പരോപകാരി…..

വീട്ടിലേക്ക്‌ വിളിയ്ക്കാനുണ്ട്‌ നിങ്ങള്‍ ഫാത്തിമയില്‍ പോയി റൂമിലേക്ക്‌ വേണ്ട സാധനങ്ങള്‍ വാങ്ങി വാ…

ഇങ്ങനെ പറഞ്ഞു പോയ മനോജ്‌, ഞങ്ങള്‍ തിരിച്ച്‌ വന്നപ്പോള്‍ ഒരു പൊലീസുകാരനോട്‌ English -ല്‍

വാതോരാതെ പ്രസംഗിക്കുന്നത്‌ കേട്ട്‌ അല്‍പം ഭീതിയോടെയാണു ഞാനും ഇക്കാക്കയും ഓടിയെത്തിയത്‌………

ഞങ്ങളെ കണ്ട ഭാവം പോലും കാണിക്കാതെ മനോജ്‌ എന്തൊക്കെയോ പറയുന്നു…

പൊലീസുകാരന്‍ അറബിയില്‍ വളരെ ദേഷ്യത്തില്‍ തിരിച്ചും ….

ഒന്നും മനസ്സിലാകാതെ ഞങ്ങളും…

അല്‍പം കഴിഞ്ഞപ്പോള്‍ കാര്യം മനസ്സിലായി…

മനോജ്‌ പറയുന്നത്‌ പൊലീസുകാരനും .. പൊലീസുകാരന്‍ പറയുന്നത്‌ മനോജിനും മനസ്സിലാകുന്നില്ലെന്നു…

അവണ്റ്റെ കയ്യില്‍ ഒരു ചില്ലു കുപ്പി ഇരിക്കുന്നുണ്ട്‌…

ഇതാണു വിഷയം എന്നു അവരുടെ ഭാവത്തില്‍ നിന്നു ഊഹിച്ചെടുത്തു….

അറബി അല്ലാതെ മറ്റൊരു വാക്കും പൊലീസുകാരന്‍ പറയുന്നുമില്ലാ…

എന്താണെങ്കിലും അതില്‍ ആവശ്യത്തില്‍ അധികം ചീത്തകള്‍ ഉണ്ടെന്നു ആ പറച്ചിലില്‍ തന്നെ അറിയാം…

എന്തോ ഒരു ഇടവേളയ്ക്ക്‌ എന്ന പോലെ പൊലീസുകാരനു ഫോണ്‍ വന്നു…

അയാള്‍ വളരെ പെട്ടെന്നു ഇവനോടു എന്തോ വീണ്ടും പറഞ്ഞ്‌ ബൈക്കില്‍ പോവുകയും ചെയ്തു….

കാര്യം എന്തെന്നു മനൊജിനോടു തിരക്കി…..

“ഞാന്‍ G.M.C ഹോസ്പിറ്റലിനു മുന്നിലൂടെ വന്നപ്പൊള്‍ റോഡില്‍ ഒരു കുപ്പി കിടക്കുന്നു…വണ്ടികയറുബോള്‍ കുപ്പി   പൊട്ടും..കുപ്പിച്ചില്ലുകള്‍ വഴിയാത്രാക്കരുടെ ദേഹത്തും തെറിക്കുമല്ലോ എന്നുകരുതി  ആ കുപ്പി ഞാന്‍ റോഡില്‍ നിന്നെടുത്ത്‌ അപ്പുറത്തേക്ക്‌ മാറ്റിയിട്ടൂ… ”

ഈ പൊലീസുകാരന്‍ അതേ കണ്ടുള്ളൂ…ഞാന്‍ ആണു കുപ്പി അലക്ഷ്യമായി ഇട്ടതെന്നു കരുതി അയാള്‍ എന്നോടു വന്നിട്ട്‌ അറബിയില്‍ എന്തൊക്കെയോ പറഞ്ഞു..

ഞാന്‍ ‘ഇത്‌’ അവിടെ നിന്നെടുത്‌ ‘ഇവിടെക്ക്‌’ മാറ്റിയിട്ടതേയുള്ളൂ എന്ന് അറിയാവുന്ന ഭാഷ യില്‍ എല്ലാം പറഞ്ഞു നോക്കി…..

പക്ഷേ പൊലീസുകാരനു മനസ്സിലാകണ്ടേ ….

ഇത്‌ ഏതോ കാട്ടറബിയാ … ”

ചിരി അടക്കിയാണെങ്കിലും മനോജിണ്റ്റെ ദു:ഖത്തില്‍ ഞങ്ങളും പങ്കു ചേറ്‍ന്നു….

പൊലീസുകാരനു എന്തോ അത്യാവശ്യം വന്നതു കൊണ്ട്‌ ഒട്ടകബിരിയാണി തിന്നാതെ അവന്‍ രക്ഷപെട്ടു….

റൂമിലേയ്ക്കുള്ള വഴിയില്‍ കുപ്പി waste bin -ല്‍ തന്നെ നിക്ഷേപിക്കാനും മനോജ്‌ മറന്നില്ല ……

©Lajeev Kalappattil

.Thank you for reading malayalam blogs Kalappadan

 

 

ദു:ഖ വെള്ളി….

പതിവിലും വ്യത്യസ്തമായ ഒരു വെള്ളിയാഴ്ച്ച..

സാധാരണ ഞാന്‍ 11 നും 11.30 നും ഇടയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തിലാണു ഉണരുന്നത്‌…

അന്നു ഞാന്‍ 8.30 നു ഉണര്‍ന്നു… എന്തോ ഉറങ്ങാന്‍ തോന്നിയില്ല…

പ്രഭാത കര്‍മ്മങ്ങള്‍ക്ക്‌ ശേഷം ഒരു കപ്പ്‌ ചായയുമായി ഞാന്‍ കമ്പ്യൂട്ടറിനു മുന്നില്‍..

പത്രത്താളുകള്‍ മറച്ചു…. വിരസമായ വാര്‍ത്തകള്‍…. പിന്നെ email .. social network…

Facebook ല്‍ എത്തിയപ്പോള്‍ വളരെ കൌതുകമായ ഒരു ചിത്രം കണ്ടു..

മലയാള സിനിമയ്ക്ക്‌ വ്യത്യസ്തമായ ഒരു ശൈലി സമ്മാനിച്ചു മറഞ്ഞ വേണു നാഗവള്ളിയുടെ ചരമ വാറ്‍ത്തയില്‍

DNA INDIA എന്ന പത്രം ജഗതി ശ്രീകുമാറിണ്റ്റെ ചിത്രം വെച്ച്‌ പ്രസിദ്ധീകരിച്ചിരിക്കുന്നു…..

ചിത്രത്തിണ്റ്റെ കൌതുകവും… വിരസമായ വെള്ളിയാഴ്ചയും എന്നെ ഈ വാറ്‍ത്ത സുഹ്രുത്തുക്കളെ കൂടി അറിയിക്കണം എന്ന ഒരു തീരുമാനത്തില്‍ എത്തിച്ചു…

അതുകൊണ്ട്‌ ഞാന്‍ Facebook ല്‍ അപരിചിതന്‍ upload ചെയ്ത ആ ചിത്രം mail ല്‍ attach ചെയ്ത്‌ മലയാളത്തില്‍ തന്നെ സ്വ.ലേ എന്നു subject ഉം കൊടുത്ത്‌ forward ചെയ്തു…

രസകരങ്ങളായ മറുപടികളും കിട്ടി….

