“തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍പ്പാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും…
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും…. ”

ദേ .. രണ്ടാമത് പറഞ്ഞതാ സത്യം ..അല്ലാതെ നാട്ടിലാരും കണ്ണില്‍ മണ്ണെണ്ണ ഒഴിച്ചോന്നും ഇരിപ്പില്ല… കെട്ടുന്നതിനു മുന്നേ ഇരുന്നില്ല പിന്നാ കെട്ടി കഴിഞ്ഞ്….

അടുത്ത പ്രൊജക്റ്റ്‌ തുടങ്ങുന്നതിനു മുന്നേ ആനുവല്‍ ലീവിനു പോയി വന്നോളു… എന്ന് മുതലാളി പറഞ്ഞപ്പോള്‍ ഒരു ആവേശത്തിനു കേറി ഓകെ പറഞ്ഞു…

പക്ഷേ ഏതോ ‘കാ’ പഴുത്തപ്പോ ആര്‍ക്കോ എന്തോ പറ്റിയപോലെ … എനിക്ക് ലീവ് കിട്ടിയപ്പോള്‍ ആന്‍സിക്ക് ലീവ് കിട്ടിയില്ല…
ആ… ഈ ലീവ് ഇവിടെ തന്നെ ഉറങ്ങി തീര്‍ക്കാം…

ജോലി ഉള്ളപ്പോഴല്ലേ ലീവ് എടുത്ത് വീട്ടില്‍ ഇരിക്കാന്‍ പറ്റൂ….

ഒന്നുരണ്ട് ദിവസം ഉറങ്ങിയപ്പോഴേ ആ ഹരം നഷ്ടപ്പെട്ടു….
നാടുകാണാന്‍ പറ്റിയില്ലെങ്കിലും ‘ഗള്‍ഫിലെ കേരള’ മായ ഒമാനിലെ സലാല പോയേക്കാം എന്നൊരു പൂതി …

1500 കിലോമീറ്റര്‍ ഉണ്ട് ..ദുബായിയില്‍ നിന്നും… റോഡ്‌ മാര്‍ഗ്ഗം 15 മണിക്കൂര്‍ ഡ്രൈവ് ചെയ്യണം… ഒമാന്‍ ബോർഡറിൽ നിന്ന് തന്നെ വിസയും കിട്ടും….

രണ്ട് പേര്‍ ഡ്രൈവ് ചെയ്യാനുണ്ടെങ്കില്‍ റോഡ്‌ മാര്‍ഗ്ഗമാണ് ആസ്വാദ്യകരം എന്നും അനുഭവസ്ഥര്‍ പറഞ്ഞുതന്നു ..

ചാണ്ടിയോടു തിരക്കിയപ്പോള്‍ തന്നെ അവന്‍ പോയി നാല് ടയറും മാറി .. Lexus കൊണ്ട്പോയി സര്‍വീസും ചെയ്ത് കുട്ടപ്പനാക്കി…

ഇനി അടുത്തടുത്ത് വരുന്ന രണ്ട് അവധി ദിവസത്തോടൊപ്പം ഒരു മൂന്ന് ലീവ് കൂടി ആന്‍സിക്ക് ഒപ്പിച്ചാല്‍ സലാലയിലേക്ക് തിരിക്കാം…

സലാല ട്രിപ്പ്‌ എന്ന് കേട്ടപ്പോള്‍ അവധിയിലും ഡ്യൂട്ടി ചെയ്ത് ഒരു പെര്‍മിഷന്‍ ലീവും അവള്‍ ഒപ്പിച്ചു … പോയി വരുമ്പോള്‍ സലാല ഹല്‍വ കൊണ്ട് വരാം എന്ന് ചേച്ചിമാര്‍ക്ക് ഉറപ്പും കൊടുത്തു….

പോകേണ്ട വഴി.. എവിടെയൊക്കെ എന്തെല്ലാം കാണാനുണ്ട് … എവിടെ നിര്‍ത്തണം…എവിടെ താമസിക്കണം … രാത്രിയില്‍ പോകുന്നു വൈകിട്ടോടെ അവിടെ എത്തുന്നു… എന്നുവേണ്ട ഒന്ന് നാട്ടില്‍ പോകുന്നതിനേക്കാള്‍ കൂടുതല്‍ ചാണ്ടിയും ഞാനും പ്ലാന്‍ ചെയ്തു…

