മമ്മി വെളുപ്പാന്‍ കാലത്തെ തുടങ്ങും എന്നെ ഉണര്‍ത്താനുള്ള വിളി……
അവസാനം പേരയുടെ കൊമ്പ് ഒടിച്ചു അതില്നിന്നൊരെണ്ണം കിട്ടിയാലേ ഞാന്‍ ഉണരൂ….
എനിക്ക് എന്തോ അതാ ഒരു ശീലം….
ഇതിനിടയില്‍ ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ടാകും “നീയാ.. റോബിനെയും റെബിനെയും കണ്ട് പഠിക്കെടാ എന്ന്… ഇവിടെ ഒരുത്തനുണ്ട് പുസ്തകം കൈ കൊണ്ട് തൊടില്ല… കൊട്ടപ്പടി അല്ലെ പരീക്ഷക്ക് കിട്ടുന്നത്… ”
നാണം ഉണ്ടെങ്കിലല്ലേ ഇതൊക്കെ കേട്ടാല്‍ ഞാന്‍ നന്നാകൂ….
എന്താണെങ്കിലും ദൈവത്തെ വിളിച്ചു കൊണ്ടാ ഞാന്‍ ഉണരാറുള്ളൂ….
ദൈവമേ, വിജയകുമാര്‍ സാറിന്റെ സ്കൂട്ടര്‍ ഇന്ന് കനാലില്‍ പോകണേ… കുഞ്ഞമ്മിണി സാര്‍ വരുന്ന വഴി കുഴിയില്‍ വീഴണേ … അല്ലെങ്കില്‍ എതേലും മന്ത്രി തട്ടി പോയിട്ടുണ്ടാകണേ ….
നമുക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയേക്കാള്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവം പെട്ടെന്ന് കേള്‍ക്കും എന്ന് സണ്‍ഡേ സ്കൂളില്‍ കൂനന്‍ സാര്‍ പഠിപ്പിച്ചത് ഞാന്‍ ഓര്‍ക്കും….
എവിടെ?, എന്റെ പ്രാര്‍ത്ഥന ഇന്നുവരെ കേട്ടതായി എനിക്ക് ഓര്‍മ്മയില്ല!!
എന്നാല്‍ വേനല്‍ അവധി ആയതിനാല്‍ മമ്മി വിളിക്കാതെതന്നെ ഞാന്‍ ഉണര്‍ന്നു……
കളിയ്ക്കാന്‍ പോകാനുള്ളതല്ലേ.
ഇന്ന് ആത്താണിയായിട്ട് ക്രിക്കറ്റ് മാച്ച് ഉള്ളതാ… ഇന്ത്യ-പാക് ക്രിക്കറ്റ് പോലെ ഞങ്ങള്‍ക്ക് വീറും വാശിയുമായിരുന്നു നടുക്കുരിശും ആത്താണിയും തമ്മിലുള്ള മത്സരം….
ഇന്ന് പക്ഷെ കളി നടക്കാതിരിക്കാന്‍ കുറെ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ട്….
ഉണക്കാന്‍ വെച്ച പന്ത് റെഡിയായോ ആവോ?
ചകിരി ഉരുട്ടി .. ഒട്ടുപാല് ചുറ്റി..അതിനു മുകളില്‍ തുണി ചുറ്റി … റബ്ബര്‍ പാലില്‍ മുക്കി ഉണക്കാന്‍ വെച്ചത്….
ടെന്നീസ് ബോളിലേക്ക് രൂപാന്തരപ്പെടുന്നതിനു മുന്‍പേ ഞങ്ങള്‍ സ്വന്തമായി ഉണ്ടാക്കുന്ന പന്ത്….
ഇന്നലെത്തെ കളിക്കിടയില്‍ ബെന്നി ചേട്ടന്റെ വീടിന്റെ ഓടു പൊട്ടി…. ആകെയുള്ള ബാറ്റ് ‘അമ്മച്ചി’ വന്ന് എടുത്തോണ്ട് പോയി … അതൊരു പ്രശ്നം..
