ഇന്നലെ നേരത്തെ കിടന്നതുകൊണ്ടാണെന്നു തോന്നുന്നു എഴുന്നേല്ക്കാന് നല്ല മടി..
അലാറം ഒരിക്കല്‍ കൂടി സ്നൂസ് ചെയ്ത കിടന്നു.. 10 മിന്റ്റ് കഴിഞ്ഞതും വീണ്ടും മരണ മണി മുഴങ്ങി…. ഇനി രക്ഷയില്ല..
വൈകിയാല്‍ പ്രശനമാകും.. 9 മണിക്ക് പ്രൊജക്റ്റ് ഡിസ്കഷന് ഉള്ളതാണ്..
അല്ലായിരുന്നെങ്കില്‍ എന്തെങ്ങിലും പറഞ്ഞു ഒരു സിക്ക് ലീവ് എടുക്കായിരുന്നു…ഇതൊന്നും പറഞ്ഞിരിക്കാന്‍ സമയം ഇല്ല.. ഞാന്‍ ബാത്ത് റൂമിലേക്ക് ഓടി…
പാതി മയക്കത്തില്‍ ആണ് പല്ല് തേക്കുന്നത്… തേപ്പിന്റെ വേഗത കൂടിയപ്പോള്‍ കൈ തെറ്റി ബ്രേഷ് മോണയില്‍ ഇടിച്ചു..പ്രാണന് പോകുന്ന വേദന … അങ്ങനെ ശരിക്കും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു…
2 മിനിറ്റ് ഒന്നും ചെയ്യാതെ വെറുതെ നിന്നു …ഒടുവില്‍ തേച്ചുകഴിഞ്ഞു പൈപ് ഓണ്‍ ചെയ്തപ്പോള്‍ ആണ് അറിയുന്നത് പൈപ്പില്‍ വെള്ളമില്ലെന്ന് …
ഇങ്ങനെ ഒരിക്കല്‍ പോലും ഈ ഫ്ലാറ്റില്‍ ഉണ്ടായിട്ടില്ല.. അതുകൊണ്ട് വെള്ളം കരുതി വെച്ചിട്ടും ഇല്ല …
ശെടാ.. ഇനി എന്ത് ചെയ്യും … 6.40 വരെ വെള്ളം ഉണ്ടായിരുന്നിരിക്കണം കാരണം കറിയാച്ചന് ഓഫീസില്‍ പോയിട്ടുണ്ട്.
അവന് പോയതിനു ശേഷമാണ് ഞാന്‍ ഉണരുന്നത്…അതോ അവന് പല്ലുപോലും തേക്കാതെ ആണോ പോയേക്കുന്നത്.. ആ .
ഞാന്‍ എന്താണെങ്കിലും വാങ്ങി വെച്ചിരിക്കുന്ന കുടിവെള്ളത്തില്‍ തന്നെ വാ കഴുകി …
കുറച്ചു നേരം കാത്തിരിക്കാം വരുമായിരിക്കും… ഒരു ചായ കുടിച്ചിട്ടാകാം ബാക്കി…
കടുപ്പത്തില്‍ ഒരു ചായ ഇട്ടു.. ഗ്ലാസ്സിലേക്ക് പകര്‍ന്നു..
ബെസ്റ്റ്… ..പഞ്ചസാര നോക്കിയപ്പോള്‍ അതും തീര്‍ന്നിരിക്കുന്നു..
വിളിച്ചുപറഞ്ഞു പഞ്ചസാര കൊണ്ടുവരുമ്പോള്‍ ഒരു സമയം ആകും… അതിനു ഇനി മെനക്കെടുന്നില്ല…
അല്ലെങ്കിലും ഈ ഇടയായി ഇത്തിരി പഞ്ചാര കൂടുതലാ…. ആരെയോ പ്രാകിക്കൊണ്ട് ചായ ഒരുതരത്തില്‍ കുടിച്ചോപ്പിച്ചു..
8 മണിയായി .. വെള്ളം വരുന്നതിന്റെ ഒരു ലക്ഷണം പോലും ഇല്ല.. CTO യെ വിളിച്ചു കാര്യം പറയാം എന്നിട്ട് ഹാഫ് ഡേ ലീവ് എടുക്കാമെന്ന് കരുതി..
ഇന്ന് മീറ്റിംഗില്‍ ക്ലൈന്റ്സ് കൂടി ഉണ്ടാകും ..എന്താനെങ്ങിലും 9 നു തന്നെ എത്തണം എന്ന്…ഇത് പുള്ളി മനപൂര്‍വം ചെയ്തതാ…. പലപ്പോഴും ശനിയാഴ്ച ജോലിക്ക് വരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറയുന്നതിന് ….
ആ അങ്ങേരുടെ കമ്പനിയായിപ്പോയി അല്ലെങ്കില്‍ കാണായിരുന്നു ….