അടുത്ത ദിവസം രാവിലെ office ല്‍ എത്തി ഇമെയില്‍ നോക്കിയപ്പൊള്‍ കാണുന്നത്‌ സുനീഷ്‌ എന്ന സുഹ്രുത്തിണ്റ്റെ “സ്വ. ലേ” ഇമെയിലിണ്റ്റെ യഥാര്‍ത്ഥ ഉറവിടം തേടിക്കോണ്ടുള്ള ഒരു മെയില്‍..

“എനിക്ക്‌ എണ്റ്റെ ഒരു സുഹ്രുതു വഴി ഈ മെയില്‍ കിട്ടി… ഞാന്‍ ഇത്‌ DNA INDIA ക്ക്‌ അയച്ചു കൊടുത്തു.. അവര്‍ Reply ചെയ്ത മെയിലില്‍.. നിങ്ങള്‍ അയച്ച മെയില്‍ fake ആണു … ‘ആരോ ഞങ്ങള്‍ക്കെതിരെ മനപൂര്‍വം ഉണ്ടാക്കി അയച്ച മെയില്‍ ആണു.. ഇതിണ്റ്റെ യഥാര്‍ത്ഥ ഉറവിടം പറഞ്ഞില്ലെങ്ങില്‍ നിങ്ങളുടെ പേരില്‍ കേസ്‌ കൊടുക്കും’ … അതുകൊണ്ട്‌ ലെജിയ്ക്ക്‌ ആരാണു ഇത്‌ forward ചെയ്തതെന്ന് വ്യക്തമാക്കുക ഇല്ലെങ്ങില്‍ ഞാന്‍ കുടുങ്ങും”

കൂടെ DNA INDIA പത്രത്തില്‍ വന്ന വാര്‍ത്തയുടെ ചിത്രവും..അതില്‍ വേണു നാഗവള്ളി്‌ തന്നെ…

എനിക്ക്‌ Facebook നിന്നു ലഭിച്ചതാണു … അതില്‍ ആരോ upload ചെതിരുന്നത്‌ ഞാന്‍ മെയില്‍ ആക്കി നിങ്ങള്‍ക്കയച്ചതാണെന്നും ഞാന്‍ reply കൊടുത്തു.

എണ്റ്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞാന്‍ Facebook ല്‍ പോയി link എടുത്ത്‌ അയയ്ക്കാന്‍ നോക്കിയപ്പൊള്‍ …

അവിടെ നിന്നും ആ Photo delete ചെയ്തിരിക്കുന്നു…

ഇത്‌ കണ്ടതും എണ്റ്റെ മനസ്സിലേയ്ക്ക്‌…പിണറായിയും അദ്ദേഹത്തിണ്റ്റെ വീടെന്നു കാണിച്ച്‌ പ്രചരിച്ച ഒരു കള്ള ഇമെയില്‍ ഉം … പിന്നീടു Dubai യില്‍ നിന്ന് അതയച്ച ആളെ എന്തൊ അത്യാവശ്യം പറഞ്ഞു നാട്ടിലേക്ക്‌ വിളിപ്പിച്ച്‌ arrest ചെയ്തതും…

എല്ലാം ഒരു വെള്ളിടി പോലെ കടന്നു പോയി….

ഇനി എന്ത്‌ എന്നു തിരിച്ചറിയാന്‍ പറ്റാത്ത ഒരു അവസ്ഥ..

എങ്ങിലും ഞാന്‍ ഫേസ്‌ ബൂകിലെ ഫ്രണ്ട്‌സ്‌ ണ്റ്റെ ഭിത്തികള്‍ കയറി ഇറങ്ങി..

എനിക്ക്‌ മാറിപ്പോയതാണോ…

ഞാന്‍ ഉദ്ദേശിച്ചിരുന്ന ആളുതന്നെ അല്ലെ അത്‌ upload ചെയ്തിരുന്നത്‌…

എവിടെയും ആ ഇമേജ്‌ കണ്ടെത്താന്‍ സാധിച്ചില്ല..

ഒന്നേ ഉള്ളൂ രക്ഷ ഒരു അറബി പെണ്ണിണ്റ്റെ കയ്യും കാലും പിടിച്ച്‌ അവളെ കെട്ടുക.. എന്ത്‌ വന്നലും നാട്ടിലേെക്ക്‌ പോകാതിരിക്കുക….

ഇങ്ങനെ ചിന്തകള്‍ പലതായി….

ഞാന്‍ അന്നു ആ ഇമേജ്‌ കമ്പ്യൂട്ടറിലെക്ക്‌ കോപ്പി ചെയ്യാതെ ഫേസ്‌ ബുക്ക്‌ ല്‍ നിന്നും നേരിട്ട്‌ മെയിലില്‍ attach ചെയ്യുകയാണു ഉണ്ടായത്‌ ..

അതുകൊണ്ട്‌ ആ ഇമേജ്‌ ണ്റ്റെ URL അറിയാന്‍ സാധിക്കണം…

അങ്ങനെ അയച്ച മെയില്‍ പരിശോധിച്ചപ്പോള്‍ Facebook ണ്റ്റെ Secure server തന്നെ…

ശ്വാസം അല്‍പം നേരെ ആയി….

എങ്ങിലും അത്‌ upload ചെയ്ത വ്യക്തിയുടെ വിവരങ്ങള്‍ കണ്ടെത്തണമെങ്ങില്‍ എത്രയോ കടംബകള്‍ ഇനിയും കടക്കണം…

Officil ആണെങ്കില്‍ പിടിപ്പത്‌ പണിയും ഉണ്ട്‌…

ഇതിനൊരു പരിഹാരം കണ്ടെത്തുകയും വേണം…

അതിനു മുന്‍പേ സുനിഷ്‌ നു DNA സ്റ്റാഫ്‌ അയച്ച മെയിലില്‍ എന്തെങ്ങിലും സത്യം ഉണ്ടോ എന്നറിയാന്‍ അവരുടെ web site ലെ archive പരിശോൊധിക്കാന്‍ തന്നെ തീരുമാനിച്ചു…

അവറ്‍ക്കാണെങ്ങില്‍ 5 edition കളും ഉണ്ട്‌…

ഇതില്‍ എത്‌ ദിവസം…എത്‌ edition ല്‍ ആണു ഈ വാറ്‍ത്ത വന്നതെന്നു ഒരു പിടിയും ഇല്ല…

കണ്ടെത്തേണ്ടത്‌ എണ്റ്റെ ഉത്തരവാദിത്വം ആയതിനാല്‍ ഞാന്‍ ഓരോ edition ണ്റ്റെയും താളുകള്‍ മറച്ചു..

വാറ്‍ത്ത കണ്ടെത്തി..

അതില്‍ വേണു നാഗവള്ളി തന്നെ പ്രസന്നവദനനായി ഇരിക്കുന്നു…

ഓരൊ Edition കഴിയും തോറും എണ്റ്റെ Tension ഉം കൂടി കൂടി വന്നു..

