യു.കെയിൽ എത്തിയതു മുതലുള്ള പ്രധാന പരാതി ഇവിടെ മലയാളി സുഹൃത്തുക്കൾ തീരെ ഇല്ലെന്നതായിരുന്നു. ആയതു കൊണ്ട് തന്നെ പുതിയതായി എത്തുന്ന എല്ലാവരുടെയും ഫോൺ നമ്പർ കണ്ടെത്തി ഒരു സൗഹൃദ ബന്ധം ഉണ്ടാക്കിയിരുന്നു.
സന്ദീപ്, ശരൺ, മുതൽ വിശാഖ് വരെ ഇപ്പോൾ ഞങ്ങൾ എണ്ണത്തിൽ മുപ്പതിൽ അധികമായി…
അതിനിടയിൽ വാരാന്ത്യങ്ങളിൽ കൃക്കറ്റ് കളിയും അല്ലറ ചില്ലറ ഒത്തുകൂടലുകളുമായി ആഘോഷമാക്കി.
അങ്ങനെ ഒരു വിളിപ്പാടകലെ എന്തിനും ഏതിനും ഒരു പറ്റം സുഹൃത്തുക്കൾ..
ഇതിനിടയിൽ എൻ്റെ പിറന്നാളും വന്നെത്തി.. പണ്ടൊക്കെ മിക്കപ്പോഴും പിറന്നാൾ കഴിഞ്ഞാണ് അയ്യോ ഇന്നലെ ആയിരുന്നല്ലേ ആ ദിവസം എന്നു തന്നെ ഓർക്കാറുള്ളത്. അല്ലെങ്കിലും നമുക്ക് എന്ത് പിറന്നാൾ.. എല്ലാ ദിവസങ്ങളേയും പോലെ മറ്റൊരു ദിവസം.
ആൻസി ഇപ്പോൾ കാർഡും പായസവും കേക്കുമായി ആ ദിവസം കൃത്യമായി ഓർമ്മപ്പെടുത്തും.
ഈ വർഷം മാളുവകയും ഒരു ഗംഭീര കാർഡു കിട്ടി. പിന്നെ ഒരുപാട് പേർ ഫേസ് ബുക്കിലൂടെയും വാട്സ് ആപ്പ് വഴിയും ആശംസകൾ നേർന്ന് ഈ വർഷത്തെ പിറന്നാളും കടന്നു പോയി.
പതിവുപോലെ നാളെ ഞങ്ങളുടെ കളിയുണ്ട്. പോകാമെന്നുറച്ച് വരുന്നവരുടെ ലിസ്റ്റിൽ ഞാനുമുണ്ടായിരുന്നു.
വെളുപ്പിനെ അർജൻ്റീനയുടെ കളിയുണ്ട്. ഒന്നുറങ്ങി എഴുന്നേറ്റിരുന്നു കാണുന്നതാണ് പതിവ്. നാളെ ഞായറാഴ്ച ആയതിനാൽ ഒരു സിനിമയും കണ്ട് ഉറങ്ങാതിരിക്കാമെന്നോർത്തു.
അങ്ങനെ കോൾഡ് കേസ്സും കണ്ടു. ആ ബോറഡി മാറിയത് അർജൻ്റീന ഇക്വഡോറിനെ പഞ്ഞിക്കിടുന്നത് കണ്ടപ്പോഴാണ്. മെസ്സിയുടെ വെളുപ്പിനെ വിരിഞ്ഞ മഴവില്ലും കണ്ട് ഉറങ്ങിയപ്പോൾ നാലായി.
പക്ഷെ രാവിലെ പുറത്ത് പോകാമെന്നേറ്റതിനാൽ എട്ട് മണിയോടെ ഉണർന്നു. പോയി വന്ന് ഉച്ചയൂണും കഴിഞ്ഞ് കുഞ്ഞന്നയുടെ കൂടെ ഉറങ്ങാൻ കിടന്നു.
ഉണർന്ന് നോക്കിയപ്പോൾ ഫോണിൽ നീലിൻ്റ നാലഞ്ചു മിസ്ഡ് കോൾ. വാട്സ് ആപ്പ് തുറന്നപ്പോൾ കണ്ടതോ എന്നെ കാത്തിരുന്ന് അവസാനം കേക്ക് മഴയത്ത് ഒലിച്ച് പോകുമെന്ന് തോന്നി അവർ തന്നെ മുറിച്ച് ബർത്ത് ഡേ ആശംസകൾ നേരുന്ന വീഡിയോ…
ചില സൗഹൃദങ്ങൾ അങ്ങനെയാണ് .. രക്ത ബന്ധങ്ങളേക്കാൾ ആത്മബന്ധമുള്ളതാണ്…
അങ്ങനെ ആദ്യമായി ഞാനെൻ്റെ ഉറക്കത്തെ പഴിച്ചു…
©Lajeev Kalappattil
Thank you for reading malayalam blog Kalappadan