ഈ കാത്തിരിപ്പില്‍ ഉച്ചഭക്ഷണം എടുത്ത് വെക്കാനും മറന്നു…
ഉം .. … എന്താണെങ്കിലും ഒരു ബോട്ടില്‍ വെള്ളം ഉണ്ട് ..ഇതുകൊണ്ട് കുളിയും ജപവും കഴിക്കാം..
ഒരു ഗതികേട് നോക്കണേ.. പാലിനേക്കാള്‍ കൂടുതല്‍ വിലക്ക് വാങ്ങി വെച്ചിരിക്കുന്ന കുടിവെള്ളത്തില്‍ കുളിക്കേണ്ടിവരുന്നത് ….
കുളി കഴിഞ്ഞ് തിരക്കിട്ട് ഓഫീസില്‍ എത്തിയപ്പോള്‍ 9.30 ..മീറ്റിംഗ് നു എല്ലാവരും തയ്യാര്‍ ആയി ഇരിക്കുന്നു ..
ഞാന്‍ തിരിക്കിട്ട് കയറി വരുന്നത് കണ്ടപ്പോഴെ CTO യുടെ മുഖത്ത് എനിക്കൊരു പണി തന്നതിന്റെ സന്തോഷം തെളിഞ്ഞുവരുന്നത് ഞാന്‍ കണ്ടു…
സാധാരണ ഓഫീസില്‍ എത്തിയിട്ടാണ് പ്രഭാത ഭക്ഷണം കഴിക്കുന്നത്..
ഇന്ന് നേരേ മീട്ടിങ്ങിലേക്ക് കയറിയകൊണ്ട് അത് മുടങ്ങി… കഴിഞ്ഞതിനുശേഷം എന്തെങ്കിലും ഓര്‍ഡര്‍ ചെയ്തു കഴിക്കാമെന്ന് കരുതി…
ഞാന്‍ ഒന്നും കഴിച്ചിട്ടില്ലെന്നു ആരോ ചോര്‍ത്തി കൊടുത്തിട്ടുണ്ട്… അല്ലെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് തീര്‍ക്കാറുള്ള മീറ്റിംഗ് ദേ 11.30 ആയിട്ടും തീര്‍ന്നിട്ടില്ല…
ഇനി ഇപ്പോള്‍ പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും ഒരുമിച്ച് അല്പം നേരത്തെ കഴിച്ചു കളയാം എന്നാക്കി പ്ലാന്‍…
എന്റെ പ്ലാന്‍ മാത്രം ഉണ്ട്… ഇവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേ ഇരിക്കുന്നു… ഇത് അങ്ങനെ വേണം …അത് ഇങ്ങനെ വേണം…
ഞാന്‍ എല്ലാം ഇപ്പോ ശരിയാക്കി തരാം എന്ന് പറഞ്ഞു കൊണ്ടിരുന്നു…
പഞ്ചസാര ഇടാത്ത ഒരു ചായ … അത് എപ്പോഴേ ആവിയായി… വിശന്നിട്ട് കണ്ണ് കാണാന്‍ വയ്യ… ആര്‍ക്കറിയാം ഇതൊക്കെ ചെയ്തു കൊടുക്കാന്‍ പറ്റുമോ എന്ന്…
ആദ്യം ഈ മീറ്റിംഗ് ഒന്ന് തീര്‍ത്തിട്ട് അതിനേക്കുറിച്ച് ചിന്തിക്കാം… ഈ ഒരു ചാണ് വയറിന്റെ വിശപ്പകറ്റാന്‍ ആണല്ലോ നമ്മള് ഈ പെടാപാട് പെടുന്നത്….
എന്തിനു ഏറെ പറയുന്നു മീറ്റിംഗ് തീര്‍ന്നപ്പോള്‍ 2.30 ..
ഫുഡ് ഓര്‍ഡര്‍ പോലും ചെയ്തിട്ടില്ല..
എല്ലാവരും കഴിച്ചു കഴിഞ്ഞു… ഞാന്‍ സ്ഥിരം ഓര്‍ഡര്‍ ചെയ്യാറുള്ള കോലം ഹോട്ടലില്‍ വിളിച്ചു ഊണ് പറഞ്ഞപ്പോള്‍ … അവിടെ ഊണ് ഇല്ല…
ചപ്പാത്തിയും കറിയും ഉണ്ടെന്… അതെങ്കില്‍ അത്… വിശന്നിരിക്കുമ്പോള്‍ ഒണക്ക ചപ്പാത്തി കഴിക്കാന്‍ എന്ത് രസമാണെന്നോ…
ഇന്ന് ഞാന്‍ ഇടത്തൂടെ ആണോ അതോ വലതൂടെ ആണോ എഴുന്നേറ്റത് .. വശത്തിന്റെ ആകാന്‍ വഴിയില്ല…കണ്ണാടിയില്‍ ആകും നോക്കിയത്…
നല്ല കണി….