എല്ലാത്തിലും വേണു നാഗവള്ളി തന്നെ…

ദിലീപ്‌ സാര്‍ എത്തേണ്ട സമയവും ആയിരിക്കുന്നു….

വേഗത്തില്‍ ഒരോ താളുകളും മറച്ചു…

അങ്ങനെ ഒടുവില്‍ ബാംഗ്ളൂറ്‍ Edition ണ്റ്റെ 10 അം പേജ്‌…

അതില്‍ വേണു നാഗവള്ളിയ്ക്ക്‌ പകരം നമ്മുടെ ജഗതി ഇതാ തല ഒരു വശത്തേക്ക്‌ തിരിച്ച്‌ ചിരിച്ചിരിക്കുന്നു…..

ഇത്‌ കണ്ടതും ഞാന്‍.. ഞാനായി..

സുനിഷ്‌ നു മെയില്‍ അയച്ച ആ DNA സ്റ്റാഫും അറിഞ്ഞിരിക്കില്ല ഇവര്‍ക്ക്‌ ഇങ്ങനെ ഒരു അബദ്ധം പറ്റിയിട്ടുണ്ടെന്നു…

ഉടന്‍ സുനിഷ്‌ നു Reply കൊടുത്തു Link ഉം Screen shot ഉം സഹിതം…

ഇമെയില്‍ അയച്ച DNA INDIA യിലെ പക്ഷി ശാസ്ത്രജ്ഞനെ കണ്ടാല്‍ ഒരു 10 cent. സ്ഥലം എഴുതി കൊടുക്കണേ എന്നോരു അടി കുറിപ്പും…..

വാല്‍ക്കഷ്ണം….

വേലി ചാടിയ പശുവിനു കോലു കൊണ്ടു മരണം…

©Lajeev Kalappattil

Thank you for reading malayalam blogs Kalappadan

ഞാന്‍ എന്തു പിഴച്ചു….

വേനല്‍ക്കാലമായാല്‍ വീട്ടിലെ കിണര്‍ പണിമുടക്കിലാണു.

യൂണിയന്‍ ഒന്നും ഇല്ലെങ്കിലും പണിമുടക്കില്‍ തൊട്ടടുത്ത കിണറുകളും പങ്കുചേരും.

മണിയണ്റ്റെ കിണര്‍ ആയിരുന്നു അവിടങ്ങളിലെ ഏക പ്രതിപക്ഷം.

കുടിവെള്ളത്തിനായി അപ്പോള്‍ ആ കിണറായിരുന്നു ആശ്രയം. ഇതര ആവശ്യങ്ങള്‍ക്ക്‌ സര്‍ക്കാര്‍ വക പൊതു പൈപ്പും (ഇടക്കിടെ ‘കാറ്റ്‌’ മാത്രം ആണെങ്കിലും).

വീട്ടില്‍ മമ്മിയെ സഹായിക്കാന്‍ പെണ്‍ മക്കള്‍ ഇല്ലാത്തതിനാല്‍ (ഇക്കാലത്തെ പെണ്‍ കുട്ടികളുടെ കാര്യം എന്തോ എനിക്കറിയില്ല :P ) ആ സഹായം ചെയ്തിരുന്നത്‌ ഇളയ മകനായ ഞാന്‍ ആയിരുന്നു.

ഇടക്കിടെ പോയി പലഹാരങ്ങള്‍ എടുത്താല്‍ വഴക്കും അടിയും കിട്ടും, എന്നാല്‍ മമ്മിയെ സഹായിക്കുന്നതിനിടയിലാകുബൊള്‍ മമ്മി കണ്ണടക്കുമെന്നുള്ള ദുരുദ്ദേശം അല്ലായിരുന്നോ എന്ന്‌ ചോദിക്കരുത്‌ (എന്താണെങ്കിലെന്താ ഇന്ന്‌ അതുകൊണ്ട്‌ ചാണ്ടി ഒക്കെ വായ്ക്ക്‌ രുചിയുള്ള ഭക്ഷണം കഴിക്കുന്നില്ലെ??)

അങ്ങനെ ഒരു വേനല്‍ക്കാലം ആഗതമായി…

പതിവുപോലെ കിണറുകളുടെ പണിമുടക്കും.

വൈകുന്നേരങ്ങളില്‍ മമ്മിക്കും ദീപചേച്ചിക്കും ഒപ്പം ഞാനും കുഞ്ഞിക്കുടവുമായി (മൂനാം ക്ളാസ്സില്‍ പഠിക്കുന്ന ചെക്കന്‍ കുഞ്ഞി കുടമൊക്കെ എടുത്താമതി..ഹോ..) മണിയണ്റ്റെ വീട്ടിലേക്ക്‌ വെള്ളം കോരാന്‍ പോകും.

ആ കിണറിനോട്‌ ചേര്‍ന്ന്‌ ഒരു ചെങ്കല്ല്‌ വെട്ടുന്ന മട ഉണ്ടായിരുന്നു. മണിയണ്റ്റെ അച്ഛന്‍ രാഘവേട്ടനും നാരായണേട്ടനും ഒക്കെ കല്ലു വെട്ടുന്നത്‌ അവിടെയാണു.

വെട്ടിയ കല്ലിനെ ചെത്തി മിനുസ്സപ്പെടുത്തുന്നത്‌ കാണാന്‍ നല്ല രസമാണു.

അവര്‍ വെള്ളം കോരുന്ന സമയത്ത്‌ ഞാന്‍ ഇത്‌ മടയുടെ മുകളില്‍ ഇരുന്ന്‌ കാണും.

വെള്ളം നിറച്ചുകഴിഞ്ഞാല്‍ കുഞ്ഞിക്കുടവുമായി ഞാന്‍ വീട്ടിലേക്ക്‌ ഓടും.

വീട്ടില്‍ എത്തുബോഴേക്കും വെള്ളം പകുതി തീര്‍ന്നിരിക്കും. വീണ്ടും ഓടിവരും, കല്ലുവെട്ടുന്നത്‌ കാണാന്‍. 

ഒരിക്കല്‍, അങ്ങനെ കല്ലുവെട്ട്‌ മടയുടെ മുകളില്‍ നിന്ന്‌ ആസ്വദിച്ച്‌ കണ്ടുകൊണ്ടിരുന്ന എന്നോട്‌ ഞാന്‍ താഴെക്ക്‌ വീഴുമെന്ന പേടിയില്‍ നാരായണേട്ടന്‍ മാറി നില്‍ക്കാന്‍ പറഞ്ഞു.
 
അത്‌ കേട്ട ഭാവം നടിക്കാതെ മുഴുവന്‍ ശ്രദ്ധയും ചെത്തുന്ന കല്ലില്‍ നല്‍കി ഞാന്‍ നിന്നു.
 

 

അങ്ങനെ ആസ്വദിച്ച്‌ കണ്ടുകൊണ്ടിരിക്കെ ഞാന്‍ ചവിട്ടി നിന്ന ഒരു സോപ്പ്‌ പെട്ടിയോളം വലുപ്പമുള്ള കല്ല്‌ അടര്‍ന്ന്‌ നാരായണേട്ടണ്റ്റെ തലയില്‍ വീണു.