ഓടു പൊട്ടിയ വിവരം ബെന്നിച്ചേട്ടന് അറിഞ്ഞാല്‍ ഇനി മേലാല്‍ അവിടെ കളി നടക്കില്ല… കളി എവിടെ നടക്കും എന്നത് മറ്റൊരു പ്രശ്നം…
ഞങ്ങളുടെ ഹോം ഗ്രൗണ്ടില്‍ കളിക്കുന്ന ആനുകൂല്യം അത്താണിയില്‍ ചാലിലെ പാടത്ത് കളിച്ചാല്‍ കിട്ടില്ലല്ലോ…
ഇവിടെയാണേ തിണ്ണമിടുക്ക് കാണിക്കാം…
അങ്ങനെ ചായകുടിയും കഴിഞ്ഞു ഇറങ്ങി … ഇറങ്ങാന്‍ നേരം മമ്മി പറഞ്ഞു ..
“കളിയ്ക്കാന്‍ പോകുന്നതൊക്കെ കൊള്ളാം … ഇടയ്ക്ക് പശുവിനെ മാറ്റി കെട്ടിയേക്കണം… . പിന്നെ തവിടും തിരിയും ഇട്ട് വെള്ളോം കൊടുത്തേക്കണം… ഞങ്ങള്‍ മെഡിക്കല്‍ മിഷന് ആശുപത്രി വരെ ഒന്ന് പോകുവാ”.
ഇത് ബാലാവേല അല്ലേ മമ്മി??…. ഇന്നലെ ഞാന്‍ കേട്ടല്ലോ 15 വയസില്‍ താഴെ ഉള്ളവരെ കൊണ്ട് പണി എടുപ്പിക്കരുതെന്നു !!!
മമ്മി അത് അടുക്കളയില്‍ നിന്ന് ചൂലെടുത്ത് വിശദീകരിക്കാന്‍ പോയപ്പോഴേ
“ഇടയ്ക്കിടെ മാറ്റി കെട്ടിയേക്കാം … പശുനെ തോട്ടത്തിലേക്ക് കെട്ടിയേരെ ” എന്ന് പറഞ്ഞു ഞാന്‍ ഓടി…
പന്ത് ഏതായാലും ഉണങ്ങിയിട്ടുണ്ട് … ബാറ്റ് അത്താണി പിള്ളേര് കൊണ്ടുവരാമെന്ന് ഏറ്റിട്ടുമുണ്ട് …ഇനി ഗ്രൗണ്ട് റെഡിയായാല്‍ മാത്രം മതി…
ഗ്രൌണ്ടിനു അടുത്തുള്ള ജോഷിയുടെ വീട്ടില്‍ പോയി സാഹചര്യങ്ങള്‍ ഒക്കെ തിരക്കി.. ജോഷി തോട്ടത്തില്‍ പാലെടുക്കാന്‍ പോയിരിക്കുകയാണ്… അത് കഴിഞ്ഞാലേ അവനെ കളിയ്ക്കാന്‍ വിടുകയുള്ളൂ… ബാലാവേല .. ബാലവേല …
‘അമ്മച്ചി’ രാവിലെ പ്രാര്‍ത്ഥനക്ക് പോകും ബെന്നിച്ചേട്ടന് ജോലിക്കും ,വൈകുന്നേരം തിരിച്ചു വരുന്നതിനു മുന്‍പേ കളി നമുക്ക് നിര്‍ത്താം എന്ന് ജോഷിയുടെ അനിയന് ‘ഇംബാവ’ യുടെ ഉപദേശം…
അപ്പോള്‍ കളി നടക്കും…
അങ്ങനെ ഇടവിടാതെ മൂന്ന് നാല് മത്സരങ്ങള്‍….
നട്ടുച്ച വെയിലോന്നും ഞങ്ങള്‍ക്ക് ബാധകം അല്ല …
ഇതിനിടയില്‍ പ്രാര്‍ത്ഥനക്ക് പോയിരുന്ന ‘അമ്മച്ചി’ തിരിച്ചെത്തി ..
