എന്റെ പിഴ .. എന്റെ വലിയ പിഴ…
യു.കെയിൽ എത്തിയതു മുതലുള്ള പ്രധാന പരാതി ഇവിടെ മലയാളി സുഹൃത്തുക്കൾ തീരെ ഇല്ലെന്നതായിരുന്നു. ആയതു കൊണ്ട് തന്നെ പുതിയതായി എത്തുന്ന എല്ലാവരുടെയും ഫോൺ നമ്പർ കണ്ടെത്തി ഒരു സൗഹൃദ ബന്ധം ഉണ്ടാക്കിയിരുന്നു.
സന്ദീപ്, ശരൺ, മുതൽ വിശാഖ് വരെ ഇപ്പോൾ ഞങ്ങൾ എണ്ണത്തിൽ മുപ്പതിൽ അധികമായി…
അതിനിടയിൽ വാരാന്ത്യങ്ങളിൽ കൃക്കറ്റ് കളിയും അല്ലറ ചില്ലറ ഒത്തുകൂടലുകളുമായി ആഘോഷമാക്കി.
അങ്ങനെ ഒരു വിളിപ്പാടകലെ എന്തിനും ഏതിനും ഒരു പറ്റം സുഹൃത്തുക്കൾ..
ഇതിനിടയിൽ എൻ്റെ പിറന്നാളും വന്നെത്തി.. പണ്ടൊക്കെ മിക്കപ്പോഴും പിറന്നാൾ കഴിഞ്ഞാണ് അയ്യോ ഇന്നലെ ആയിരുന്നല്ലേ ആ ദിവസം എന്നു തന്നെ ഓർക്കാറുള്ളത്. അല്ലെങ്കിലും നമുക്ക് എന്ത് പിറന്നാൾ.. എല്ലാ ദിവസങ്ങളേയും പോലെ മറ്റൊരു ദിവസം.