 

 
തല പൊട്ടി ചോര വരുന്നത്‌ കണ്ടപ്പോഴെ കുടം നിറയാനൊന്നും നില്‍ക്കതെ ഞാന്‍ വീട്ടിലേക്ക്‌ ഓടി.
 
എണ്റ്റെ ഓട്ടം കണ്ട മറ്റുള്ളവരുടെ ധാരണ ‘മാറി നില്‍ക്കാന്‍’ പറഞ്ഞ നാരായണേട്ടനോടുള്ള ദേഷ്യത്തിനു തലയിലേക്ക്‌ കല്ലെറിഞ്ഞ്‌ ഓടിയതാണെന്നാണു.
 

 

പുറകെ വന്ന മമ്മി എണ്റ്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം പോലും തരാതെ അച്ചാലും മുച്ചാലും അടി തുടങ്ങിയിരുന്നു.

കാലം ഏറെ കഴിഞ്ഞും നാരായണേട്ടന്‍ എന്നെ കാണുബോള്‍ തലയിലെ ആ പാടില്‍ കൈ വെക്കുമായിരുന്നു….

ഒരു പുഞ്ചിരിയോടെ……

©Lajeev Kalappattil

 Thank you for reading malayalam blogs Kalappadan

വീട്ടിലെ പൂച്ച….

വീട്ടിലെ പൂച്ചയും ഞാനും അത്ര രസത്തിലല്ല…

വീട്ടില്‍ വളര്‍ത്തുന്നതല്ലെങ്ങിലും ഒരു മൂന്നു പൂച്ച എങ്ങിലും കാണും എപ്പോഴും…

മച്ചിന്‍ മുകളില്‍ ആണു ഇതിണ്റ്റെ എല്ലം സഹവാസം…

ഞാന്‍ നാടു കടത്തിയിട്ടും തിരിച്ച്‌ വന്നതോ,

എന്നെ പേടിച്ച്‌ പ്രസവം അടുത്ത വീട്ടില്‍ ആക്കിയതോ ആണു ഇന്നു വിലസി നടക്കുന്ന ഇവറ്റകള്‍ എല്ലാം… പാലു തട്ടി മരിക്കുംബോള്‍ മാത്രമേ മമ്മിക്ക്‌ പൂച്ചകളോടു ദേഷ്യം തോന്നൂ.

അല്ലാത്തപ്പോള്‍ ചോറും കറിയുമായി പുറകെ നടന്നോളും…

ചുരുക്കി പറഞ്ഞാല്‍ ഞാന്‍ ആണു അവറ്റകളുടെ ആജന്‍മ ശത്രു..

അങ്ങനെയിരിക്കെയാണു ഞാന്‍ ഉറങ്ങി കിടന്നപ്പോള്‍ എതോ കണ്ടന്‍ പൂച്ചയും ആയി അടി കൂടി ഒരുവള്‍ എണ്റ്റെ മുകളിലേക്ക്‌ വീണത്‌…

പേടിച്ച്‌ വിറച്ച്‌ എഴുന്നേറ്റ ഞാന്‍ അന്ന് ഉറങ്ങിയതേ ഇല്ലാ…

പിന്നീട്‌ ഞാനും പൂച്ചയും തമ്മില്‍ ഉള്ള അകലം കൂടി കൂടി വന്നു…

കയ്യില്‍ കിട്ടുന്ന എന്തിലും ഞാന്‍ പൂച്ചയില്‍ ഉന്നം പിടിക്കാന്‍ തുടങ്ങി…

അങ്ങനെ ഒരിക്കല്‍ സ്കൂള്‍ വിട്ടു വന്നപ്പോള്‍ ഞാന്‍ കാണുന്ന കാഴ്ച മീന്‍ വ്രുത്തിയാക്കുന്ന മമ്മിക്ക്‌ മുന്നില്‍ protection കൊടുക്കുന്ന ആ ബ്ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ പൂച്ചയെയാണു…

കഴിഞ്ഞ ദിവസത്തെ കല്ലേറില്‍ നിന്ന് തലനാരിഴക്ക്‌ രക്ഷപെട്ടതിണ്റ്റെ നേരിയ പേടി പോലും അവള്‍ക്ക്‌ എന്നെ കണ്ടപ്പോള്‍ തോന്നിയില്ലാ…

അതെങ്ങനാ ശ്രദ്ധ മുഴുവന്‍ മീനില്‍ അല്ലെ..

ഇത്‌ എന്നിലെ കൊലപാതകിയെ ഉണര്‍ത്തി…

ഇവനെ ഇന്നു തട്ടിയെക്കാം എന്നായി എണ്റ്റെ ചിന്ത… എങ്ങനെ തട്ടണം എന്നും…

ഒടുവില്‍ ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി…

ചാകുംബൊള്‍ എന്തെങ്ങിലും കഴിച്ച്‌ തന്നെ ചാകട്ടെ അവള്‍…

അങ്ങനെ മമ്മി അറിയാതെ ഞാന്‍ ഒരു മീന്‍ തലയില്‍ പച്ചക്കറിക്ക്‌ ഇടാന്‍ വെച്ചിരുന്ന furadan ചേര്‍ത്ത്‌ പൂച്ചക്കിട്ട്‌ കൊടുത്തു….

മണ്ടന്‍ പൂച്ച സ്നേഹത്തോടെ കോടുത്തതാണെന്നു കരുതി കൊലച്ചോര്‍ ( മീന്‍ തല) ഇരുന്ന ഇരുപ്പില്‍ അകത്താക്കി….

അല്‍പം കഴിഞ്ഞതും അവന്‍ പതിയെ തല ഇട്ട്‌ ആട്ടാന്‍ തുടങ്ങി..

പിന്നെ ചാരായം കുടിച്ച കുട്ടപ്പായിയെ പോലെ കറങ്ങി നടന്നു…വീഴുന്നു..

ഇതെല്ലാം ഒരു ജേതാവിണ്റ്റെ ആവേശത്തില്‍ കണ്ടു നിന്ന എന്നെ ഞെട്ടിച്ച്‌…

കറങ്ങി വീണ പൂച്ച അതാ Boun vitta കുടിച്ച ആവേശത്തില്‍ മുറ്റത്തിനു തലങ്ങും വിലങ്ങും ഒോടുന്നു…

ഒടുവില്‍ ഒോട്ടം മതിയാക്കി ഒന്നും സംഭവിക്കാത്ത മട്ടില്‍ പതിയെ മീന്‍ വെട്ടുന്ന മമ്മിക്ക്‌ അരികിലേക്ക്‌…

എണ്റ്റെ ശ്രമങ്ങളെല്ലാം വെറുതെ ആയെന്നാലോചിച്ച്‌ നില്‍ക്കുംബൊള്‍ അവള്‍ അതാ മമ്മി അറിയാതെ ഒരു മീനും എടുത്ത്‌ ഒോടുന്നു….