ചാണ്ടി,ഭാര്യ ലിജി ,മകന്‍ കുഞ്ഞൂഞ്ഞ് .. അവര്‍ അല്‍ ഐനില്‍ ചാണ്ടിയുടെ ചേട്ടന്‍റെ വീട്ടില്‍ ഉണ്ടാകും .. ഒന്നു ഉറങ്ങി എഴുനേല്‍ക്കുമ്പോള്‍ ഞങ്ങള്‍ എത്താം എന്നാണു തീരുമാനം …

ഞങ്ങള്‍ ഒരു ഉറക്കം കഴിഞ്ഞ് രാത്രി 12 മണിയോടെ അല്‍ ഐന്‍ നു പുറപ്പെട്ടു…

ദുബായ് – അല്‍ ഐന്‍ റോഡിലേക്ക് കയറിയതും “ഇച്ചായാ ആരോ ടോര്‍ച്ച് അടിച്ചപോലെ തോന്നി ” ..

“നീ ചിരിച്ചല്ലേ ഇരുന്നേ നമ്മുടെ ഫോട്ടോ എടുത്തതാ…. ”

400 Dhs വിലയുള്ള ഒരു ഫോട്ടോ… ഇനി ഫൈന്‍ ചെക്ക്‌ ചെയ്താല്‍ അറിയാം 600 Dhs ആണോയെന്ന് ..

സലാല യാത്രക്ക് ഇടിവെട്ട് തുടക്കം അല്ല ഫൈന്‍ ഇട്ട് തുടക്കം…..

ഇനിയും ഒരു ഓവര്‍ സ്പീഡ് ഫൈന്‍ കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതിനാല്‍ സാവധാനത്തിലായിരുന്നു പിന്നീടുള്ള യാത്ര..

2 മണി ആയപ്പോള്‍ ചാണ്ടി ഉണര്‍ന്നു… നിങ്ങള്‍ എവിടെ എത്തിയെടാ … നീ മൂന്നാമത്തെ പെഗ്ഗില്‍ ഐസ് ഇട്ടോ ഞാന്‍ ദേ എത്തി…

അവന്‍ ഒരു ഫുള്‍ അടിച്ചു തീര്‍ന്നാലും ഞാന്‍ എത്തില്ല പിന്നല്ലേ …

സലാല യാത്രയില്‍ കൊറിക്കാനായി എടുത്തുവെച്ച ചക്ക വറുത്തത് തീര്‍ന്നതും ഞങ്ങള്‍ അലന്‍ ചേട്ടന്റെ വീട്ടില്‍ എത്തി…

അവര്‍ ഒരുങ്ങി ഇരുന്നിരുന്നു…. ഉറങ്ങി കിടന്ന ചേച്ചിയെ വിളിച്ച് എഴുന്നേല്പ്പിച്ച് ഒരു കൊന്തയും ചൊല്ലി … കുരിശും വരച്ച് … ആ കൊന്തയുമായിട്ടാണ് ലിജി ഇറങ്ങിയത് … ദൈവ ഭയം ഉള്ള കുട്ടി…

ശോ.. മക്കള്‍ക്ക് സ്കൂള്‍ ഇല്ലായിരുന്നേ നമുക്കെല്ലാവര്‍ക്കും കൂടി പോകാമായിരുന്നു എന്ന് ചേച്ചി നെടുവീര്‍പ്പോടെ പറഞ്ഞതും “നമുക്ക് അഞ്ചു ദിവസം കഴിഞ്ഞ് കാണാം” എന്ന് ലിജിയും …

അങ്ങനെ എന്റെ വണ്ടി അവിടെ ഇട്ടിട്ട് ചാണ്ടിയുടെ വണ്ടിയില്‍ യാത്ര ആരംഭിച്ചു …

UAE ബോർഡർ കടക്കുന്നതിനു മുന്നേ വണ്ടിയില്‍ ഫുള്‍ ടാങ്ക് പെട്രോളും അടിച്ചു…

പുറകില്‍ നിന്ന് കറുമുറാ ശബ്ദം … നേരം പര പരാ വെളുക്കുന്നതാണെന്നാ ഓര്‍ത്തെ .. എന്നാല്‍ ലഗ്ഗേജ് നു ഫീസ്‌ കൊടുക്കും പോലെ ‘SOHAR’ ബോർഡർ കടക്കുന്നതിനു മുന്നേ തീരണം എന്ന വാശിയോടെ കൊണ്ടുവന്ന ചിപ്സ് വെളുപ്പിക്കുന്നതായിരുന്നു….

