ഒരു മഹാമാരി കവർന്നെടുത്ത കാലത്തിലും തെറ്റില്ലാത്ത നേട്ടങ്ങളുടെ ഒരു വര്‍ഷം തന്നെയായിരുന്നു എനിക്ക് 2020.

പതിനഞ്ചു വർഷത്തെ ദുബായ് ജീവിതത്തിനു ശേഷം പുതിയ അങ്കത്തിനായി യു.കെയിലേക്ക് കൂടുമാറിയ വർഷം.

കൊറോണയെ ഭയന്ന് കൂട്ടിലടച്ച മാസങ്ങളിൽ മാളുവിന്റെ ഓരോ ആഗ്രഹങ്ങളും നമ്മൾ യു.കെയിൽ എത്തുമ്പോൾ കൊറോണ മാറുമെന്നും അപ്പോൾ നമുക്ക് ‘അത്’ ചെയ്യാം എന്നും പറഞ്ഞു മാറ്റിവെച്ചിരുന്നു .

അതിൽ ഏറ്റവും വലുതായിരുന്നു അവളുടെ അഞ്ചാം പിറന്നാൾ ആഘോഷം.

കൊറോണ അതിന്റെ ആദ്യ വരവ് യു.എ. ഇ യിൽ താണ്ഡവമാടിയ കാലമായതിനാൽ ഒരു കേക്ക് പോലും പുറത്തുപോയി വാങ്ങിക്കാൻപറ്റാതെ മമ്മി ഉണ്ടാക്കിയ വട്ടേപ്പം മുറിച്ചാഘോഷിച്ചു.

‘പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട’ എന്ന് പറഞ്ഞപോലെ ഞങ്ങൾ ഇവിടെ വന്നപ്പോൾ കൊറോണയും  ഇവിടെ രണ്ടാം വരവ് ഗംഭീരമാക്കുന്നു.

സ്ഥിതിഗതികൾ മാറ്റമില്ലാതിരുന്നതിനാലും
അവളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും കൂടി വരുന്നതിനാലും  ചില വിട്ടു വീഴ്ചകൾ ചെയ്യാൻ തീരുമാനിച്ചു .

പതിയെ പാർക്കിലും ഷോപ്പിങ്ങിനും ഒക്കെ കൂടെ കൂട്ടാൻ തുടങ്ങി.

വെയിലുകണ്ട്‌ പുറത്തിറങ്ങുമ്പോൾ പെട്ടെന്ന് മഴവരുന്നതും…

മഴയാണല്ലോ എന്നോർത്തു കുടയുമായി പുറത്തിറങ്ങിയാൽ പിന്നെ മഴയെ ഇല്ലാത്ത അവസ്ഥ.

അങ്ങനെ കാലാവസ്ഥയും കാഴ്ചകളും വ്യത്യസ്തമായ ലണ്ടൻ അനുഭങ്ങൾ സമ്മാനിച്ച്‌  അവളും കുഞ്ഞന്നയും ഞങ്ങളും പതിയെ പതിയെ ഇവിടവുമായി പൊരുത്തപ്പെട്ടു വരുന്നു.

സ്കൂള്‍ തുടങ്ങി…ആദ്യദിവസം തന്നെ മലയാളം പറയുന്ന കുട്ടികൾ ഇല്ലല്ലോ എന്ന പരാതി… ഈ സ്‌കൂൾ ഇഷ്ടമല്ല എനിക്ക് ദുബായ് സ്‌കൂൾ മതി എന്നും  പിന്നെ  ഈ ടീച്ചർ പറയുന്നതൊന്നും മനസിലാകുന്നില്ലല്ലോ എന്നും പറഞ്ഞ ദിവസങ്ങൾ…

പിന്നീട്  കിവ്‌റാറ്റ്, പ്രാപ്പിനൊർ, ഐഷ, ,യെമ്മേ അങ്ങനെ ഒരുപറ്റം കൂട്ടുകാരുമായി ആദ്യപാദം കഴിഞ്ഞു.

എവിടെ തിരിഞ്ഞാലും മലയാളികളെ കണ്ടിരുന്ന ദുബായിൽ നിന്ന് വ്യത്യസ്ഥമാണ് ഞങ്ങളുടെ ഇപ്പോഴത്തെ സ്ഥലം.

റിട്ടയർമെന്റ് ജീവിതം ഏകാന്തമായി ജീവിക്കുന്ന ഒരു കൂട്ടം ഇംഗ്ലീഷ് അമ്മൂമ്മമാർ കൂടുതലുള്ള  അപ്പാർട്മെൻറിൽ താമസം..

ചിലർക്ക് 90 നു മുകളിലാണ് പ്രായം.

നമ്മളൊക്കെ ആ പ്രായമാകുമ്പോൾ കുഴിയിലേക്ക് പോയിട്ടുണ്ടാകും എന്ന് ഉറപ്പാണ്.. എന്നാൽ അവർ ഇപ്പോഴും പയർ പോലെ കാര്യങ്ങൾ ചെയ്ത് ഒറ്റക്ക് ജീവിക്കുന്നു…

ഇംഗ്ലീഷുകാരെ കഴിഞ്ഞാൽ പഞ്ചാബികളാണ് ഏറ്റവും കൂടുതൽ ഈ പ്രദേശത്തുള്ളത് അതുകൊണ്ട് തന്നെ ദീപാവലിക്ക് ഇവിടെ പടക്കത്തിന്റെ ഒരു മേളം തന്നെ ആയിരുന്നു.