അങ്ങനെ ഞാന്‍ കാരണം അവള്‍ക്കന്ന് Bourn vitta ഇട്ട മീന്‍ തലയും കിട്ടി.. മീനും കിട്ടി…

ഇന്നും അവളുടെ പിന്‍ തലമുറക്കാര്‍ വീട്ടില്‍ നിര്‍ഭയം വിലസുന്നു….

Thank you for reading malayalam blogs Kalappadan

പാവം പൂവൻ കോഴി ……

ദീപ ചേച്ചിയുടെ ‘അലര്‍ച്ച’ കേട്ടാണു ഞാന്‍ ഉണര്‍ന്നത്‌…
പണ്ടേ ‘ഉറക്കത്തിണ്റ്റെ അസുഖം’ ഉള്ളതിനാല്‍ ഞാന്‍ വൈകിയാണു ഉണരാറുള്ളത്‌.

വെളുപ്പാന്‍ കാലം മുതലുള്ള ‘എഴുനേല്‍ക്കടാ..’ എന്ന മമ്മി യുടെ വിളിയില്‍ ഞാന്‍ താളം കണ്ടെത്തി കിടക്കും, അടി കിട്ടുന്നതുവരെ….

ദീപ ചേച്ചിയെ പരിചയപ്പെടാം… എണ്റ്റെ അഛണ്റ്റെയും അമ്മയുടെയും മൂത്ത മകള്‍.. ഇളയത്‌ ദിലീപ്  ചേട്ടായിയും …

തെറ്റിദ്ധരിക്കേണ്ട .. ചെറുപ്പം മുതല്‍ അവര്‍ ‘അച്ഛൻ ’,‘അമ്മ’ എന്നു വിളിക്കുന്നതു കേട്ടുവളര്‍ന്നതിനാല്‍ ഞാനും അവരെ അങ്ങനെ തന്നെ വിളിച്ചു….

പപ്പയും മമ്മിയും കൂടാതെ എനിക്കുള്ള അച്ഛനും അമ്മയും….

അവര്‍തന്നെയാണു എണ്റ്റെ ഏറ്റവും അടുത്ത അയല്‍പക്കവും…. ഒരു ‘വിളിപ്പാടകലെ’ എന്നു പറയുംപോലെ …

ആ അമ്മയോടോപ്പം ഉത്സവങ്ങള്‍ക്കും വഴിപാടുകള്‍ക്കുമെല്ലാം  അമ്പലങ്ങളില്‍  പോകാറുണ്ട്‌…

ചോറ്റാനിക്കര അമ്പലത്തില്‍  ഉത്സവത്തിനു പോയപ്പോള്‍ അമ്മ ഒരു ‘പ്രിസം’ (വളപ്പോട്ടുകള്‍ നിറച്ച്‌ അകാശത്തില്‍ നക്ഷത്രങ്ങളെ കാണുന്ന പോലെ രസിപ്പിക്കുന്ന ഒരു സാധനം , പേരു ഞാന്‍ മറന്നു) വാങ്ങിത്തന്നു.

തൊഴുത്  കഴിഞ്ഞിറങ്ങിയപ്പോള്‍ ഓഡിറ്റോറിയത്തിലെ ശബ്ദം കേട്ട്‌ അവിടേക്ക്‌ പോകാം എന്നു ഞാന്‍ നിര്‍ബന്ധിച്ചു.

‘ചാക്യാര്‍ കൂത്താണു,ഒന്നിനും കൊള്ളില്ല, നമുക്ക്‌ വീട്ടിലേക്ക്‌ പോകാം’എന്ന്‌ അമ്മ പറഞ്ഞിട്ടും ഞാന്‍ അവിടേക്ക് തന്നെ നടന്നു… പുറകെ അമ്മയും.

പുറകില്‍ ഇരുന്ന അമ്മയൊടു ചോദിച്ച്‌ ഞാന്‍ മുന്‍ നിരയിലേക്ക്‌ നടന്നു ചെന്നപ്പോള്‍ ചാക്യാര്‍

‘ദേ, ഒരു കോശവന്‍ നടന്നുവരുന്നു, വഴി മാറിക്കേ.. ‘

എന്നു പറഞ്ഞപ്പോള്‍ എനിക്ക്‌ മനസ്സിലായി ഈ ചാക്യാര്‍കൂത്ത്‌ ഒന്നിനും കൊള്ളില്ല എന്ന്‌.

പിറ്റേദിവസം  സ്കൂളില്‍ ‘പ്രിസം’ കാണിച്ച്‌ ഗമ കാണിച്ചപ്പോഴും ചാക്യാര്‍കൂത്തിണ്റ്റെ കാര്യം ഞാന്‍ മിണ്ടിയില്ല.

എന്നെ സ്കൂളിലേക്ക്‌ കൊണ്ടുപോകുന്നതും തിരിച്ച്‌ കോണ്ടുവരുന്നതും ദീപചേച്ചിയായിരുന്നു.

പ്രായത്തില്‍ ആറുവയസ്സിനു മൂത്തതാണെങ്കിലും  എണ്റ്റെ കയ്യിലിരുപ്പുകോണ്ടും ചേച്ചിയുടെ കയ്യില്‍ ഞാന്‍ ഇരിക്കാത്തതുകൊണ്ടും വഴക്കിടാത്ത ദിവസങ്ങള്‍ കുറവായിരുന്നു.

എന്തൊക്കെയാണെങ്കിലും ചേച്ചിക്ക്‌ ഞാനും എനിക്ക്‌ ചേച്ചിയും പ്രീയപ്പെട്ടവരായിരുന്നു 

ദീപ ചേച്ചിക്ക്‌ കുറെ കോഴികള്‍ ഉണ്ട്‌, പൂവനായിട്ടും പിടയായിട്ടും…

ചേച്ചിയേക്കാള്‍ ജീവനായി അതിനെ വളര്‍ത്തുന്നു.

എന്നാല്‍ എണ്റ്റെ ഏറുകിട്ടാത്ത ഒരു കോഴിയും അതിലില്ല ..

ഞങ്ങളുടെ വീടുകള്‍ ക്കിടയിലെ ‘തോണ്ട്‌’ (ഇടവഴി) ചാടികിടക്കുന്ന കോഴിയെ, നിലത്ത്‌ തൊടുന്നതിനു മുന്‍പെ കല്ലെറിഞ്ഞ്‌ തിരികെ അയക്കുക എന്നത്‌ എനിക്ക്‌ ഭയങ്കര ഇഷ്ടമുള്ള ‘പരിപാടി’ ആയിരുന്നു.

അങ്ങനെ ഇന്നലെ വൈകുന്നേരം ഞാന്‍ ഒരു പൂവനെ എറിഞ്ഞിരുന്നു. ആ പൂവന്‍ രാവിലെ തൊണ്ടില്‍ ‘ഇഹലോകവാസം’ വെടിഞ്ഞ്‌ കിടക്കുന്നത്‌ കണ്ടതിണ്റ്റെ അലര്‍ച്ചയായിരുന്നു ഇന്നെന്നെ ഉണര്‍ത്തിയത്‌.

ഉറക്കത്തില്‍ നിന്ന്‌ മോചിതനായിട്ടില്ലെങ്ങിലും ഞാന്‍ അപ്പുറത്തെ പറമ്പും കഴിഞ്ഞിരുന്നു…..