ശരിക്കും ഒരു ഉല്ലാസ യാത്രയുടെ ആവേശത്തില്‍ ഞങ്ങള്‍ എത്തി …

ചെക്ക്‌ പോസ്റ്റില്‍ ഒരു മാന്യനായ അറബി ഇരിക്കുന്നു.. ചാണ്ടി ഇറങ്ങി അഞ്ചു പാസ്സ്പോര്‍ട്ടും കൊടുത്തു.. അറബി എന്തൊക്കെയോ വിശേഷങ്ങള്‍ അവനോടു ചോദിച്ചു… എനിക്ക് അറബി അറിയാത്തകൊണ്ട് ഒന്നും മനസ്സിലായില്ല….

നിന്നോട് അയാള്‍ എന്തൊക്കെയോ വിശേഷങ്ങള്‍ ചോദിക്കുന്ന കേട്ടല്ലോ … ജാഡ ഇല്ലാത്ത അറബി അല്ലേടാ….

“വിശേഷം അല്ലേടാ നിന്റെ വിസ ഈ മാസം തീരുകയാണ്… കുറഞ്ഞത് മൂന്ന് മാസം UAE വിസ ഉള്ളവര്‍ക്കേ ഒമാനിലേക്ക് പോകാന്‍ പറ്റൂ…” എന്നാണു അയാള്‍ പറഞ്ഞത് …

കോപ്പ് …നമ്മള്‍ അതിനു അഞ്ചു ദിവസത്തെക്കല്ലേ പോകുന്നുള്ളൂ… വിസ പിന്നെയും ഇരുപത് ദിവസം കൂടി ഉണ്ടല്ലോ… ഇതൊക്കെ ഞാനും പറഞ്ഞു നോക്കിയാതാ .. വാ വണ്ടി വിടാം ….

ആ മാന്യനായ അറബിയെ മനസ്സില്‍ അഞ്ചാറു തെറി വിളിച്ച് ഞങ്ങള്‍ തിരിച്ചു പോന്നു…

പോരുന്ന വഴി നമുക്ക് ‘Khattam Al Shikla’ border ല്‍ പോയിനോക്കാം അവിടെ ഏതേലും നല്ല അറബിയാണേ രക്ഷപെട്ടല്ലോ എന്ന് ചാണ്ടി…

പുറകില്‍ ഇരുന്നവര്‍ മാറി മാറി കൊന്ത ചൊല്ലാന്‍ തുടങ്ങി….
മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ … ഞങ്ങള്‍ മുട്ടി… അവിടെ ഇരുന്ന അറബി യാതൊരു ഭാവ ഭേദവുമില്ലാതെ എക്സിറ്റ് സ്റ്റാമ്പ്‌ അടിച്ചു.. ഫീസ്‌ ആയി 35 Dhs വീതം തല ഒന്നിനും മേടിച്ചു …

ഹോ രക്ഷപെട്ടു…. ഞങ്ങള്‍ UAE ബോർഡർ കടന്നു ഒമാന്‍ ലക്ഷ്യമാക്കി നീങ്ങി….

ഫോട്ടോക്ക് 100 ലൈക്‌ കിട്ടിയ ഒരു സന്തോഷം എല്ലാവരുടെയും മുഖത്ത്….

അപ്പോള്‍ തന്നെ ലിജി FACEBOOK ല്‍ പോസ്റ്റി… “Liji Brody is traveling to Salalah, Oman with Brody Thomas.”

അടുത്ത ചെക്ക്‌ പോസ്റ്റിലാണ് ‘എന്‍ട്രി’ സ്റ്റാമ്പ്‌ ചെയ്യേണ്ടത് … അതിനു മുന്‍പേ വണ്ടിക്ക് 7 ദിവസത്തേക്കുള്ള ഒമാന്‍ Insurance ഉം എടുത്തു…

ചെക്ക്‌ പോസ്റ്റില്‍ എത്തി വിസക്കുള്ള ഫോം പൂരിപ്പിച്ചു തുടങ്ങി… ഞാന്‍ വായിച്ച് കൊടുത്തു ചാണ്ടി എഴുതി … എനിക്ക് വേണ്ടി മൂന്ന് ഫോം എടുക്കേണ്ടി വന്നു… ഓരോരോ തെറ്റുകള്‍…

പാസ്പോര്‍ട്ട്‌ വിസക്കായി കൊടുത്തപ്പോള്‍ ഓരോന്നും നോക്കി …എന്റെ മാത്രം ഒമാനി എടുത്ത് മാറ്റി വെച്ചു…