അന്നേ മാളു പറഞ്ഞു തുടങ്ങി നമുക്ക് ക്രിസ്തുമസിന് പടക്കം വാങ്ങണമെന്ന്… കുറെ ആഗ്രഹങ്ങൾ കൊറോണ കൊണ്ടു പോയതിനാൽ ഇത് വാങ്ങാം എന്ന് ഉറപ്പ് കൊടുത്തു.

വകഭേദം സംഭവിച്ച കൊറോണ ഇവിടെ കിടന്നു വിലസുന്നതിനാൽ ടിയർ 4 ലോക് ഡൌൺ പ്രഖ്യാപിച്ചതുകൊണ്ട് ഞാൻ എവിടെ പോയി പടക്കം വാങ്ങും എന്നായി എന്റെ ചിന്ത.

അങ്ങനെ എവിടെയൊക്കെയോ പരതി അവസാനം ഞാൻ കുറെ പടക്കങ്ങൾ വാങ്ങിച്ചു.

ഓലപ്പടക്കവും, ചക്രവും, മത്താപ്പും, കമ്പിത്തിരിയും കത്തിച്ച എനിക്ക് പക്ഷെ ഒരു പിടിയും കിട്ടാത്ത കുറെ പടക്കങ്ങൾ …

അതിൽ കുറച്ചു എങ്ങനെ ഒക്കെയോ പൊട്ടിച്ചു ക്രിസ്തുമസ്സ് കഴിച്ചു കൂട്ടി… ഇനി ബാക്കി നമുക്ക് ന്യൂ ഇയറിനു പൊട്ടിക്കാം എന്ന് പറഞ്ഞു മാളുവിനെ സാമാധാനിപ്പിച്ചു.

അന്നുമുതൽ എഴുന്നേറ്റ് വരുന്നതേ ഇന്നാണോ അപ്പാ ന്യൂ ഇയർ എന്ന് ചോദിച്ചാണ്..

അങ്ങനെ മാസ്കും സാനിറ്റയിസറും സാമൂഹിക അകലവും ഇല്ലാത്ത ഒരു നല്ല കാലത്തെ പ്രതീക്ഷിച്ചു കൊണ്ട് ആ ദിവസവും വന്നെത്തി.

രാവിലെ മുതൽ മാളു ചോദിച്ചു തുടങ്ങി നമുക്ക് പടക്കം പൊട്ടിക്കണ്ടേ എന്ന് … ഞാൻ രാത്രി 11 വരെ എങ്ങനെയൊക്കെയോ കൊണ്ടുപോയി..

പിന്നെ അവൾക്ക് ക്ഷമ കിട്ടിയില്ല..

മൈനസ് ഒന്നിന്റെ തണുപ്പ്.. ഒരു വിധത്തിൽ ചന്ദ്രനിലേക്ക് എന്ന പോലെ ഞങ്ങൾ ഡ്രസ്സ് ചെയ്ത് പുറത്തിറങ്ങി…

ഒന്ന് രണ്ടു റോക്കറ്റുകൾ .. അല്ലറ ചില്ലറ ശബ്ദം തീരെ കുറവുള്ള എന്തൊക്കെയോ സാധനങ്ങൾ..അതൊക്കെ പൊട്ടിച്ചു..

ഇനി ഒരു വലിയ ബോക്സ് ഉണ്ട്.. അത് ഞാൻ തറയിൽ വെച്ചു തീ കൊളുത്തി….അകലെ മാറി നിന്നു..

മുകളിൽ നക്ഷത്ര കൂട്ടങ്ങളൊരുക്കി ഭംഗിയായി പൊട്ടുന്നു…

ഒന്ന് പച്ചയെങ്കിൽ മറ്റൊന്ന് ചുവപ്പ്..

ആഹാ എന്തൊരു ഭംഗി… ആകാശത്തു വർണ്ണപ്പകിട്ട് തീർത്തു ചെറു പൂരം …

അങ്ങനെ ആസ്വദിച്ചു കണ്ടുകൊണ്ടിരുന്നപ്പോഴാണ് മുകളിലേക്ക് പോകേണ്ടത് പെട്ടെന്ന് താഴെ കിടന്നു പൊട്ടുന്നു..

ഒന്ന് ഇടത് വശത്തേക്കാണെങ്കിൽ മറ്റേത് വലത് വശത്തേക്ക്..

ഒന്ന് പടിഞ്ഞാറേക്കാണെങ്കിൽ മറ്റൊന്ന് കിഴക്കോട്ട്…

7 മണിക്കേ ഉറങ്ങിയ അമ്മൂമ്മമാരൊക്കെ ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേറ്റു..

അവർ ആദ്യം കരുതിക്കാണണം 2020 ലോകാവസാനമാണെന്ന്…

കുറച്ചെണ്ണം താഴെ പൊട്ടിയിട്ടു വീണ്ടും പഴയപോലെ ഭംഗിയായി ബാക്കിയുള്ളത് മുകളിൽ പൊട്ടി തീർന്നു …

പതിയെ കാര്യങ്ങൾ മനസ്സിലായപ്പോൾ അവർക്കും സന്തോഷം .. അവരും ഹാപ്പി ന്യൂ ഇയർ വിളിച്ചു പറഞ്ഞു…

മാളു നേരത്തെ തന്നെ  ഭംഗിയിൽ തയ്യാറാക്കിയ ന്യൂ ഇയർ കാർഡും ഗിഫ്റ്റുകളും നൽകി അവരെ കയ്യിലെടുത്തിരുന്നതിനാൽ അവരിപ്പോൾ ഡബ്ബിൾ ഹാപ്പി..

ഒപ്പം ഞങ്ങളും ഹാപ്പി…

©Lajeev Kalappattil

Thank you for reading malayalam blog Kalappadan