സംരക്ഷിക്കേണ്ടവർ തന്നെ സംഹാരകര്‍ ആയപ്പോള്‍ കുറെ നല്ല ഓര്‍മ്മകള്‍ ബാക്കിയാക്കി ആ ചേച്ചിയും യാത്രയായി….

Thank you for reading malayalam blogs Kalappadan

 

പാവം സിനിമ ..

സോജു, അവന്‍ 7-)o ക്ളാസ്സിലാണു പഠിക്കുന്നത്‌…

പഠിക്കുന്നതെന്നു പറയുന്നത്‌ അവണ്റ്റെ വീട്ടുകാരോ ക്ളാസ്സ്‌ ടീച്ചറോ കേട്ടാല്‍ എന്നെയും വായിക്കുന്ന നിങ്ങളെയും ഓടിച്ചിട്ടടിക്കും …

അതുകൊണ്ട്‌ ഞാന്‍, അവന്‍ ഏഴിലാണെന്നേ   പറയൂ…..

ഇതൊക്കെയാണെങ്കിലും മറ്റുകാര്യങ്ങള്‍ക്കെല്ലാം ആളു മിടുക്കനാണ് ….

വൈകുന്നേരങ്ങളില്‍ ക്ളബ്ബില്‍ ഞങ്ങള്‍ എന്നും ഒത്തുകൂടാറുണ്ട്‌….

നാട്ടു വര്‍ത്തമാനം പറഞ്ഞും.. തമാശകള്‍ പറഞ്ഞും നേരം കളയും…..

ഇടയ്ക്ക്‌ സോജുവും വരും…എത്ര വൈകിയാലും അവന്‍ വീട്ടിലേക്ക്‌ പോകില്ല….

“സോജു …ഒരു പേപ്പര്‍ എടുത്ത്‌ പേരോന്നെഴുതിക്കെ….” എന്നു പറഞ്ഞാല്‍ ഉടന്‍ അവന്‍ വീട്ടില്‍ എത്തും….

വീടിനടുത്ത്‌ ഒരാള്‍ സിനിമ സി.ഡി. ഷോപ്പില്‍ നിന്നെടുത്താല്‍ അടുത്തുള്ള വീടുകളില്‍ കയറിയിറങ്ങാതെ അത്‌ തിരിച്ച്‌ ഷോപ്പില്‍ എത്താറില്ല..

അങ്ങനെ…… ഞാന്‍ എടുത്ത ഒരു സി.ഡിയുടെ കവറില്‍ നംബര്‍ തെറ്റിച്ചാണ് എഴുതിയിരുന്നത്‌..

ഒന്നാമത്തെ സി.ഡിയില്‍ രണ്ടെന്നും…രണ്ടാമത്തെതില്‍ ഒന്നെന്നും….

ഈ സിനിമ ഞാന്‍ കണ്ടതിനുശേഷം സോജുവിനും  കൊടുത്തു…

പിറ്റെ ദിവസം സി.ഡി തിരിച്ചേല്‍പ്പിക്കാന്‍ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു…

” എങ്ങനെയുണ്ട്  സോജു സിനിമ ???”

മോശമല്ലാത്ത സിനിമ ആയിരുന്നിട്ടും അവന്‍ പറഞ്ഞു..

“എനിക്കെങ്ങും ഇഷ്ടപ്പെട്ടില്ല ചേട്ടായി… അതില്‍ പകുതി കഴിഞ്ഞാ … എഴുതി കാണിക്കുന്നതുതന്നെ…..” !!!

Thank you for reading malayalam blogs Kalappadan

 

ആശാനും പാപ്പനും

ഈ അക്ഷരങ്ങള്‍ എന്നെ പഠിപ്പിച്ച ആശാനാണു കുഞ്ചു ആശാന്‍…

ശരീരംകൊണ്ട് കുറിയതാണെങ്കിലും അടിക്കോന്നും ഒരു കുറവുമില്ലാ…

‘കളരിയില്‍’ ആരെ അടിച്ചില്ലെങ്കിലും എനിക്ക്‌ ഒരെണ്ണം തന്നില്ലെങ്കില്‍ ആശാനൊരു സമാധാനവും ഇല്ലാത്ത പോലാണു അടിയുടെ വരവ്‌.

അതെങ്ങനാ പഠിപ്പിച്ച്‌ വിടുന്നത്‌ വള്ളി പുള്ളി തെറ്റാതെ പഠിച്ചോണ്ടുവരുവല്ലേ  റോബിനും റെബിനും.

‘ഓലപിടുത്തം ‘ കഴിഞ്ഞപ്പോള്‍ ഏറ്റവും സന്തോഷിച്ചത്‌ ഞാനാകും….

ഇനി ആശാണ്റ്റെ അടി കൊള്ളേണ്ടതില്ലല്ലോ??

വീടിനടുത്തൂടെ പോകുബോള്‍ വീട്ടില്‍കയറി വിശേഷങ്ങൾ  തിരക്കുക ആശാനൊരു പതിവായിരുന്നു.

ആശാനെ പ്രത്യേകം ബഹുമാനിക്കണം എന്നാണു മമ്മി പറഞ്ഞുതന്നിരിക്കുന്നത്‌.

ആയതിനാല്‍ ആദരവോടെ തന്നായിരുന്നു എണ്റ്റെയും പെരുമാറ്റം.

അടി കിട്ടിയാലെന്താ വേറെ ഏത്‌ വിഷയത്തിനു ഞാന്‍ തോറ്റാലും ‘മലയാളം’ ജയിക്കുമായിരുന്നു.

പപ്പക്ക്‌ ഏറെ ഇഷ്ടപ്പെട്ടതായിരുന്നു ‘കാജാ ബീഡി’;

കളിച്ചുകോണ്ടിരിക്കുബോള്‍ ബീഡി വാങ്ങിക്കാന്‍ പറഞ്ഞു വിടുബോള്‍ ബീഡി കണ്ടുപിടിച്ചവനെ ‘വെടി വെച്ച്‌’ കൊല്ലണമെന്ന്‌ തോന്നിയിട്ടുണ്ട്‌.

പിന്നെ ചില്ലറക്ക്‌ മിഠായി വാങ്ങിക്കാമല്ലൊ എന്നൊര്‍ത്ത്‌ ‘കൊല്ലാതെ’ വിടും.

അങ്ങനെ ഒരിക്കല്‍ ബീഡി വാങ്ങിക്കാന്‍ പോയ ഞാന്‍, കടയില്‍ വെച്ച്‌ ആശാനേയും കണ്ടുമുട്ടി.

ആശാനും കൂറ്റാലി പാപ്പനും എന്തോ ‘വലിയ വലിയ’ കാര്യങ്ങള്‍ ചര്‍ച്ചയിലാണു.

ആശാന്‍ പറഞ്ഞതെന്തോ തെറ്റാണെന്ന്‌ പറഞ്ഞ്‌ ചിരിച്ച കൂറ്റാലിപാപ്പനെ നോക്കി ഞാന്‍ കുഞ്ഞമ്മണി സാര്‍ ഈണത്തില്‍ ചൊല്ലി പഠിപ്പിച്ച ‘ ആശാനക്ഷരം ഒന്നു പിഴച്ചാല്‍ അന്‍പതൊന്നു പിഴക്കും ശിക്ഷ്യനു’ എന്ന രണ്ടു വരി അങ്ങു ചൊല്ലി. 

