അജിയുടെ കുഞ്ഞാവയും കെട്ടിയോളും എത്തി.. എന്നെ അവന്‍ ചവിട്ടി പുറത്താക്കി…
ഇപ്പോള്‍ താമസം ഓഫീസിനു അടുത്താണ്..
ഓഫീസും ഫ്ലാറ്റും തമ്മിലുള്ള ദൂരം കേവലം നാല് ബില്‍ഡിംഗ് മാത്രമായി കുറഞ്ഞപ്പോള്‍ എന്റെ ഉറക്കത്തിന്റെ നീളവും അതിനനുസരിച്ച് കൂടി …
ഇന്ന് നല്ല കിടിലന്‍ തണുപ്പ് .. ബ്ലാങ്കറ്റിനടിയില്‍ കിടന്നു ഉറങ്ങാന്‍ എന്തൊരു രസം…
ആ രസത്തില്‍ 7.30 നു ഉണര്‍ന്നിരുന്ന ഞാന്‍ ഇന്ന് ഉണര്‍ന്നപ്പോള്‍ 8 ആയി..
റോളയില്‍ താമസിച്ചുകൊണ്ടിരുന്നപ്പോള്‍ 8.30 നു ഓഫീസില്‍ എത്തിയിരുന്നു ..ഇപ്പോള്‍ അത് 9 നാണ് ..ഇന്നത് 9.30 ആകുമെന്നാതോന്നുന്നേ..
ധൃതിയില്‍ കുളി കഴിഞ്ഞു.. അപ്പോഴാണ് ഡ്രസ്സ് തേച്ചത് ഇല്ലല്ലോ എന്ന് ഓര്‍ത്തത് … അതും കഴിഞ്ഞപ്പോള്‍ സമയം 9 ഉം കഴിഞ്ഞു…
ഉച്ചഭക്ഷണം എന്നും കൊണ്ടുപോകാറുള്ളതാണ് .. ഇനി എടുക്കാന്‍ നിന്നാല്‍ വൈകും.. ഉച്ചയ്ക്ക് റൂമില്‍ വന്നു കഴിക്കാമെന്ന് കരുതി …
അങ്ങനെ ഉച്ചവരെ ഉള്ള അങ്കം കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ റൂമിലേക്ക് ഇറങ്ങിയപ്പോഴേ ഓരോരുത്തര്‍ പിറുപിറുത്തു തുടങ്ങി …
പതിവില്ലാത്ത പലതും തുടങ്ങിയിട്ടുണ്ട് നടക്കട്ടെ നടക്കട്ടെ എന്ന്….
നടന്നു ഞാന്‍ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ അവിടെ കറന്റ് ഇല്ല ..
ലിഫ്റ്റ് വര്‍ക്ക് ചെയ്യുന്നുമില്ല…
കുറച്ചു നേരം വെയിറ്റ് ചെയ്തു അപ്പോള്‍ വാച്ച്മാന്‍ പറഞ്ഞു .. 11 മണിക്ക് പോയതാ എപ്പോള്‍ വരുമെന്ന് അറിയില്ലായെന്ന് …
റൂമില്‍ ഭക്ഷണം വെച്ചിട്ടുണ്ട് അത് ഒഴിവാക്കി പുറത്ത് പോയി കഴിക്കാന്‍ ഒരു മടി..
കുറച്ചു നേരം കൂടി കാത്തു നിന്നു ..
ഇല്ല.. വരുന്നതിന്‍റെ ലക്ഷണങ്ങള്‍ ഒന്നുമില്ല…
ഞാന്‍ നടന്നു കയറിയാലോ എന്ന് ആലോചിച്ചു
സ്റെപ് നു അടുത്തേക്ക് നീങ്ങിയപ്പോള്‍ വാച്ച്മാന്‍ പറഞ്ഞു ..
നടന്നുകയറുക എളുപ്പമല്ലാട്ടോ എന്ന്…
പണ്ട് ഐവി ആന്റിയുടെ വീട്ടില്‍ അവധിക്ക് പോകുമ്പോള്‍ അവരുടെ മലയുടെ മുകളിലേക്ക് ഞാനും വാവ ചേട്ടായിയും കൂടി ഓട്ടമത്സരം കളിക്കും..
ആദ്യം എത്തിയാല്‍ മലമുകളിലെ ആഞ്ഞിലി മരത്തില്‍ ആദ്യം കയറാം.. ആഞ്ഞിലി പഴം ഏറ്റവും കൂടുതല്‍ ഉള്ള കൊമ്പില്‍ ഇരിക്കാം…
ആ പുല്ലോര്‍ മലയുടെ അത്രയൊന്നും ഇല്ലല്ലോ ഈ 20 നില കെട്ടിടം…
ഞാന്‍ പടികള്‍ കയറാന്‍ തന്നെ തീരുമാനിച്ചു…
ആദ്യ അഞ്ചു നില പാര്‍ക്കിഗ് ആണ്.. അത് കഴിഞ്ഞപ്പോഴേക്കും എന്റെ കാലുകള്‍ കുഴഞ്ഞു തുടങ്ങി…
ഇനി എങ്ങനെയാ തിരിച്ചിറങ്ങുക ..