ഇന്നലെയും ഇന്നുമായി പൊട്ടിയ ഓടിന്റെ കണക്കെടുപ്പ് വള്ളിയും പുള്ളിയും വെച്ച് തുടര്‍ന്നതിനാല്‍ ഞങ്ങള്‍ കളി അവസാനിപ്പിച്ച് പോന്നു….
വീട്ടിലേക്ക് കയറിയതും “നില്ലെടാ അവിടെ നിന്നോട് പശുവിനെ മാറ്റി കെട്ടണം എന്ന് പറഞ്ഞിട്ട് പോയതല്ലേ?? വെള്ളോം കൊടുത്തില്ല, അതവിടെ നിന്ന് കാറി പോളിക്കുവായിരുന്നു …നിന്നെ ഒക്കെ വെറുതെ വളത്തുന്നതാ… ” എന്ന് പറഞ്ഞ് മമ്മി അലറി വിളിച്ച് എന്റെ നേരെ….
ഇവിടെ ഞാന്‍ പോലും ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ലാ.. പിന്നാ… മമ്മിക്ക് അല്ലേലും പശുവിനോടാ ഈയിടയായി സ്നേഹം….
ഈ തത്വം ഒന്നും പറയാന്‍ ഞാന്‍ നിന്നില്ല… ഞാന്‍ ഓടി….. തോട്ടത്തിലേക്ക് ….
വിശന്നിട്ട് വയ്യ.. കളിച്ചോണ്ടിരുന്നപ്പോള്‍ ഇതൊന്നും അറിഞ്ഞതേയില്ല..
മമ്മിയുടെ ചൂട് ആറാതെ ഇനി വീട്ടില്‍ ചെന്നാല്‍ എന്റെ പുറം പൊളിയും…
ആ.. വാ കീറിയ ദൈവം അന്നം തരും….
തോട്ടത്തിന് അരികില്‍ ആഞ്ഞിലിയില്‍ നിറയെ പഴുത്ത ആഞ്ഞിലി ചക്കകള്‍ കണ്ടു..
പക്ഷെ മരത്തിനു ഉയരം കൂടുതലാണ്….. കൈ വട്ടം പിടിച്ചാല്‍ എത്താത്ത അത്രയും വണ്ണവും …
ഒരു കണക്കിന് അള്ളി പിടിച്ച് ഞാന്‍ മുകളില്‍ എത്തി…..
നല്ല പഴുത്ത് .. തേന്‍ ഊറുന്ന ..ആഞ്ഞിലി ചക്കകള്‍….
അവിടെ ഇരുന്ന് മൂളി പാട്ടും പാടി ഞാന്‍ ആഞ്ഞിലി പഴങ്ങള്‍ പറിച്ചു തിന്നുകൊണ്ടേ ഇരുന്നു…
ആഞ്ഞിലി യുടെ താഴെ കൂടി ഒരു റോഡുണ്ട്.. വല്ലപ്പോഴും ആരൊക്കെയോ അതുവഴി കടന്നു പോകുന്നുണ്ട്… ഇവരൊന്നും എന്നെ കാണുന്നുമില്ല…കണ്ടാല്‍ ഇത്രയും വലിയ ആഞ്ഞിലിയില്‍ വലിഞ്ഞു കയറിയതിനുള്ള അടി വേറെ കിട്ടും!!
റോഡില്‍ പാറുക്കുട്ടി വെല്യമ്മ പശുവിനെ കെട്ടിയിട്ടുണ്ട് ..
ആ പശു റോഡിനു കുറുകെ നിന്നാണ് വിശാലമായി പുല്ലു തിന്നുന്നത്…
നിന്നെപ്പോലെ ഒരു പശുവാ എന്നെ ഇത്രയും മുകളില്‍ എത്തിച്ചേ… തിന്നടീ തിന്ന് ….
അത്രയും നേരം ശാന്തമായി നിന്ന പശു .. ഒരു ഓട്ടോ വന്നതും ദേ വാലും പൊക്കി ഇപ്പുറത്തേക്ക് ….
കയര്‍ ഓട്ടോയില്‍ കുരുങ്ങി… ഡ്രൈവറുടെ കൺട്രോൾ പോയി … വണ്ടി മതിലില്‍ ഇടിച്ചു നിന്നു….