ഇവനെ ഞാന്‍ പഠിപ്പിച്ചതാ, മിഠുക്കനാ…” എന്നു ആശാന്‍ പറഞ്ഞപ്പോള്‍ വലിയ ഗമക്ക്‌ തന്നെ ബീഡിയും മിഠായിയും വാങ്ങിച്ച്‌ പോന്നു.

കൂറ്റാലി പാപ്പന്‍ വീട്ടിലേക്കുള്ള യാത്രയില്‍ മമ്മിയോട്‌ ഈ കാര്യം പറയാനും മറന്നില്ല.

മമ്മിയുടെ വിളികേട്ടപ്പൊഴെ എന്തൊ പന്തിയല്ലെന്നു മനസ്സിലായി…

എങ്കിലും ഓടിച്ചെന്ന എന്നെകാത്ത്‌ ആശാണ്റ്റെ വീടുവരെയുള്ള അടിയുടെ ഒരു ‘ഘോഷയാത്ര’ തന്നായിരുന്നു.

വാല്‍ക്കഷ്ണം : കുഞ്ചന്‍ നബ്യാര്‍ക്കൊക്കെ എന്തും പറയാം.. ഞാന്‍ അതൊന്നു ആശാനോടു പറഞ്ഞതാ പ്രശ്നമായെ…. പഠി ച്ചതോന്നും അങ്ങനെ വിളിച്ച്‌ പറയാന്‍ പാടില്ലെന്നേ……

©Lajeev Kalappattil

പ്രതീക്ഷ…..

വൈകുന്നേരങ്ങളിലെ കളികള്‍ ഒഴിവാക്കിയാണു പ്രാക്ടിക്കലിനു പോകേണ്ടിയിരുന്നത്‌….

കഷ്ടകാലം അല്ലതെ എന്തുപറയാന്‍….ആദ്യം ക്രിക്കറ്റും പിന്നീടു ഫുട്ബോളും കളിച്ച്‌ വൈകുന്നേരങ്ങള്‍ ധന്യമാക്കാറുള്ള എണ്റ്റെ ബാച്ചിനുതന്നെ കിട്ടി ഈവനിംങ്ങ്‌ ലാബ്‌…

ഈ സമയം നിഷ്ചയിച്ച സാറുണ്ടോ അറിയുന്നു എണ്റ്റെ ‘അവസ്ഥ’..

ഇണ്റ്റര്‍നെറ്റ്‌ നെ കുറിച്ച്‌ ആധികാരികമായി പഠിക്കുകയാണു ലാബില്‍; സാര്‍ ഒരല്‍പം കണിശ്ശക്കാരനായതിനാല്‍ പഠനേതര വിഷയങ്ങളിലേക്ക്‌ പോകാന്‍ സമ്മതിക്കുകയെയില്ല….

അങ്ങനെയിരിക്കെ കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ ‘ സുഹ്രുത്ത്‌ ‘ സാര്‍ ആയി വന്നു. ആ സാറിനെ തന്നെ ഈവനിംങ്ങ്‌ ലാബ്‌ ഏല്‍പിച്ചത്‌ ‘ വൈദ്യന്‍ കല്‍പിച്ച പാലു പോലെ ‘ ആയി.

അതിലും ആ ‘സുഹ്രുത്ത്‌’ വ്യത്യസ്തനായി. ഞങ്ങളെ ആരെയെങ്കിലും കീ എല്‍പിച്ച്‌ ‘ കുഴപ്പങ്ങള്‍ ഉണ്ടാക്കി എനിക്ക്‌ പണിയാക്കരുത്‌’ എന്ന്‌ പറഞ്ഞ്‌ സാറുമുങ്ങും. അതില്‍ പിന്നെ എനിക്ക്‌ മൈതാനത്തിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചു.

‘റെക്കോഡ്‌ വെക്കാതെ ഹാജര്‍ തരില്ലാ’ എന്നാണു സാറന്‍മാരുടെ പക്ഷം.

എനിക്കാണെങ്കില്‍ പണ്ടെ ഇഷടമല്ലാത്ത ജോലിയും.

ഇടക്ക്‌ ഓരൊ ഐസ്‌ ക്രീം മേടിച്ച്‌ കോടുത്താല്‍ ‘നേവ’ ഒന്നല്ല ഒന്‍പത്‌ റെക്കോഡ്‌ എഴുതിത്തരും എന്നതാകാം എന്നെ ആ ജോലിയില്‍ മടിയനാക്കിയത്‌.

റെക്കോഡ്‌ എഴുതാന്‍ കൊടുത്താലോ, ‘ടാ..നാളെ തരണമെങ്കില്‍ മസ്സാല ദോശ മേടിച്ച്‌ തരണം ‘ എന്നു ഡയലോഗ്‌ കേള്‍ക്കുംബൊള്‍ ഒരെണ്ണം കൊടുത്താലോ എന്നുതോന്നും. പക്ഷെ ഞാന്‍ മസ്സാല ദോശ മേടിച്ച്കൊടുത്ത്‌ കാര്യം നടത്തും. ‘ഞാന്‍ ആരാ മോന്‍ന്‍ന്‍…..’

വൈകുന്നേരത്തെ കളിക്ക്‌ ശേഷം ലാബില്‍ പോയാല്‍ അവിടെ വെച്ച്‌ നെവ യെകൊണ്ട്‌ എഴുതിപ്പിക്കാം എന്നുകരുതി ബുദ്ധിമുട്ടി ആണെങ്കിലും ഞാനും പോയി. അവള്‍ എഴുതുബോള്‍ ‘എള്ള്‌ ഉണങ്ങുബോള്‍ ആള്‍ ഉണങ്ങേണ്ടല്ലോ’ എന്നുകരുതി ഞാന്‍ ചാറ്റിങ്ങിനെ കുറിച്ച്‌ ആധികാരീകമായി പഠിക്കാന്‍ തുടങ്ങി.

സ്വന്തം ഐ.ഡി യില്‍ കയറി എ.എസ്സ്‌. എല്‍ പറയുബോള്‍ ‘ബൈ’ കേട്ടു മടുത്തതിനാല്‍ ഞാന്‍ പിന്നിട്‌ നേവ യുടെ ഐ.ഡി യില്‍ കയറാന്‍ തുടങ്ങി. അവള്‍ ആദ്യമൊക്കെ ചീത്ത പറഞ്ഞെങ്കിലും പിന്നിട്‌ മൌന സമ്മതം നല്‍കി.

അങ്ങനെ എതോ ചാറ്റ്‌ റൂമില്‍ നിന്നും ഒരു വിനോദിനെ പരിചയപ്പെട്ടു.

