സുമേഷിന്റെ പിറന്നാളാണ് ഇന്ന് …

ഞങ്ങളുടെ കൂട്ടത്തിലെ കലാകാരൻ.. വരയാണ് അവന്റെ പ്രധാനം….

ക്ലബ്ബിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അവനുള്ള ആശംസകൾ നിറയുകയാണ്…

ഞങ്ങളുടെ സൗഹൃദങ്ങളെല്ലാം ഹൃദയംകൊണ്ടായിരുന്നു….

അതുകൊണ്ട് തന്നെ ഓരോ മുഖങ്ങൾക്കും ഒരുപാട് കഥകൾ പറയാനുണ്ടാകും….

വൈകുന്നേരങ്ങളിലെ ക്രിക്കറ്റ് കളിയുടെ ….

പിന്നീട് രാത്രിയിൽ ക്ലബ്ബിൽ ഒത്തു ചേർന്ന് അന്നത്തെ ധീര വീര പരധൂഷണങ്ങളുടെ ….

അമ്പലപറമ്പിലെ നാടക വിശേഷങ്ങളുടെ…

പള്ളിപ്പെരുന്നാളിലെ ഗാനമേളകളുടെ ….

പഞ്ചായത്തു മേളകളുടെ നാടക ഒരുക്കങ്ങളുടെ….. അങ്ങനെ അങ്ങനെ…

ഇപ്പോൾ പഴയ ഒരു പാർട്ടിയുടെ കാര്യം ഓർമ്മവരുന്നു …

പത്തിരുപത് വര്ഷം മുന്നേയുള്ള ഒരു പാർട്ടി…

അന്നത്തെ കൂടിച്ചേരലുകൾക്ക് ഇന്നത്തെപ്പോലെ വിശേഷ ദിവസങ്ങളുടെ അകമ്പടികൾ ഒന്നുമില്ലായിരുന്നു…

വീട്ടിൽ ആരുമില്ലാതെ ഒത്തുകിട്ടിയാൽ പെട്ടെന്ന് തല്ലിക്കൂട്ടുന്ന ഓരോ കുഞ്ഞു കുഞ്ഞു കൂടിച്ചേരലുകൾ …അതും വല്ലപ്പോഴും …

പെട്ടെന്ന് അവസാനിപ്പിക്കണം..അധികം വൈകാതെ എല്ലാവര്ക്കും തിരിച്ചു വീട്ടിൽ കയറേണ്ടതുമാണ്….

സുമേഷിന്റെ അമ്മ അവന്റെ പെങ്ങളുടെ വീട്ടിലേക്കു പോകുന്നു എന്ന് അറിഞ്ഞത് വൈകിട്ടാണ് …

പെട്ടെന്ന് തന്നെ ഏലിയാസിനെ കണ്ടവൻ കാര്യം പറഞ്ഞു…

ഏലിയാസ്, ആന്റപ്പൻ, ഷൈജു … പിന്നെ ഞാനും …അവരാണ് ഇന്നുള്ളത് …

എല്ലാവരുടെയും കയ്യിലുള്ളത് പിരിച്ചു…ഓരോ ബിയറും കുറച്ചു പൊറോട്ടയും പിന്നെ ബീഫും വാങ്ങിക്കാനുള്ളതാക്കി …. അത്
ചൂണ്ടിയിലെ തട്ടുകടയിലെ പൊറോട്ടയും ബീഫും തന്നെ ആയിരിക്കണം…അതില്ലാതെ ഒരു കൂടിച്ചേരലും പൂർണ്ണമാകില്ല…

സമയം വൈകിയതിനാൽ സുനിലേട്ടന്റെ കൈനറ്റിക് ഹോണ്ട എന്തോ കാരണം പറഞ്ഞു വാങ്ങി പുത്തൻകുരിശിൽ പോയി ഷൈജു സാധനങ്ങൾ വാങ്ങി…

പോരുന്ന വഴിയിൽ അവൻ ആന്റപ്പനെയും കൂട്ടി… ഏലിയാസ് അവന്റെ വീട്ടിലേക്കുള്ള വഴിയിലും നിൽക്കുന്നു…. ഞാൻ ക്ലബ്ബിലേക്ക് എന്ന് പറഞ്ഞു അവിടേക്കും ….