‘കുരുത്തം’ ഒന്നും സംഭവിച്ചിട്ടില്ല.. ഓട്ടോയുടെ മുന്‍വശം ചളുങ്ങി ചൈനക്കാരുടെ മൂക്ക് പോലെ പതിഞ്ഞിരിക്കുന്നുണ്ട് … ചില്ലും പൊട്ടി…. പിന്നെ വണ്ടിയില്‍ ഇരുന്ന ഗ്യാസ് ലൈറ്റ് അഞ്ചാറെണ്ണം പൊട്ടുകയും മാത്രമേ ചെയ്തിട്ടുള്ളൂ….. ഭാഗ്യം….
ഈ വെപ്രാളത്തില്‍ പശു കയറും പൊട്ടിച്ച് ഓടിയിരുന്നു ….
ഇതെല്ലാം തത്സമയം കണ്ടുകൊണ്ട് ഞാന്‍ മുകളിലും….
ഓട്ടോക്കാരന് ചാടി ഇറങ്ങി ഏതു നാ…മോ… ആടാ റോഡിനു നടുക്ക് പശുവിനെ തീറ്റിക്കുന്നേ എന്ന് പറഞ്ഞ് കലി തുള്ളി പുറത്തിറങ്ങി…
ഇടിയുടെ ഒച്ചകേട്ട് പാറുക്കുട്ടി വെല്യമ്മ ഓടി റോട്ടിലേക്ക് ഇറങ്ങി…
“തള്ളേ … നിങ്ങടെയാണോ ഇവിടെ നിന്നിരുന്ന പശു…. ”
ഇതു കേട്ടതും…
“എവിടെടാ ഇവിടെ കെട്ടിയിരുന്ന എന്റെ പശു.. നീ അതിനെ ഇടിച്ചു എവിടെക്കാടാ ഓടിച്ചേ… ”വെല്യമ്മയും …
ദേ.. വാദി പ്രതി ആയി….
വാക്കേറ്റം അങ്ങോട്ടും ഇങ്ങോട്ടും… ഇത് കേട്ട് ആളുകളും കൂടി…
ദൈവമേ.. ആരേലും മുകളിലേക്ക് നോക്കിയാല്‍ എന്നെ കാണും…
മമ്മി അച്ചാലും മുച്ചാലും തല്ലും….
ഞാന്‍ സ്വര്‍ഗസ്ഥനായ പിതാവേ… ചൊല്ലാന്‍ തുടങ്ങി…
ശോ.. പരീക്ഷക്ക് അത് ബിജോന്റെ നോക്കി എഴുതിയകൊണ്ട് മുഴുവനും ചൊല്ലാനും കിട്ടുന്നുമില്ലല്ലോ….
ആ എന്തൊക്കെയോ ചൊല്ലി ഒപ്പിച്ചു ഞാന്‍ …
ഈ പശു എന്നേം കൊണ്ടേ പോകത്തുള്ളൂല്ലേ …
“ഓട്ടോയും ശരിയാക്കണം പൊട്ടിയ ഗ്യാസ് ലൈട്ടും ശരിയാക്കണം ഇതിനുള്ള പൈസ തന്നില്ലേ തള്ളേടെ പശുവിനേം കൊണ്ട് ഞാന്‍ പോകും എന്ന് ഓട്ടോക്കാരന്….”
