ഇടത്താവളം

അബുവിനോടും വിടപറഞ്ഞപ്പോള്‍  ശ്രീനിയുടെ കണ്ണുകള്‍ നിറഞ്ഞു ..

പ്രവാസ ജീവിതത്തിന്റെ ഒറ്റപ്പെടലില്‍ അവനു താങ്ങായിരുന്നത് ചില നല്ല സൗഹൃദങ്ങളായിരുന്നു ..

അതിലെ അവസാനത്തെ കണ്ണിയായിരുന്നു അബു..

പൊരിയുന്ന വെയിലില്ലാതെ .. കവറോളിന്റെ ദുര്‍ഗന്ധമില്ലാതെ … ഭാര്യയും മകനും ഒത്തുള്ള വര്‍ഷങ്ങളുടെ ഇടവേളകളില്‍ കിട്ടുന്ന കുറച്ചു ദിവസങ്ങള്‍ക്കായുള്ള ഒരു യാത്രയിലും അവന്‍  ഇന്നേവരെ സങ്കടപ്പെട്ടിട്ടിരുന്നില്ല …

നന്മയുടെ നിറമുള്ള അവന്റെ  ഗ്രാമത്തെ ഉപേക്ഷിച്ച് പ്രവാസത്തിലേക്ക് പറിച്ചു എറിയപ്പെട്ടപ്പോള്‍ അവന്റെ പ്രാരാബ്ധങ്ങള്‍ ആയിരുന്നു അവനെ മുന്നോട്ട് നയിച്ചത്….

അത് ഓരോന്നായി അഴിച്ചെടുക്കുമ്പോഴും കുരുക്കുകകളുടെ എണ്ണം ഏറിവന്നു …

അഴിച്ചു തീര്‍ക്കാന്‍ പറ്റാത്ത കുരുക്കിലാണ് അവനെന്ന തിരിച്ചറിവിന് 24 വര്‍ഷങ്ങള്‍ വേണ്ടിവന്നെന്നു മാത്രം….

എങ്കിലും ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു ചെറിയ വീടും അതിനോട് ചേര്‍ന്ന് കുറച്ചു സ്ഥലവും സ്വന്തമാക്കാന്‍ അവനെ സഹായിച്ചത് ഈ മരുഭൂമിയിലെ ജീവിതം തന്നെയാണ്..

ഈ ഇരുപത്തിനാല് വര്‍ഷത്തെ ജീവിതം അവസാനിപ്പിച് അവന്‍ നാട്ടിലേക്ക് യാത്രയാകുബോള്‍ ആകെയുള്ള സമ്പാദ്യവും അതുതന്നെ….

ഇനി എന്ത് എന്നൊരു വലിയ ചോദ്യം അവന്റെ മുന്നില്‍ നില്‍ക്കുമ്പോഴും ശാലിനിയുടെയും മകന്‍ ഉണ്ണിയോടും ഒപ്പമുള്ള ദിവസങ്ങള്‍ തന്നെ ആയിരുന്നു മനസ്സുനിറയെ …


എണ്ണിചുട്ട അപ്പം പോലെ നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ട് ഒരു പരാതിയുമില്ലാതെ എങ്ങനെയൊക്കെയോ കുടുംബം പുലര്‍ത്തിയിരുന്ന അവള്‍ക്ക് അവന്റെ സാമീപ്യം ഒരു ആശ്യാസമായേക്കാം ..

ഏറെ കാത്തിരുപ്പിനു ശേഷം കിട്ടിയ ഉണ്ണിയെ നേരെ ചൊവ്വേ ഒന്ന് ഒമാനിക്കണം …

തനിക്ക് ആവുന്ന വിധം അവനെ പഠിപ്പിക്കണം …

നാട്ടിലേക്ക് മടങ്ങിയെത്തിയ ഒരു ശരാശരി മലയാളിയുടെ ആഗ്രഹങ്ങള്‍ തന്നായിരുന്നു ശ്രീനിയുടെയും …

ഇപ്പോള്‍ ഒരു അലാറത്തിന്റെയും അലര്ച്ചയില്ലാതെ രാവിലെ തന്നെ ഉണരുന്നു…

പാല്‍ വാങ്ങിക്കാനായി പോകുന്ന വഴി ശ്രീധരേട്ടന്റെ കടയില്‍ കയറി ചായയും കുടിച്ച് നാട്ടു വര്‍ത്തമാനങ്ങള്‍ ….

വരുന്ന വഴിയില്‍ പരിചയക്കാരോടെല്ലാം കുശലം പറച്ചില്‍….