അപ്പോഴേ എനിക്ക് ഇതില്‍ ഒരു തീരുമാനം ആയതായി തോന്നി….
ചാണ്ടി എന്തൊക്കെയോ അറബിയില്‍ പറഞ്ഞു… അവരും…
ഒന്നര മാസത്തെ എങ്കിലും വിസ ഉണ്ടായിരുന്നെങ്കില്‍ വിസ തരാമായിരുന്നെന്നാണ് പറഞ്ഞത് എന്ന് പിന്നീട് അവന്‍ പറഞ്ഞപ്പോള്‍ മനസ്സിലായി…

എന്തോക്കെയായിരുന്നു… എന്നിട്ടിപ്പോ എന്തായി..
ഒരു മരണ വീട്ടിലെ മൂകത ആയിരുന്നു കാറില്‍….
ചാണ്ടി വണ്ടി തിരിച്ചു …

UAE ലക്ഷ്യമാക്കി നീങ്ങി.. പക്ഷെ ആ നീക്കം അല്പം വേഗത്തിലായി എന്ന് സൂചിപ്പിച്ച് വീണ്ടും ഒരു ഫ്ലാഷ് കൂടി…

സന്തോഷമായി ഗോപിയേട്ടാ…..

ഫൈന്‍ ഒമാനില്‍ ആയത് കൊണ്ട് 400 Dhs കൂടാതെ ട്രാന്‍സ്ഫര്‍ ഫീ കൂടെ കൊടുക്കണം…..

ചാണ്ടി എന്നെ ഒന്നു നോക്കി… ഇത്തിരി മുന്നേ എന്റെയും ഫോട്ടോ എടുത്തതാ നീ ദൈര്യമായി വണ്ടി വിട്ടോ…

ആ മാന്യനായ അറബി പറഞ്ഞത് കേട്ട് തിരിച്ചു പോയിരുന്നെങ്കില്‍ എന്ട്രി ഫീ, വണ്ടി ഇൻഷുറൻസ് പിന്നെ ദേ ഇപ്പൊ അടിച്ച ഫൈനും ഒഴിവാക്കാമായിരുന്നു…

ബോർഡറിൽ ഹല്‍വ കിട്ടില്ലല്ലോ ഇനി ചേച്ചിയോട് എന്ത് പറയും എന്ന് ഇല്ലാത്ത ലീവ് എടുത്ത് വന്നവളുടെ വേവലാതി…

ഫേസ് ബുക്കില്‍ ഇട്ട ഫ്ലൈറ്റ് എന്ത് പറഞ്ഞ് തിരിച്ചിറക്കും എന്ന് മറ്റൊരാള്‍….

സലാലയില്‍ റൂം ബുക്ക്‌ ചെയ്തവനെ വിളിച്ച്‌ എന്ത് പറയും എന്നായിരുന്നു ചാണ്ടിയുടെ ചിന്ത…..

ഞാന്‍ എന്തോ പോയ അണ്ണാനെ പോലെയും ….

പാവം കുഞ്ഞൂഞ്ഞു മാത്രം സുഖമായി ലിജിയുടെ മടിയില്‍ കിടന്നുറങ്ങുന്നു…

അഞ്ചു ദിവസവുമുണ്ട് എങ്ങനെ തള്ളി നീക്കും …. മോസാണ്ടം .. കല്‍ബ … അങ്ങനെ പല ആലോചനകളും വന്നു…

എന്നാല്‍ ഈ വെളുപ്പാന്‍കാലത്ത്‌ എവിടേക്കും ഇല്ല വീട്ടില്‍ പോയി സാവധാനം ആലോചിക്കാം എന്ന് പറഞ്ഞു വീട്ടിലേക്ക് തന്നെ തിരിച്ചു…

വീട്ടിലേക്ക് കയറാന്‍ ബെല്ലടിച്ചു… അലന്‍ ചേട്ടനാണ് വാതില്‍ തുറന്നത്…

“ഹോ ഞാന്‍ അഞ്ചു ദിവസം ഉറങ്ങിപ്പോയോ…. എന്നത്തേയും പോലെ ഇന്നലെയും ഞാന്‍ പതിവാണല്ലോ അടിച്ചത് ” എന്ന വരവേല്‍പ്പോടെ ആയപ്പോള്‍ സലാല യാത്ര ധന്യമായി….

©Lajeev Kalappattil

Thank you for reading malayalam blog Kalappadan