അയാള്‍ പറയുന്നത് കേള്‍ക്കാതെ കയറി തുടങ്ങിയതല്ലേ…
ഓരോ ഫ്ലോര്‍ കഴിയുമ്പോഴും ഞാന്‍ വരാന്തയിലേക്ക് നോക്കും കറന്റ് വന്നോ എന്നും ലിഫ്റ്റ് വര്‍ക്ക് ചെയാന്‍ തുടങ്ങിയോ എന്നും… ഇല്ല വന്നിട്ടില്ല…
ഞാന്‍ പത്തു നില കഴിഞ്ഞപ്പോഴേക്കും ഇടക്കൊന്നിരുന്നു…
അത്രമേല്‍ ക്ഷീണിച്ചു…
ഇനി ഭക്ഷണം കഴിച്ചില്ലെങ്കിലും സാരമില്ല…
എങ്ങനെയും റൂമില്‍ എത്തിയാല്‍ മതി…
ഞാന്‍ വീണ്ടും നടന്നു തുടങ്ങി..അങ്ങനെ ഒരുകണക്കിന് പതിനഞ്ചാം നിലയില്‍ …
കെട്ടിടത്തിന്റെ ഇടത്തെ അറ്റത്തുള്ള ഫ്ലാറ്റാണ് ഞങ്ങളുടെത് ..
ഞാന്‍ വാതിലിനരികില്‍ എത്തി … എമര്‍ജന്‍സി വെളിച്ചത്തിലൂടെ താക്കോല്‍ പഴുത് കാണുന്നില്ല…
മൊബൈല്‍ ഓണ്‍ ചെയ്തു .. ആ വെളിച്ചത്തിലൂടെ താക്കോല്‍ ഇട്ടു.. പക്ഷെ തുറക്കുന്നില്ല…
അജുമല്‍ റൂമില്‍ ഉണ്ടാകും.. അപ്പുറത്ത് നിന്ന് താക്കോല്‍ ഇട്ടിരിക്കും എന്നുകരുതി അജുമല്നെ വിളിച്ചു..
വാതില്‍ തുറക്കെന്ന്‍ പറഞ്ഞപ്പോള്‍ …ഞാന്‍ ഡ്രൈവ് ചെയ്യുകയാണ് ..ഇവിടെ തുറക്കാന്‍ കാറിന്റെ ഡോര്‍ മാത്രമേ ഉള്ളൂ ….
എന്നാല്‍ ശരി ചിലപ്പോള്‍ പ്രജിത്ത് വന്നിട്ടുണ്ടാകും എന്ന് പറഞ്ഞപ്പോള്‍ നീ ഏതു ഫ്ലോറില്‍ ആണ് എന്ന് ഒന്നുകൂടി നോക്കിക്കേയെന്ന് …
ഞാന്‍ 1507 ന്റെ മുന്നിലാ…
കൊള്ളം എന്നാല്‍ നേരെ നാല് നില താഴേക്ക് ഇറങ്ങി 1107 ല്‍ പോയി തുറന്നു നോക്ക്.. വാതില്‍ തുറക്കും …
അപ്പോഴാണ് ഞാന്‍ നില്‍ക്കുന്നത് 15 -)൦ നിലയില്‍ ആണല്ലോ എന്ന് മനസ്സിലാക്കിയത് …
നേരത്തെ താമസിച്ച ഫ്ലാറ്റ് പതിനഞ്ചാം നിലയില്‍ ആയ ഓര്‍മ്മ വെച്ച് കയറിയതാ..
എന്റെ താക്കോല്‍ പ്രയോഗം കണ്ട് ഈ ഫ്ലാറ്റിലെ ആളുകള്‍ പോലീസിനെ വിളിക്കുന്നതിനുമുന്നെ പോയേക്കാം…
അങ്ങനെ വീണ്ടും നാല് നില താഴേക്കിറങ്ങി റൂമിന്റെ മുന്‍പില്‍ എത്തിയതും കറന്റ് വന്നു..
ലിഫ്റ്റും വര്‍ക്ക് ചെയ്യാനും തുടങ്ങി…
എന്റെ ബെസ്റ്റ് ടൈം അല്ലെ….
റൂമില്‍ കയറി ഞാന്‍ കട്ടിലില്‍ കിടന്നപ്പോഴേ തീരുമാനിച്ചു …
നാളെ സിക്ക് ലീവ് എന്ന്.
©Lajeev Kalappattil
Thank you for reading malayalam blogs Kalappadan