വിവരങ്ങള്‍ ആന്യേഷിച്ചപ്പോഴെ എനിക്ക്‌ മനസ്സിലായി അത്‌ ഞങ്ങളുടെ വിനോദ്‌ സാര്‍ ആണെന്ന്‌. അതിവിദക്തമായി  നേവയെ പ്ളസ്ടു കഴിഞ്ഞ്‌ റിസ്സള്‍ട്ട്‌ കാത്തിരിക്കുന്ന ഒരു പയ്യന്നൂരുകാരി ആക്കി.

ഈ വിവരം നെവ അറിഞ്ഞപ്പോള്‍ ‘ഫൈനല്‍ സെം. യില്‍ ലാബ്‌ പോകുമല്ലോ എന്നവള്‍ ഉറപ്പിച്ചു’.

എന്നാല്‍ പ്രജീഷും ആതിരയും ഇതിനെ രസ്സകരമായി കൊണ്ടുപോകാം എന്നു പറഞ്ഞ്‌ എന്നെ പ്രോത്സാഹിപ്പിച്ചു.

ആദ്യ ദിനത്തെ ചാറ്റിംഗ്‌ അവസാനിപ്പിച്ച്‌ പോകാന്‍ ഒരുങ്ങിയപ്പോള്‍ ‘ഒരു ഫ്രണ്ട്‌’ റിക്യസ്റ്റും, നാളെയും ഈ സമയത്ത്‌ കാണുമല്ലോ’ എന്ന ചോദ്യവും

ക്ളാസ്സില്‍ അല്‍പം മസ്സിലുപിടുത്തം ഒക്കെ ഉള്ള വിനോദ്‌ സാറിണ്റ്റെ തനി നിറം മനസ്സിലാക്കി തന്നു.

‘ഇല്ല, വീട്ടില്‍ ഭയങ്കര സ്ട്രിക്റ്റ്‌ ആയതിനാല്‍ വല്ലപ്പോഴുമേ വരാറുള്ളൂ… നോക്കാം… പറ്റിയാല്‍ നാളെ കാണാം..’ എന്ന് ഞാനും തട്ടി വിട്ടു. ആഡ്‌ ചെയ്യാനും ഞാന്‍ മറന്നില്ല.. !!!

റെക്കോഡ്‌ എഴുതിത്തന്നാലും ഞാന്‍ വൈകുന്നേരം ലാബിലെ സ്തിരാംഗമായി..

കൂടെയുള്ള കന്നട സുഹ്ര്‍ത്തുക്കള്‍ അറിയാതെ അതീവ രഹസ്യമായിതന്നെ ഞങ്ങള്‍ ഇത്‌ കൊണ്ടുപോയി.

അധികം താമസ്സിയാതെ തന്നെ നേവ യില്‍ വിനോദ്‌ സാറിനു ‘എന്തോ ഒരു ഇത്‌’ ഉള്ളതായി തോന്നി.

ഫോണ്‍ നംബര്‍ ചോദിച്ചപ്പോള്‍ വീട്ടിലേ നംബര്‍ മാത്രമേ ഉള്ളു എന്നു പറഞ്ഞോഴിഞ്ഞു. അങ്ങനെ കുറെ ദിവസങ്ങള്‍……

പിന്നീട്‌ വിനോദ്‌ സാറിണ്റ്റെ ക്ളാസ്സുകളില്‍ ചിരി അടക്കി ഇരുന്നത്‌ തന്നെ പഠനത്തോടുള്ള ‘ശ്രദ്ധ’ ഒന്നുകൊണ്ട്‌ മാത്രം ആണു. ‘

നിനക്ക്‌ തമാശ്ശ, സാര്‍ എങ്ങാനും ഇതറിഞ്ഞാല്‍ എല്ലാത്തിണ്റ്റെയും ലാബ്‌ പോക്കാ’ എന്ന്‌ ഒരൊരുത്തരും മാറി മാറി പറഞ്ഞ്‌ തുടങ്ങിയപ്പോള്‍ കുറെനാള്‍ നമുക്ക്‌ പണി തന്ന സാറിനോരു പണി കൊടുത്തിട്ട്‌ അവസ്സാനിപ്പിക്കാം എന്നു ഞാനും തീരുമാനിച്ചു.

അങ്ങനെ ഇരിക്കെ സാറിനു നേവ യുടെ ഫോട്ടോ കിട്ടിയേ മതിയെന്നായി.. ഇത്‌ തന്നെ അവസരം എന്ന്‌ കരുതിയ ഞാന്‍…

“അടുത്ത ഞായറാഴ്ച കാസര്‍ഗോഡ്‌ വരുന്നുണ്ട്‌ അന്ന്‌ പതിനോന്നുമണിക്ക്‌ ബസ്സ്‌ സ്റ്റാന്‍ഡില്‍ കണ്ടുമുട്ടാം,തിരിച്ചറിയുന്നതിനായി ചുവന്ന ഷര്‍ട്ടും ധരിക്കണം” എന്നു പറഞ്ഞു.

ഞങ്ങള്‍ കാസര്‍ഗോഡ്‌ ആയിരുന്നു പുതിയ മലയാളം സിനിമകള്‍ കാണാന്‍ പോയിക്കൊണ്ടിരുന്നത്‌.

അങ്ങനെ  ഞായറാഴ്ച്ച തന്നെ സിനിമക്ക്‌ പോയികളയാം എന്നു തീരുമാനിച്ചു.

അന്ന്‌ ഞങ്ങള്‍ പത്തെ മുക്കലോടെ ബസ്സ്‌ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍, ഞങ്ങളുടെ മുന്നില്‍ തന്നെ വിനോദ്‌ സാര്‍ ചുവന്ന ഷര്‍ട്ടും ധരിച്ച്‌ നില്‍ക്കുന്നുണ്ടായിരുന്നു.

ഞങ്ങളെ കണ്ടതും സാര്‍ ‘എന്തോ പോലെ’ ആയി. എങ്കിലും ‘നിങ്ങളെല്ലാവരും ഇതെങ്ങോട്ടാ..’ എന്നു ചോദിച്ച്‌ ഒപ്പിച്ചു.

സിനിമക്കാണെന്നു പറഞ്ഞപ്പോള്‍ ‘പതിനൊന്നരക്കല്ലെ സിനിമ?? വേഗം ചെന്നില്ലെങ്കില്‍ ടിക്കറ്റ്‌ കിട്ടാതെവരും’ എന്നുപറഞ്ഞ്‌ ഞങ്ങളെ പെട്ടെന്ന്‌ ഒഴിവാക്കാന്‍ ശ്രമം.

സാറിനെ അധികം വിയര്‍പ്പിക്കതെ ഞങ്ങളും സിനിമക്ക്‌ പോയി. എന്താണെങ്കിലും തിരിച്ച്‌ വന്നപ്പോള്‍ സാറി നെ കണ്ടില്ലാ……

പിന്നീട്‌ ഒരു വിധത്തില്‍ ആണു നേവക്ക്‌ പൂനെയില്‍ നഴ്സിംങ്ങിനു അഡ്മിഷന്‍ മേടിച്ച്‌ കോടുത്തത്‌…..
ആ നേവയെ ഇന്നും വിനോദ്‌ സാര്‍ പ്രതീക്ഷിക്കുന്നുണ്ടാകാം……

Thank you for reading malayalam blogs Kalappadan

1 2 3