7 മണിക്കുള്ള ബസ്സിന്‌ അമ്മ പോകുമെന്നാണ് അവൻ പറഞ്ഞിരുന്നത്… എന്നാൽ സമയം കഴിഞ്ഞിട്ടും അമ്മ പോയിട്ടില്ലെന്ന് വഴിയിൽ വെച്ചുതന്നെ ഞങ്ങൾക്ക് മനസിലായി….

എല്ലാ കണക്കുകൂട്ടലും പൊളിഞ്ഞെന്നു തോന്നുന്നു..

കയ്യിലുള്ള കവറുമായി കയറിച്ചെന്നാൽ അമ്മ പിടിച്ചതുതന്നെ..

അതുകൊണ്ട് വീടിനു പുറകിലുള്ള അരകല്ലിന്റെ പുറകിൽ എല്ലാം ഒളുപ്പിച്ചുവെച്ച് സുമേഷിനെ അന്യോഷിച്ചു ചെല്ലുന്നമട്ടിൽ പതിയെ വീട്ടിലേക്ക് കയറിച്ചെന്നു….

വീട്ടിലെ എന്തൊക്കെയോ തിരക്കിൽ 7 ന്റെ ബസ്സ് വിട്ടുപോയി.. ഇനി 7.45 ന്റെ ബസ്സിനുള്ള തിടുക്കത്തിലാണ് അമ്മ …

9 മണിയോടെ എല്ലാം അവസാനിപ്പിച്ചു തിരിച്ചു വീട്ടിൽ കയറേണ്ടതാണ് …അതുകൊണ്ട് ഞങ്ങളും തിരക്കിലാണ്…

സുമേഷുമായി നിന്ന് ഇങ്ങനെ ഒരു കാര്യം നടക്കുന്നു എന്ന ഭാവം പോലുമില്ലാതെ ഓരോ കാര്യങ്ങൾ ചോദിച്ചിരുന്നു…

അഞ്ചു മിനിറ്റായി .. പത്തു മിനിറ്റായി.. അമ്മ പോകുന്നില്ല…

അവസാനം 7.30 ഓടെ അമ്മ ഇറങ്ങി..

ഏലിയാസ് വേഗം അരകല്ലിനു അടുത്തേക്കും …

എടാ പണി കിട്ടിയെടാ എന്നും പറഞ്ഞു എന്തൊക്കെയോ താങ്ങി പിടിച്ചാണ് അവന്റെ വരവ് …

കയ്യിൽ ബിയർ കുപ്പിയുണ്ട്.. പക്ഷെ കഴിക്കാനായി കൊണ്ടുവന്ന പൊറോട്ടയും ബീഫും പട്ടി തിന്നു….

കടിച്ചു കീറിയ കുറെ പൊറോട്ട ബാക്കി…. അത് ആ ആർത്തി പണ്ടാരത്തിനു തന്നെ എറിഞ്ഞു കൊടുത്തു….

ഇനി എന്തു ചെയ്യാൻ .. സുമേഷിന് രാത്രിയിലേക്കുള്ള ചോറിനു ഉണ്ടാക്കിയ പയറു തോരനും കൂട്ടി ഞങ്ങൾ കഴിച്ചു പതിവു പോലെ വീട്ടിൽ കയറി….

അങ്ങനെ ആറ്റുനോറ്റു കിട്ടിയ ഒരു പാർട്ടി പട്ടി കൊണ്ടുപോയി…

കാലം കുറെ ഇങ്ങനെയുള്ള നല്ലനിമിഷങ്ങൾ സമ്മാനിച്ചില്ലായിരുന്നു എങ്കിൽ ഞങ്ങളുടെ ഓർമ്മകൾ എത്ര വരണ്ടതാകുമായിരുന്നു….

©Lajeev Kalappattil

Thank you for reading malayalam blog Kalappadan