വീട്ടില്‍ എത്തിയാല്‍ ഉണ്ണിയെ സ്കൂളിലേക്ക് അയക്കുവാനായിട്ടുള്ള ഒരുക്കങ്ങള്‍…

അവനെ സ്കൂള്‍ ബസ്സില്‍ യാത്രയാക്കുന്നു … ശേഷം ശാലിനിയെ കുടുംബ കാര്യങ്ങളില്‍ സഹായിക്കുന്നു… വൈകുന്നേരം കൂട്ടുകാരുമൊത്ത് ഒത്തുകൂടുന്നു…

അങ്ങനെ മധുര സുന്ദര ദിവസങ്ങള്‍…

ഈ മനോഹര ദിവസങ്ങള്‍ അവന്‍  ഉള്‍പ്പെട്ടിരുന്ന പ്രവാസികള്‍ ആര്‍ക്കൊക്കെയോ വേണ്ടി ഹോമിക്കുന്നു…

ആ… എന്തെങ്കിലും ഒക്കെ ഉപേക്ഷിച്ചാലേ മറ്റെന്തെങ്കിലും ഒക്കെ നേടാനാകൂ ….

നീണ്ടകാലത്തെ പ്രവാസം സമ്മാനിച്ച രോഗങ്ങള്‍ ഓരോന്നായി തലപൊക്കി തുടങ്ങി….

വര്‍ദ്ധിച്ച ചെലവുകള്‍ അവന്റെ  പേഴ്സും കാലിയാക്കിക്കൊണ്ടിരുന്നു… ഉടന്‍ ഒരു വരുമാന മാര്‍ഗ്ഗം കണ്ടെത്തണം….

തനിക്കറിയാകുന്ന വെല്‍ഡിംഗ് നു ഈ ഗ്രാമത്തില്‍ വലിയ സാദ്യതകള്‍ ഇല്ലെന്നവന്‍  തിരിച്ചറിഞ്ഞു…

തൊട്ടടുത്തുള്ള ചെറു പട്ടണത്തില്‍ ഒരു ലോഡ്ജ് 5 വര്‍ഷത്തെ പാട്ടത്തിനു നല്‍കുന്നു എന്ന് ഒരു സുഹൃത്ത് വഴി അറിഞ്ഞു…

കമ്പനിയില്‍ ജോലിക്കായി വരുന്ന പുറം നാട്ടുകാര്‍ ഏറെയുള്ള അവിടെ അത് സാമാന്യം തെറ്റില്ലാത്ത ഒന്നാണെന്ന് തോന്നി…

അവന്റെ എല്ലാ സമ്പാദ്യങ്ങളും പണയപ്പെടുത്തി നാട്ടില്‍ ഒരു വരുമാന മാര്‍ഗ്ഗം ആകുമെന്ന പ്രതീക്ഷയില്‍ കടങ്ങള്‍ക്ക് നടുവില്‍ ആ ലോഡ്ജ് പാട്ടത്തിനു എടുത്തു ….

അങ്ങനെ നാട്ടില്‍ ഒരു ജീവിതം കേട്ടിപ്പടുക്കുന്നതിനിടയില്‍ ആണ് ആ ലോഡ്ജില്‍ താമസമാക്കിയ ഒരാള്‍ അവിടെ വിഷം കഴിച്ചു ആത്മഹത്യ ചെയ്തത് …

അതിന്റെ കേസിന്റെ പുറകെ ആയിരുന്നു കുറെ നാളുകള്‍ …. ആത്മഹത്യ ചെയ്ത ലോഡ്ജില്‍ താമസക്കാരെയും കിട്ടാതായി….

ലോണിന്റെ തവണകള്‍ പല തവണ മുടങ്ങി… ജീവിതം കൂടുതല്‍ ക്ലേശകരമായി …

ആത്മഹത്യക്കായി ലോഡ്ജുകള്‍ തിരഞ്ഞെടുക്കുന്ന അവര്‍ അറിയുന്നില്ല ആ ലോഡ്ജിനുപിന്നിലും ജീവിതങ്ങള്‍ ഉണ്ടെന്നു…

സ്വന്തം ജീവിതത്തിന് വിലകൊടുക്കാത്ത അവര്‍ മറ്റുള്ളവരുടെ ജീവിതത്തിനു എന്ത് വിലകൊടുക്കും ???

ഇനി പുതിയൊരു ബിസിനസ്സ് തുടങ്ങുവാനുള്ള വിദൂര  സാധ്യത മുന്നിലില്ല എന്ന തിരിച്ചറിവ് അവനെ വീണ്ടും ഒരു പ്രവാസിയാക്കി…..

പ്രാരാബ്ധങ്ങളുടെ കെട്ടുകള്‍ അഴിക്കാന്‍….

©Lajeev Kalappattil

Thank you for reading malayalam blogs Kalappadan