഴെട്ടു വര്‍ഷത്തെ പ്രവാസ ജീവിതം അവളുടെ ഒളിപ്പോരുകളെ നേരിടാന്‍ എനിക്ക് കരുത്ത്‌ പകരും എന്നും പ്രത്യാശിക്കാം…

പറഞ്ഞു വന്നത് ഞങ്ങള്‍ വാളും പരിചയുമായി അങ്കത്തിന് ഇറങ്ങുകയാണ്… ഏപ്രില്‍ 8 നു …
എന്റെ ജീവിത യാത്രയുടെ രണ്ടാം ഘട്ടത്തിന് അന്ന് തുടക്കം കുറിക്കുകയാണ്… ഏറെ പ്രതീക്ഷകളോടെ …

എല്ലാ പ്രീയ സുഹൃത്തുക്കളെയും ജീവിതത്തിലെ ഈ സുന്ദര നിമിഷത്തിനു സാക്ഷിയാകുവാന്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു…

വാല്ക്കഷണം : ക്ലോക്ക് ,കസ്സരോള്‍, ചില്ല് – സ്റ്റീല്‍ പാത്രങ്ങള്‍ ആദിയായവ വീടിന്‍റെ കയറി താമസത്തിനു കിട്ടിയത് ഇഷ്ടം പോലെ ഇരിക്കുന്നുണ്ടെന്ന് പ്രത്യേകം അറിയിക്കുന്നു….

©Lajeev Kalappattil

Thank you for reading malayalam blogs Kalappadan