പകുതി ദിവസത്തില്‍ കൂടുതല്‍ മീറ്റിങ്ങില്‍ പോയതിനാല്‍ ഇന്നേക്ക് തീരുമാനിച്ച അത്യാവശ്യ കാര്യങ്ങള്‍ പലതും തിരക്കിട്ടാണ് ചെയ്തു തീര്‍ത്തത്..
മാതൃഭൂമി.. മനോരമ .. ബ്ലോഗുകള്‍.. ഒന്നും വായിച്ചിട്ടില്ല… ആ… ഇന്നത്തെ പത്രം നാളെ വായിക്കാം…
അങ്ങനെ ഇന്നത്തെ ഗുസ്തി അവസാനിപ്പിച്ചു ഓഫീസില്‍ നിന്നിറങ്ങി… വീട്ടിലേക്കുള്ള യാത്ര…
വീട്ടില്‍ ചെല്ലുമ്പോള്‍ വെള്ളം ഉണ്ടാകുമോ ആവോ… വന്നിട്ടുണ്ടാകും.. എന്നെ രാവിലെ ബുദ്ധിമുട്ടിക്കുക എന്നൊരു വാശിയേ അതിനു കാണുകയുള്ളൂ…
ഇതൊക്കെ ചിന്തിച്ചു വണ്ടി ഓടിക്കുന്നതിനിടയില്‍ ആണ് വണ്ടിയില്‍ പെട്രോള്‍ ഇല്ലാത്തതിന്റെ ലൈറ്റ് മിന്നി മിന്നി കത്തുന്നത് കണ്ടത്…
രാവിലെ വരുന്ന വഴിയില്‍ അടിക്കാമെന്ന് ചിന്തിച്ചിരുന്നതാണ് .. രാവിലത്തെ ആഘോഷങ്ങളില്‍ പങ്കെടുത്തകൊണ്ട് അതിനു പറ്റിയില്ല…
ദൈവമേ… ഇന്നത്തെ ദിവസത്തിന്റെ ഒരു കിടപ്പുവശം നോക്കിയാല്‍ …ഇത് വഴിയില്‍ കിടക്കും… പോലീസ്സ് വരും 500 Dhs ഫൈനും തരും …
മൂന്ന് നാല് കിലോ മി. കഴിഞ്ഞാല്‍ പെട്രോള്‍ പമ്പ് ഉണ്ട് എങ്ങിലും അവിടെ വരെ എത്താന്‍ ടൈം എടുക്കും നല്ല ട്രാഫിക് ഉണ്ട്…ഞാന്‍ എ.സി ഓഫ് ചെയ്തു… വൈകുന്നേരം ആണെങ്കിലും നല്ല ചൂടുണ്ട് .. വിയര്‍ത്തും തുടങ്ങി…
ഒരു വിധത്തില്‍ പമ്പില്‍ എത്തി… ഹോ സമാധാനമായി… പെട്രോള്‍ അടിച്ചു ..
റൂമില്‍ എത്തി.. വെള്ളവും ഉണ്ട്… എത്ര സുന്ദരമായ ദിവസം അല്ലേ ?? …
ഇങ്ങനെ, ചില ദിവസങ്ങള്‍ ചിലപ്പോള്‍ നരക തുല്യം ആകാറുണ്ട്…
അല്ലെങ്കിലും ഏദന്‍ തോട്ടത്തില്‍ നിന്ന് പറുദീസയിലേക്ക് അല്ലല്ലോ …അനുഭവിപ്പിക്കാനായി ഈ ഭൂമിയിലേക്കല്ലേ ഇറക്കി വിട്ടത്…
എന്തിന്, ഹവ്വാ യെ പറഞ്ഞാ മതിയല്ലോ… ആ ഒരേയൊരു മരത്തിന്റെ പഴം കഴിക്കരുതെന്ന ഒറ്റ തടസ്സമല്ലേ ദൈവം പറഞ്ഞുള്ളൂ…
ഒരു അല്ലലും ഇല്ലാതെ കണ്ണില്‍ കണ്ടത് എന്തും തിന്നും ആസ്വദിച്ചും നടക്കാമായിരുന്നില്ലേ … ജോലിക്ക് പോകണ്ട.. തുണി അലക്കണ്ട .. എന്തിനു കാറില്‍ പെട്രോള്‍ പോലും അടിക്കണ്ടായിരുന്നു…
ആ പഴം തിന്നു ദൈവത്തെക്കാള്‍ വലിയവര്‍ ആകാനുള്ള അത്യാര്‍ത്തി അല്ലെ… അനുഭവിക്ക് …. ഇനീം അനുഭവിക്ക് …
വാല്‍ക്കഷണം :
എല്ലാ ഫെമിനിസ്റ്റുകളോടും മാപ്പ് ….