“ഞാന്‍ പശുവിനെ റോഡിനു അരികിലാ കെട്ടിയെ… കണ്ട പൂള വെള്ളോം കുടിച്ചു വണ്ടി ഓടിച്ചു വന്നിട്ട് എന്റെ പശുവിനെ ഇടിച്ചതും പോരാ വാചകം അടിക്കുന്നോടാ…. ”
“തള്ളേ .. നിങ്ങടെ പശു റോഡിനു അപ്പുറത്തായിരുന്നു … വണ്ടി വന്നതും അത് ഇങ്ങോട്ട് എടുത്ത് ചാടിയതാ… ”
“അനാവശ്യം പറയുന്നോ ഇതെല്ലാം മുകളില്‍ ഒരുത്തന് ഇരുന്ന് കാണുന്നുണ്ട് … ”
എന്നെ വെല്യമ്മ കണ്ടെന്നാ തോന്നുന്നേ… ഞാന്‍ പയ്യെ ഇറങ്ങാന്‍ തുടങ്ങി ……
“ഒരു മിണ്ടാപ്രാണിയെ ഇടിച്ച നിന്നോട് ദൈവം ചോദിക്കുമെടാ…. ”
ആഹ അപ്പോൾ എന്നെ അല്ലാലെ വെല്യമ്മ ഉദ്ദേശിച്ചേ ….
ഞാന്‍ വീണ്ടും മുകളിലേക്ക് കയറി……
“എന്റെ പശുവിനു എന്തേലും പറ്റിയിട്ടുണ്ടേ നിന്റെ ഓട്ടോ ഞാന്‍ ഇന്ന് കത്തിക്കും എന്ന് വെല്യമ്മയും ….. ”
ഈ ബഹളം ഒക്കെ കേട്ട് മമ്മിയും എത്തിയിട്ടുണ്ട് ….
ഇത് അടുത്തെങ്ങും തീരുന്ന ലക്ഷണമില്ല …
ആ ചേട്ടന്റെ കാലക്കേടിന് അല്പം മദ്യപിച്ചിട്ടും ഉണ്ട്…
നിജസ്ഥിതി ആര്‍ക്കും അറിയാത്ത കൊണ്ടും, മദ്യം ചേട്ടന്റെ ഉള്ളില്‍ ഉള്ളതുകൊണ്ടും വന്നവര്‍ വന്നവര്‍ ഓട്ടോക്കാരനു എതിരായി ….
ഇറങ്ങിചെന്ന് സത്യം പറഞ്ഞാലോ എന്ന് ഞാന്‍ ആലോചിച്ചു…
പക്ഷെ പശുവിനു വെള്ളം കൊടുക്കാത്തതും ഇതിന്റെ മുകളില്‍ കയറിയതും കൂടി ആകുമ്പോള്‍ എന്റെ കാര്യം പോക്കാ….
ഞാന്‍ ഇറങ്ങുവോ??
നാട്ടുകാര്‍ എല്ലാവരും എതിരായപ്പോള്‍ വേറൊരു നിവര്‍ത്തിയും ഇല്ലാതെ ചേട്ടന് സ്ഥലം കാലിയാക്കി….
എല്ലാവരും പോയി അന്തരീക്ഷം ശാന്തമായപ്പോള്‍ … ഞാന്‍ പതിയെ ഇറങ്ങി വീട്ടിലേക്ക് ചെന്നു….
വീട്ടില്‍ അപ്പോഴും ചര്‍ച്ച പശുവും ഓട്ടോയും തന്നെ… ആ തിരക്കില്‍ ഞാന്‍ വന്നതും പശുവിനു വെള്ളം കൊടുക്കാഞ്ഞതും ഒക്കെ മമ്മി മറന്നു…..
എല്ലാം മറന്നല്ലോ എന്ന് കരുതി ഞാന്‍ ഉള്ള സത്യം പറഞ്ഞു.. “ആ പശു വട്ടം ചാടിയതാ… ഞാന്‍ ആ ആഞ്ഞിലിയുടെ മുകളില്‍ ഇരുന്ന് കണ്ടതാ.. ”
ഇത് പറഞ്ഞു തീര്‍ന്നതും..
നിനക്ക് ഇറങ്ങി വന്നു സത്യം പറയായിരുന്നില്ലേ എന്ന് പറഞ്ഞായിരുന്നു അന്നത്തെ അടി……
വാല്‍ക്കഷണം : സാഹചര്യങ്ങള്‍ കൊണ്ട് പലപ്പോഴും സത്യത്തിനു നേരെ കണ്ണടക്കേണ്ടി വരുമ്പോള്‍ ആ അടി ഞാന്‍ ഇന്നും ഓര്‍ക്കും!!!